Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഇതര സംസ്ഥാന ക്യാംപെയ്നുമായി ദേവസ്വം; സിനിമാതാരങ്ങളെ‌ ഉൾപ്പെടുത്തും

sabarimala-devotees2

തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും ഇതര സംസ്ഥാനങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വിപുലമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറെടുക്കുന്നു. മാധ്യമങ്ങളിലെ പരസ്യത്തിനു പുറമേ സംഘടനകള്‍ വഴിയും സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രശസ്തരായ വ്യക്തികള്‍ വഴിയും ശബരിമലയിലെ യഥാർഥ ചിത്രം ഇതരസംസ്ഥാനത്തെ ഭക്തരിലേക്ക് എത്തിക്കാനാണു ശ്രമം. പ്രധാനമായും ആന്ധ്ര, തെലങ്കാന മേഖലയിലെ ഭക്തരെയാണു ക്യാംപെയ്നിലൂടെ ബോധവല്‍ക്കരിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്. വിവാദ വിഷയങ്ങള്‍ ക്യാംപെയ്നിൽ ഒഴിവാക്കും. മൂന്നാം തീയതി ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമരൂപമുണ്ടാകും.

ശബരിമലയിലെ പൂജാസമയം, വിശേഷ ദിവസങ്ങള്‍, മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ അടക്കം വിശദമാക്കി കഴിഞ്ഞ വര്‍ഷവും ഇതരസംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ ബോര്‍ഡ് പരസ്യം നല്‍കിയിരുന്നു. ശബരിമലയില്‍ കോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇപ്പോഴത്തെ സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ വര്‍ഷത്തെ പരസ്യത്തില്‍ ഉള്‍പ്പെടുത്തും. ഇതോടൊപ്പം സംഘടനകള്‍ വഴിയും വ്യക്തികള്‍ വഴിയും ക്യാംപെയ്ന്‍ നടത്തും.‌

ക്യാംപെയ്ന് ഇതര സംസ്ഥാനങ്ങളിലുള്ള മലയാളി സംഘടനകളുടെ സേവനവും തേടും. ഗുരുസ്വാമിമാരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു നിലവിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നു ഗുരുസ്വാമിമാരിലൂടെ നിര്‍ദേശം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ പരസ്യങ്ങളില്‍ സിനിമാ നടന്മാരെ ബോധവല്‍ക്കരണത്തിനായി ഉപയോഗിച്ചിരുന്നു. പ്രതിഫലം വാങ്ങാതെയാണു പലരും അഭിനയിച്ചത്.

ശബരിമലയില്‍ ഭക്തര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് അയ്യപ്പ ഭക്തരായ ഇതര സംസ്ഥാന നടന്മാരുടെ സേവനം തേടുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നു. ‘ഭക്തരെ വസ്തുതകള്‍ പറഞ്ഞു മനസ്സിലാക്കി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് ക്യാംപെയ്നിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ എല്ലാ സാധ്യതകളും പരിശോധിക്കും’ - ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. വിവാദങ്ങളെത്തുടര്‍ന്നു ശബരിമലയിലെ നടവരവില്‍ വലിയ കുറവുണ്ടായിരുന്നു. ഇപ്പോള്‍ തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്.