Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്തിമവിധി പറയേണ്ടത് മന്ത്രിയും തന്ത്രിയുമല്ല, സുപ്രീംകോടതി: ജസ്റ്റിസ് കെമാൽപാഷ

Justice B. Kemal Pasha

കൊല്ലം ∙ മന്ത്രിയും തന്ത്രിയുമല്ല സുപ്രീംകോടതി തന്നെയാണു രാജ്യത്തെ മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തിലും അന്തിമവിധി പറയേണ്ടതെന്നു ജസ്റ്റിസ് ബി.കെമാൽപാഷ. പുനലൂർ ബാലൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസവും അതിന്റെ പ്രചരണവും ആരാധനാ സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശമാണെങ്കിൽ അതിൽ തർക്കങ്ങൾ ഉണ്ടായാൽ ഇടപെടാനും കോടതിക്ക് അധികാരമുണ്ട്. നിയമത്തിന്റെ പ്രഖ്യാപനത്തിനു സുപ്രീംകോടതിക്കും നിയമനിർമാണത്തിനു പാർലമെന്റിനുമാണ് അധികാരം. 

വിധി നടപ്പാക്കാൻ ഭരണഘടന സ്ഥാപനമെന്ന നിലയിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. മതപ്രചരണത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകിയിരിക്കുന്ന അവകാശം എല്ലാവർക്കും തുല്യമാണെന്ന കാര്യം തന്നെയാണു ശബരിമലവിധിയുടെ സാരം. അവിടേക്ക് ആരെയും നിർബന്ധിച്ചു കൊണ്ടു പോകാനോ അവിടെ വരുന്ന വിശ്വാസികളെ തടയാനോ സുപ്രീംകോടതി ആർക്കും ചുമതല നൽകിയിട്ടില്ലെന്നും കെമാൽപാഷ പറഞ്ഞു.

ശബരിമല വിഷയം ഉപയോഗിച്ചു രാഷ്ട്രീയമായി വളരാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അതിന് അൽപായുസ് മാത്രമാണുള്ളത്. ഹർത്താലും വഴിതടയലും ഒരു പാർട്ടിക്കും ഭൂഷണമല്ല. പ്രത്യേകിച്ച്, പ്രളയത്തിൽ തകർന്നു നിൽക്കുന്ന കേരളത്തിൽ. അതിനു ശേഷം നടന്ന ഓരോ ഹർത്താലുകളും സമരങ്ങളും. നമ്മളെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. പ്രളയജലത്തിനൊപ്പം നമ്മുടെ മനസിലുണ്ടായിരുന്ന നന്മകളും ഒലിച്ചു പോയെന്നു വേണം കരുതാൻ. നമ്മൾ ആദിമയുഗത്തിലേക്കു വളരെ വേഗം പിറകോട്ടു നടക്കുകയാണ്. ശ്രീനാരായണ ഗിരുവിനെ പോലൊരു നേതാവോ കുമാരനാശാനെ പോലൊരു സാഹിത്യ നായകനോ ഇന്നില്ലാത്തതാണു നമ്മൾ നേരിടുന്ന പ്രതിസന്ധിയെന്നും കെമാൽപാഷ അഭിപ്രായപ്പെട്ടു.