Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎസ്പിയെ മാറ്റണമെന്ന മുന്നറിയിപ്പ് അവഗണിച്ചു; സിപിഎം പ്രാദേശിക നേതൃത്വത്തിനും പ്രിയങ്കരൻ

dysp-harikumar-behra

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ബി.ഹരികുമാറിനെ ഡിവൈഎസ്പി സ്ഥാനത്തുനിന്നു നീക്കണമെന്ന് ഇന്റലിജന്‍സ് മൂന്നു തവണ നല്‍കിയ മുന്നറിയിപ്പും ഡിജിപി ലോക്നാഥ് ബെഹ്റ അവഗണിച്ചു. ഹരികുമാറിന്റെ വഴിവിട്ട പോക്കിനെതിരെ ഇന്റലിജന്‍സ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡിജിപി ആവശ്യപ്പെട്ടിട്ടുമാണു റിപ്പോര്‍ട്ട് നല്‍കിയത്. 

ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോഴായിരുന്നു ഇന്റലിജന്‍സിന്റെ ഇടപെടല്‍. ആദ്യ റിപ്പോര്‍ട്ട് 2017 ജൂണ്‍ 22നാണ് നൽകിയത്. ഉള്ളടക്കം ഇങ്ങനെ –നെയ്യാറ്റിന്‍കരയില്‍ എസ്െഎ ആയിരുന്ന കാലം മുതല്‍ കൊടുങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ‌ ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം.

സംഘർഷം, പിരിമുറുക്കം; പ്രതിരോധത്തിൽ പൊലീസ്...

പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥലത്ത് അക്രമമുണ്ടാകും. ഡിവൈഎസ്പിയുടെ അവിഹിത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ചു വിഎസ്ഡിപി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രില്‍ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികള്‍ വ്യാപകമായതോടെ ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ നേരിട്ട് ഇന്റലിജന്‍സിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25ന് ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡിവൈഎസ്പി സ്ഥാനത്തുനിന്നു നീക്കണമെന്നുമായിരുന്നു. 

മാസം ഏഴു കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നു മാത്രമല്ല, ഭരണരംഗത്തുള്ളവര്‍ തന്നെ ഹരികുമാറിന്റെ വഴിവിട്ടപോക്കിനു ചൂട്ടുപിടിച്ചു. എം.വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിനുശേഷം സിപിഎം പ്രാദേശിക നേതൃത്വത്തിനും ഹരികുമാര്‍ പ്രിയപ്പെട്ടവനായി. ഒടുവിലതു നിരപരാധിയുടെ ജീവനെടുത്തു.