Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധം ശക്തം; മല കയറാനെത്തിയ ബിന്ദു മടങ്ങുന്നു

bindu-sabarimala

മുണ്ടക്കയം ∙ ശബരിമലയിലേക്ക് ദർശനത്തിനു പോകാനെത്തിയ ബിന്ദു മടങ്ങുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽനിന്ന് ബിന്ദുവിനെ പൊലീസ് ജീപ്പിൽ ഈരാറ്റുപേട്ടയിൽ എത്തിക്കും അവിടെനിന്നു ബസിൽ മടങ്ങാനാണു തീരുമാനം. ബിന്ദുവിനെതിരെ പ്രതിഷേധവുമായി മുണ്ടക്കയത്ത് ഹൈന്ദവ സംഘടനാ പ്രവർത്തകർ ഉപരോധം നടത്തുകയാണ്. ഇവരെ നീക്കം ചെയ്ത ശേഷമാണു ബിന്ദുവിനെ ഈരാറ്റുപേട്ടയ്ക്കു കൊണ്ടു പോയത്.

രാവിലെ എരുമേലി സ്റ്റേഷനിൽ എത്തിയ നെടുംകുന്നം മാണികുളം തൊട്ടിക്കല്‍ ബിന്ദു.ടി.വാസു (35) ശബരിമല ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുണ്ടക്കയം സ്റ്റേഷനിലേക്ക് ബിന്ദുവിനെ പൊലീസ് മാറ്റി. അവിടെ ബിജെപി പ്രവർത്തകർ ഉപരോധിക്കുകയും പൊലീസ് വാഹനം തടയുകയും ചെയ്തു. പ്രവർത്തകരെ നീക്കം ചെയ്ത ശേഷം പൊലീസ് വാഹനത്തിൽ ബിന്ദുവിനെ കണമലയിൽ എത്തിച്ചു കെഎസ്ആർടിസി ബസിൽ ഇവർ പമ്പയിലേക്കുപോയി. വട്ടപ്പാറയിൽ വച്ചു പ്രവർത്തകർ ബസ് തടഞ്ഞു. വീണ്ടും എരുമേലിയിലേക്കു മടങ്ങിയെങ്കിലും സുരക്ഷ  മുൻനിർത്തി മുണ്ടക്കയം സ്റ്റേഷനിലേക്കു മാറ്റി. ഇവിടെയും ബിജെപി പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് ബിന്ദു മടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് എഴുതി നൽകി.

അതേസമയം, ബിന്ദുവിന്റെ തൊട്ടിക്കലെ തറവാട്ടു വീട്ടുപടിക്കല്‍ ഹൈന്ദവ സംഘടനകൾ നടത്തിയ സമരം പിൻവലിച്ചു. ബിന്ദുവിന്റെ തറവാടാണ് ഇവിടെ. ബിന്ദുവിനെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കോഴിക്കോടാണ്. അവിടെ നിന്നാണ് ബിന്ദു ശബരിമല ദര്‍ശനത്തിന് പമ്പയില്‍ എത്തിയത്. ഇതു കണക്കിലെടുത്താണു സമരം പിൻവലിച്ചതെന്നാണ് അറിവ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ സുരക്ഷയൊരുക്കി പൊലീസും രംഗത്തുണ്ട്. 

ദര്‍ശനത്തിനായി പമ്പയില്‍ എത്തിയപ്പോള്‍ ജന്മനാട്ടിലെ മേല്‍വിലാസം നല്‍കിയതോടെയാണ് നെടുംകുന്നം തൊട്ടിക്കലെ വീടിനു മുന്നിൽ പ്രതിഷേധം രൂപപ്പെട്ടത്. പ്രായമായ പിതാവും മാതാവും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബമാണു വീട്ടിലുള്ളത്. വല്ലപ്പോഴും മാത്രമാണ് ബിന്ദു നാട്ടിലെത്തിയിരുന്നത്. കുറെ നാളുകളായി മാതാവും ബിന്ദുവിനൊപ്പമുണ്ടായിരുന്നു.