Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വരുമാനത്തിൽ വൻ ഇടിവ്; ആദ്യ 6 ദിനം കുറഞ്ഞത് 14.34 കോടി, രേഖകൾ പുറത്ത്

ടി.കെ.രാജപ്പൻ
sabari-exclu

സന്നിധാനം∙ മണ്ഡല–മകരവിളക്ക് തീർഥാടനകാലത്ത് ദേവസ്വം ബോർഡിന്റെ ആദ്യ ആറു ദിവസത്തെ വരുമാനത്തിൽ 14.34 കോടി രൂപയുടെ ഇടിവ്. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനം മൂന്നിലൊന്നിനും താഴെയായി. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം ഇതേ ദിവസം വരെ 22.82 കോട‌ി രൂപയായിരുന്നു വരുമാനം.

വരുമാനത്തിൽ ഉണ്ടായ വൻ കുറവിന്റെ വിശദാംശങ്ങൾ പുറത്തറിയിക്കരുതെന്നു ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കർശന നിർദ്ദേശം നൽകിയിരിക്കെ ഈ വിവരങ്ങളുടെ പകർപ്പ് മനോരമയ്ക്കു ലഭിച്ചു.

sabarimala-revenues

നിരോധനാജ്ഞയും ശരണംവിളിക്കുന്നവർക്കെതിരെ പൊലീസ് എടുക്കുന്ന കേസുകളും തീർഥാടകരുടെ വരവിൽ വലിയ കുറവുണ്ടാക്കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങൾ ദേവസ്വം ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് 

വരുമാനത്തിലെ പ്രധാന ഏറ്റക്കുറച്ചിലുകൾ ഇങ്ങനെ:

വ്യാഴാഴ്ച വരെ അരവണ വിറ്റുവരവ് 3.14 കോടി രൂപ. കഴിഞ്ഞ വർഷം ഇത് 9.88 കോടി. 

അപ്പം വിറ്റുവരവ് 29.31 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇത് 1.47 കോടിയായിരുന്നു. 

കാണിക്ക ഇനത്തിലും വലിയ ഇടിവുണ്ട്. വ്യാഴാഴ്ച വരെയുളള കാണിക്ക വരുമാനം 3.83 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സ്ഥാനത്ത് 7.33 കോടി രൂപ ലഭിച്ചിരുന്നു. 

മുറിവാടകയിലൂടെയുള്ള വരുമാനം 43.96 ലക്ഷമാണ്. മുൻവർഷം 74.25 ലക്ഷം ലഭിച്ച സ്ഥാനത്താണിത്.

ഡോണർ ഹൗസ് ഇനത്തിലുളള വരുമാനത്തിൽ മുൻവർഷം ആദ്യ ആറു ദിവസത്തിനിടെ മൂന്നു ലക്ഷം രൂപ ലഭിച്ചെങ്കിൽ ഇത്തവണ ഒരു രൂപ പോലും വരുമാനമില്ല.

അഭിഷേകത്തിൽ 18.32 ലക്ഷം രൂപയായിരുന്നു ആദ്യ ആറു ദിവസത്തെ വരുമാനമെങ്കിൽ ഇത്തവണ ഈ കാലയളവിൽ അത് 8.67 ലക്ഷം രൂപ മാത്രമായി.