Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യോഗത്തിൽനിന്ന് ഉദ്യോഗസ്ഥര്‍ ഇറങ്ങിപോയതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: കടകംപള്ളി

Kadakampally-Surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ശബരിമലയുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍നിന്ന് കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ ഇറങ്ങിപോയതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ‘യോഗത്തിനു വന്ന ഉദ്യോഗസ്ഥരില്‍ രണ്ടു മൂന്നുപേര്‍ യോഗം തീരുന്നതിനു മുന്‍പ് ഇറങ്ങിപോയി. അതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കെഎസ്ആര്‍ടിസി പ്രശ്നം ചര്‍ച്ച ചെയ്തപ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അതു നല്ല രീതിയല്ല ’ - മന്ത്രി പറഞ്ഞു.

മതിയായ കാരണത്താലാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കാത്തതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി അതിനു ബന്ധമില്ല. തമിഴ്നാട്ടില്‍ ചില രാഷ്ട്രീയ മലക്കംമറിച്ചില്‍ നടന്നതിനാല്‍ തമിഴ്നാട് മന്ത്രി വന്നില്ല. കര്‍ണാടകയിലെ ദേവസ്വം മന്ത്രിയുടെ പ്രവര്‍ത്തന സ്ഥലത്ത് ഉപതിരഞ്ഞെടുപ്പാണ്. മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുമാണു തിരഞ്ഞെടുപ്പ്. തെലങ്കാനയില്‍ തിരഞ്ഞെടുപ്പു ചട്ടം പ്രാബല്യത്തില്‍ വന്നതിനാല്‍ മന്ത്രിക്ക് വരാനായില്ല. തെലങ്കാനയിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരാനിരുന്നെങ്കിലും ഇന്നാണ് അദ്ദേഹം ജോലിയില്‍നിന്ന് വിരമിച്ചത്.

പുതുചേരിയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നതിനാല്‍ അവിടെനിന്നുള്ള മന്ത്രിക്കും വരാനായില്ല. ആന്ധ്രയിലെ കടപ്പയില്‍ 1600 ബസുകളില്‍ ആളുകളെ പങ്കെടുപ്പിച്ചുള്ള റാലി നടക്കുകയാണ്. രാഷ്ട്രീയ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അവിടെനിന്നുള്ള മന്ത്രി വരുന്നില്ലെന്ന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ശബരിമല അവലോകന യോഗത്തില്‍ തമിഴ്നാട്ടില്‍നിന്നും പോണ്ടിച്ചേരിയില്‍നിന്നുമുള്ള മന്ത്രിമാരാണു പങ്കെടുത്തത്. ഉദ്യോഗസ്ഥരാണു പ്രധാനമായും യോഗത്തില്‍ വന്നത്. അടുത്ത തവണ മന്ത്രിമാരുടെ യോഗം വേണോ ഉദ്യോഗസ്ഥരുടെ യോഗം വേണോ എന്നു സര്‍ക്കാര്‍ ആലോചിക്കും. മന്ത്രിമാരുടെ യോഗമാണെങ്കില്‍ എന്തു കാരണമാണെങ്കിലും അവര്‍ പങ്കെടുക്കണം. വളരെപെട്ടെന്നു തീരുമാനിച്ച യോഗമായതിനാല്‍ പലര്‍ക്കും അസൗകര്യം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ അധിക ചാര്‍ജാണ് ഈടാക്കുന്നതെന്ന ആക്ഷേപം കര്‍ണാടകം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ കര്‍ണാടകയുടെ ബസ് ചാര്‍ജുമായി നോക്കുമ്പോള്‍ കേരളത്തിന്റെ ചാര്‍ജ് കുറവാണെന്നു മന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള വഴികളില്‍ എല്ലാ ഭാഷകളിലും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. സിംഗിള്‍ പോയിന്റില്‍ ബന്ധപ്പെട്ടാല്‍ എല്ലാ സൗകര്യവും ലഭിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.