Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിട്ടും റിവ്യൂവും: എന്താണു വ്യത്യാസം?; ശബരിമലയിൽ സംഭവിക്കുന്നത് എന്ത്

Supreme Court of India

ശബരിമല കേസിലെ റിട്ട് ഹർജികൾ ഇന്ന് ഉച്ചയ്ക്കു മുൻപും പുനഃപരിശോധനാ (റിവ്യൂ) ഹർജികൾ ഉച്ചകഴിഞ്ഞ് മൂന്നിനുമാണു പരിഗണിക്കുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

എന്താണ് റിട്ട് ഹർജി?

∙ ഭരണഘടനാബെ‍ഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹർജി സാധ്യമല്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്. 3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം.

പുനഃപരിശോധനാ ഹർജി

∙ ഭരണഘടനാബെഞ്ച് സെപ്റ്റംബർ 28ന് നൽകിയ വിധിയുടെ തിരുത്താണ് പുനഃപരിശോധനാ ഹർജികളിലെ ആവശ്യം. 3 സാഹചര്യങ്ങളിലാണ് റിവ്യൂ അനുവദിച്ച് കേസ് വീണ്ടും വാദത്തിന് പരിഗണിക്കുന്നത്. 1) ഹർജിക്കാർക്ക് അറിയില്ലാതിരുന്നതോ ലഭ്യമാക്കാൻ സാധിക്കാതിരുന്നതോ ആയ പുതിയ തെളിവു ലഭിക്കുമ്പോൾ, 2) വിധിയിൽ വ്യക്തമായ തെറ്റോ പിഴവോ ഉണ്ടെന്നു വ്യക്തമാകുമ്പോൾ, 3) മതിയായ മറ്റേതെങ്കിലും കാരണം.

ഇന്ന് എന്തു സംഭവിക്കും?

ആദ്യം നടക്കുന്നത് 3 റിട്ട് ഹർജികളിലും പ്രാഥമികവാദം. ഇത് കോടതിമുറിയിൽ തന്നെയാണ്. പക്ഷേ, അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ചിനു സ്റ്റേ ചെയ്യാൻ കഴിയില്ല. റിട്ട് ഹർജികൾ വിശദവാദത്തിനു പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് തീരുമാനിച്ചാൽതന്നെയും, ആ ഹർജികളുടെ ഭാവി പുനഃപരിശോധനാ ഹർജികളുടെ ഫലത്തെ ആശ്രയിച്ചിരിക്കും. സെപ്റ്റംബറിലെ വിധി പുനഃപരിശോധിക്കാനാണ് തീരുമാനമെങ്കിൽ, സ്വാഭാവികമായും‌ റിട്ട് ഹർജികൾ അപ്രസക്തമാകും.