Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ വിശ്വാസികളുടെ വികാരം മാനിച്ചില്ല: വിമർശനവുമായി എൻഎസ്എസ്

NSS Headquarters

ചങ്ങനാശേരി ∙ വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, യുദ്ധസമാനമായി പൊലീസിനെ വിന്യസിച്ച് കാര്യങ്ങൾ നടത്താനുള്ള സർക്കാർനീക്കമാണ് ശബരിമലയിൽ കാര്യങ്ങൾ വഷളാക്കിയതെന്ന് എൻഎസ്എസ്. പൊലീസ് ഭരണമാണ് ശബരിമലയിലെന്നും ഭക്തർക്കു പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിലുള്ള പ്രസ്താവനയിൽ  വിമർശിക്കുന്നു.

ജാതിമതഭേദമന്യേ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് ഏത് ഈശ്വരവിശ്വാസിക്കും ദർശനം നടത്താവുന്ന കാനന ക്ഷേത്രമാണ് ശബരിമലയെന്നും എന്നാൽ ഇത്തവണ ഭക്തർക്ക് അവിടെ യാതനകളാണെന്നും പ്രസ്താവനയിൽ പറയുന്നു. മുമ്പൊരിക്കലുമില്ലാത്ത നിയന്ത്രണങ്ങളാണ് സുരക്ഷയുടെ പേരിൽ ഇത്തവണ അവിടെ. പൊലീസ് ഭരണമാണ് നടക്കുന്നത്. ഭക്തർക്ക് പകൽപോലും പമ്പയിലോ സന്നിധാനത്തോ എത്താനാവുന്നില്ല. കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല.

സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽപോലും റിവ്യൂ ഹർജി ഫയൽ ചെയ്യാനോ സാവകാശഹർജി നൽകാനോ ദേവസ്വം ബോർഡോ സംസ്ഥാന സർക്കാരോ തയാറാകാതെ തിടുക്കത്തിൽ വിധി നടപ്പാക്കാനാണു ശ്രമിച്ചത്. അതാണ് ഇന്നത്തെ അവസ്ഥയുടെ കാരണം. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, യുദ്ധസമാനമായി പൊലീസിനെ വിന്യസിച്ച് കാര്യങ്ങൾ നടത്താനുള്ള സർക്കാർനീക്കമാണ് കാര്യങ്ങൾ വഷളാക്കിയത്. ആചാരങ്ങൾ പാലിച്ചു വരുന്ന ഭക്തരെ അകാരണമായി തടയുന്നതും അറസ്റ്റ് ചെയ്യുന്നതും പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.