Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രക്ഷോഭത്തിന് പുറത്തുനിന്ന് ആളെത്തും; ഉത്തരവാദിത്തം തനിക്ക്: രാഹുല്‍ ഈശ്വര്‍

rahul-easwar രാഹുൽ ഈശ്വർ

കൊച്ചി∙ ശബരിമലയിൽ വിധി എതിരായാൽ ഒരു ദിവസം നേരത്തെ എത്തണമെന്ന് സംഘാംഗങ്ങളോട് ആവശ്യപ്പെട്ടതായി അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. ചിത്തിര ആട്ട തിരുന്നാളിന് മറ്റ് സംസ്ഥാനങ്ങളിലുള്ള ഭക്തരോടും എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് തമിഴ്നാട്ടിൽ നിന്നും ആന്ധ്രാ പ്രദേശിൽ നിന്നും ആളുകൾ എത്തിയിരുന്നു.

അടുത്ത ദിവസങ്ങളിൽ ശബരിമലയിൽ അനുകൂല നിലപാട് ഉണ്ടാകുന്നതു വരെ ജെല്ലിക്കെട്ട് മാതൃകയിലുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകും. അതിനായി എത്താൻ ശബരിമല, ആന്ധ്രാ പ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തി. താൻ അഭ്യർഥിച്ചതു പ്രകാരം തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്ന് അയ്യപ്പഭക്തർ ശബരിമലയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. കേരളത്തിനു പുറത്തുനിന്നു വരുന്ന അയ്യപ്പഭക്തർ പൊലീസിന്റെ നിർദേശങ്ങളൊന്നും അനുസരിക്കുന്നവരല്ല. അതാണ് അവരുടെ സവിശേഷത.

സുപ്രീം കോടതി വിധിക്കാര്യത്തിൽ തനിക്ക് ഇപ്പോൾ പ്രതീക്ഷ കുറവാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നില്ല. നിയമത്തിന്റെ വഴി ശോഭനമാകുന്നില്ല എന്നതിനാൽ അതല്ല ഇപ്പോൾ നോക്കുന്നത്, പകരം ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് കൊണ്ടുവരുന്നതിനാണ്. കേരള സർക്കാർ എതിരു നിൽക്കാതെ കേന്ദ്രം ഒരു ഓർഡിനൻസ് കൊണ്ടുവരണം. ക്യൂറേറ്റീവ് പെറ്റീഷൻ അടക്കമുള്ള നടപടികളുടെ പിന്നാലെ പോകുന്നതിനാണ് തീരുമാനം. ഇതിനായി മുതിർന്ന അഭിഭാഷകരെ കണ്ടു വച്ചിട്ടുണ്ട്. 

സുപ്രീം കോടതി വിധിയിൽ അനുകൂല നിലപാടില്ലെങ്കിലും പോരാട്ടത്തിൽ നിന്ന് പിൻമാറുന്നില്ല. എല്ലാ സംഘടനകളുടെയും നിലപാട് അതാണെന്നാണ് മനസിലാകുന്നത്. ഇതിന് നേരത്തെ മിതവാദം മാത്രം പറഞ്ഞിരുന്ന സാമുദായിക സംഘടനകളുടെ വരെ പിന്തുണയുണ്ട്. ശബരിമല യുവതി പ്രവേശനത്തിനെതിരെ ഭരണഘടന അനുവദിക്കുന്ന എല്ലാ മാർഗങ്ങളും സ്വീകരിക്കും. വിധി എതിരാണെങ്കിൽ നേരത്തെ എത്തുന്നതിന് ഭക്തരോട് ആവശ്യപ്പെടുന്നത് ചില തയാറെടുപ്പുകൾ നടത്താനാണ്. ശബരിമല ഒരു മതേതര ക്ഷേത്രമാണെന്ന സർക്കാർ നിലപാട് ശരിയല്ല. ഇങ്ങനെയാണ് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇത് ലെഫ്റ്റ് ലിബറൽ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നതിനുള്ള ചിലരുടെ താൽപര്യമാണുള്ളത്. ശബരിമലയിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കയറരുത് എന്നതു പോലെയുള്ള എതിർ വാദമാണ് ഇത്. 

ശബരിമലയിൽ മകര വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരൻമാർക്കാണെന്നതിൽ തർക്കമില്ല. ഇത് സ്ഥാപിച്ചു കിട്ടുന്നതിനായി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മലയരയൻമാരെ  പേടിപ്പിച്ചോ, പ്രലോഭിപ്പിച്ചോ സവർണ അവർണത്തർക്കമാക്കി മാറ്റാൻ വിദഗ്ധമായി മുഖ്യമന്ത്രി അടക്കമുള്ളവർ ശ്രമിക്കുന്നുണ്ട്. ആയിരം വർഷങ്ങളായി എല്ലാ ജാതിക്കാർക്കും അവകാശമുണ്ടായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ ഹിന്ദുക്കളിൽ ജാതീയമായ വിഘടിപ്പുണ്ടാക്കി ഈ സമരത്തെ തകർക്കാനാണ് സർക്കാരും മറ്റും ശ്രമിച്ചത്. ശബരിമല കേസിൽ ആദ്യം വാദിച്ച പലരും സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെടുത്തിയുള്ള വാദഗതിയിൽ തലവച്ചതാണ് അബദ്ധമായത്. ശബരിമല വിഷയത്തെ ആർത്തവവുമായി ബന്ധപ്പെടുത്തിയത് ഇരവാദം കളിക്കാനുള്ള തന്ത്രമായിരുന്നു – രാഹുൽ ഈശ്വർ പറഞ്ഞു.

രണ്ടാംഘട്ട വിശ്വാസ സംരക്ഷണ വേളയിൽ പൊലീസിന്റെ ഭാഗത്തുനിന്നു വിശ്വാസസംരക്ഷണത്തിന് അനുകൂലമായ സമീപനമാണ് ലഭിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച വിശ്വാസികൾക്കു ഭജനകളും പ്രാർഥനകളും സൗകര്യമൊരുക്കിയതു പൊലീസുകാർതന്നെയായിരുന്നു. തുലാമാസപൂജ വേളയിലെ സമീപനത്തിൽനിന്നു പൊലീസ് മാറിയിരുന്നു. വൽസൻ തില്ലങ്കേരിക്കു മൈക്കു കൊടുത്തതുതന്നെ അതിനു തെളിവാണ്.

വരാനിരിക്കുന്ന വിശ്വാസ സംരക്ഷണ പ്രവൃത്തികൾക്കിടെ സംഭവിച്ചേക്കാവുന്ന ഏത് അനിഷ്ടസംഭവത്തിന്റെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. വിശ്വാസസംരക്ഷണത്തിനെത്തുന്ന ഭക്തർ നേരിടുന്ന ഏതു നിയമനടപടിക്കുമെതിരെ ജാമ്യം എടുക്കുന്നതടക്കുമുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.