Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല നട ഇന്ന് അടയ്ക്കും; ദേവസ്വം ബോർഡ് അധികൃതർ മുഖ്യമന്ത്രിയെ കാണും

sabarimala

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ സ്ഥിതി റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ചു സർക്കാരിന്റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്നാണു മുൻപു കേസ് വാദിച്ച മനു അഭിഷേക് സിങ്‌വിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാമെന്നു ധാരണയായത്.

Read In English

മറ്റു ചില സുപ്രീം കോടതി അഭിഭാഷകരും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി. ഇന്നു യുഎഇയിൽനിന്നു മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടുകൂടി തേടിയശേഷം തുടർനടപടിയാകാമെന്ന് ഇതോടെ ബോർഡ് തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്തു തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കും. ബോർഡിന്റെ നിസ്സഹായതയും സമ്മർദവും പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാനായിരുന്നു കോടിയേരിയുടെയും നിർദേശമെന്നാണു സൂചന.

നട ഇന്ന് അടയ്ക്കും; ബിജെപി സമരം തുടരും

ശബരിമല നട ഇന്ന് അടയ്ക്കുമെങ്കിലും ബിജെപിയും സഹസംഘടനകളും സമരം തുടരും. 23 മുതൽ 30 വരെ പഞ്ചായത്തു തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും. അതേസമയം കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഓർഡിനൻസിനു തയാറാകുന്നില്ലെന്ന ചോദ്യം പാർട്ടി നേരിടുന്നുണ്ട്.

കേരളത്തിലെ തീർഥാടന കേന്ദ്രത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ എങ്ങനെ നിയമം സാധ്യമാകുമെന്ന മറുചോദ്യമാണു ബിജെപി നേതാക്കളുടേത്. സുപ്രീം കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ കേന്ദ്രം അഭിപ്രായം അറിയിക്കുമോയെന്ന ആകാംക്ഷയുമുണ്ട്; അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിധിയിൽ എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.