Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവം അശുദ്ധിയാണോയെന്നു തീരുമാനിക്കേണ്ടത് സ്ത്രീ: വൃന്ദ കാരാട്ട്

brinda-karat വൃന്ദ കാരാട്ട് – ഫയൽ ചിത്രം.

ന്യൂഡൽഹി ∙ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് തടസമാകും വിധമുള്ള അശുദ്ധി ആർത്തവ കാലത്തുണ്ടാകുമോ  എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമായിരിക്കണമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹി കേരളഹൗസിൽ പിആർഡി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

vrinda-karat-inagurates ഡൽഹി കേരളഹൗസിൽ പിആർഡി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു.

വിശ്വാസത്തിന്റെ ഭാഗമായി ആർത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകൾ ധാരാളമുണ്ട്. അവർക്ക് അങ്ങനെ ചിന്തിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാതിരിക്കാം. എന്നാൽ മറിച്ച് ചിന്തിക്കുന്നവരെ അശുദ്ധി ആരോപിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് പുരോഗതിയിലേക്ക് പോകുന്ന ഒരു സമൂഹത്തിന് ചേർന്നതല്ല. ആർത്തവം ഉണ്ടാകുന്ന പ്രായ പരിധിയിലുള്ള സ്ത്രീകളെ ആർത്തവം ഉണ്ടാകാനുള്ള സാധ്യതയുള്ളതു കൊണ്ട് അതില്ലാത്ത സമയത്തടക്കം വിലക്കുന്നത് തീർത്തും യുക്തിരഹിതമാണ്. ശബരിമല വിഷയത്തിൽ ഭരണഘടനയെ മുൻനിർത്തി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ അർഥവത്താണ്.

brinda-karat-speaks ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹി കേരളഹൗസിൽ പിആർഡി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ വൃന്ദാ കാരാട്ട് സംസാരിക്കുന്നു.

മുലക്കരം ചോദിച്ചെത്തിയവർക്ക് മുന്നിൽ സ്വന്തം മുല മുറിച്ചെറിഞ്ഞ നങ്ങേലിയെപ്പോലുള്ളവർ കേരളത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗമായുണ്ടെന്ന് നാം ഓർക്കണം. അനീതികൾക്കെതിരെ പൊരുതുമ്പോൾ ആ പാരമ്പര്യമാണ് നമ്മൾ മുറുകെപ്പിടിക്കേണ്ടത്. കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം ഉൾപ്പെടെയുള്ളവ രാജ്യത്തിനാകമാനം മാതൃകയാണ്. ജാതീയവും ലിംഗപരവുമായ അസമത്വം മറന്ന് മനുഷ്യരെ മനുഷ്യരായി കാണാൻ പ്രേരിപ്പിച്ചതാണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സാർവകാലിക പ്രസക്തിയെന്നും വൃന്ദ പറഞ്ഞു.

സ്ത്രീ പ്രവേശിച്ചാൽ ബ്രഹ്മചര്യം തകരുമെന്നത് അയ്യപ്പനോടുള്ള അവഹേളനം: ബിനോയ് വിശ്വം

സ്ത്രീയുടെ സാന്നിധ്യം കൊണ്ട് അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ബിനോയ് വിശ്വം എംപി പറഞ്ഞു. ലക്ഷം സ്ത്രീകളെ കണ്ടാലും തകരാത്ത ബ്രഹ്മചര്യമാണ് അയ്യപ്പനുള്ളതെന്ന് വിശ്വസിക്കുന്നതാണ് ഉത്തമം. സ്ത്രീകൾ പ്രവേശിച്ചതു കൊണ്ട് മാത്രം തകർന്നു വീഴുന്നതല്ല വിശ്വാസത്തിന്റെ ആകാശം. വിശ്വാസിയല്ലെങ്കിലും വിശ്വാസത്തെ ബഹുമാനിക്കുന്നയാൾ എന്ന നിലയ്ക്കാണ് ഇത് പറയുന്നത്. വൈക്കം സത്യാഗ്രഹം അടക്കമുള്ള സമരപാരമ്പര്യങ്ങളിലൂടെയാണ് കേരളം പുരോഗമനപരമായി മുന്നേറിയത്.

binoyviswom-speaking ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹി കേരളഹൗസിൽ പിആർഡി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ബിനോയ് വിശ്വം എംപി സംസാരിക്കുന്നു.

ക്ഷേത്രപ്രവേശന വിളംബരവും നിരന്തരമായ ജനകീയ പോരാട്ടങ്ങളുടെ ഫലമായി സംഭവിച്ചതാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വലിയ പ്രയാണം നാം നടത്തിയിട്ടുണ്ട്. ഇനി തിരിച്ച് ഇരുട്ടിലേക്ക് മടങ്ങരുത്. ഇരുട്ട് സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി വിശ്വാസികളായ ആണും പെണ്ണും ക്ഷേത്രത്തിൽ പോകട്ടെ. അത്തരം കാര്യങ്ങളിൽ സങ്കുചിത താൽപര്യങ്ങളോടെ ഇടപെടൽ നടത്തുന്നത് മതവിരുദ്ധമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ചരിത്രത്തോട് സംവദിക്കണം, ചോദ്യങ്ങൾ ചോദിക്കണം: വെങ്കിടേഷ് രാമകൃഷ്ണൻ

ചരിത്രത്തോട് നിരന്തരമായി സംവദിക്കുന്നതിലൂടെയും എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന മനസ് കൈവിടാതിരിക്കുന്നതിലൂടെയും മാത്രമേ പുരോഗതിയിലേക്കു പോകാൻ കഴിയൂവെന്നു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. നിരന്തരമായ പോരാട്ടങ്ങളുടെ പരിണതഫലമായാണ് ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്. അതിന് കാരണമായ വസ്തുതകളുടെ ബഹുമുഖ തലങ്ങളെക്കുറിച്ച് നിരന്തരം പഠിക്കേണ്ടത് ആവശ്യമാണ്. സാമൂഹ്യ ദ്രുവീകരണത്തിനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും ചെറുക്കാനും ഈ ചരിത്രബോധം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സഹിഷ്ണുത കൈവിടരുത്: ഓം ചേരി എൻ.എൻ. പിള്ള

സഹിഷ്ണുതയുടെ കുറവാണ് കേരളത്തിലെ പല പ്രശ്‌നങ്ങളിലും ഇന്ന് കാണുന്നതെന്ന് സമ്മേളനത്തിൽ സംസാരിച്ച നാടക കൃത്ത് ഓം ചേരി എൻ.എൻ. പിള്ള പറഞ്ഞു. കുട്ടിക്കാലത്ത് പശുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീയെ അയിത്തത്തിന്റെ പേരിൽ അകറ്റി നിർത്താൻ നിർദ്ദേശിച്ചവരെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കു വച്ചു. അന്ന് പുരോഗമനപരമായ ആശയങ്ങൾ പകർന്നു തന്നത് അമ്മയായിരുന്നു. നിഷ്ടൂരമായ മനുഷ്യബോധമാണ് ജാതീയതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നതെന്നും ഓംചേരി പറഞ്ഞു.

കേരളഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ, കൺട്രോളർ ജോർജ്ജ് മാത്യു, പിആർഡി ഡപ്യൂട്ടി ഡയറക്ടർ ഡോ.സി.വേണുഗോപാൽ, ഇൻഫർമേഷൻ ഓഫിസർ അരുൺ എസ്.എസ്. എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ.നിഷാ റാണിയും സംഘവും അവതരിപ്പിച്ച സോപാനസംഗീതം, അജികുമാർ മേടയിലിന്റെ സെമി ക്ലാസിക്കൽ മ്യൂസിക് എന്നിവ അവതരിപ്പിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ചരിത്രവും സമകാലീന സാഹചര്യവും സംബന്ധിച്ച് പിആർഡി നിർമ്മിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. 

കേരള ഹൗസിൽ ചരിത്ര പ്രദർശനം 14 വരെ

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് പിആർഡി ഒരുക്കുന്ന ഫോട്ടോ പ്രദർശനം 14 വരെ  കേരളഹൗസിൽ നടക്കും.