Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമവായ ചർച്ചകൾ തുടങ്ങി; അധികം വൈകാതെ ശുഭ വാർത്ത: എ.പത്മകുമാർ

a-padmakumar ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

ശബരിമല ∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചകൾ തുടങ്ങിയതായും അധികം വൈകാതെ പൂർണപരിഹാരം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ശബരിമല ആചാര സംരക്ഷണസമിതി, സംഘപരിവാർ, ബിജെപി കക്ഷികളുമായി ഒറ്റയ്ക്കുള്ള സമവായ ചർച്ചയാണു നടക്കുന്നത്. അതിന്റെ വിജയമെന്ന നിലയാണു സമരത്തിൽ കണ്ട മാറ്റം. വിജയിച്ചാൽ കൂട്ടായ ചർച്ചകൾ ഉണ്ട‌ാകും. അധികം വൈകാതെ ശുഭകരമായ വാർത്തയുണ്ടാകും– പത്മകുമാർ അവകാശപ്പെട്ടു.

തീർഥാടകർക്കു ദർശനത്തിനു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുകയാണു പ്രധാനം. അതിന് ആരുമായും ചർച്ചയ്ക്കു തയാറാണ്. രാഷ്ട്രീയ താൽപര്യത്തിനു ക്ഷേത്രങ്ങളെ ഉപയോഗിക്കരുത്. കാണിക്കയിടരുതെന്ന പ്രചാരണം ശക്തമായതോടെ വരുമാനം കുറഞ്ഞു. ദേവസ്വം ബോർഡിലെ 1258 ക്ഷേത്രങ്ങളെയും 6000 ജീവനക്കാരെയും അത്രയുംതന്നെ പെൻഷൻകാരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്.

സന്നിധാനത്തു പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭക്തർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വട‌ക്കേനട മുതൽ വാവരുനട വരെ ഇരുമ്പു ബാരിക്കേഡ് സ്ഥാപിച്ചതു കാരണം അയ്യപ്പന്മാർക്കു മഹാകാണിക്ക അർപ്പിക്കുന്നതിനോ വഴിപാട് പ്രസാദം വാങ്ങാൻ പോകുന്നതിനോ വാവരു സ്വാമിയെ തൊഴുന്നതിനോ യഥേഷ്ടം പോകാനാവുന്നില്ല. വരുമാനത്തേയും ബാധിച്ചു. ഇതുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ടു. മാറ്റാമെന്നു പറഞ്ഞെങ്കിലും നടപ്പായില്ല. 2 ദിവസം ഇവിടെയുണ്ട്. ബാരിക്കേഡ് മാറ്റിയേ പോകൂ. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ദേവസ്വം ബോർഡിനു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.