Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്ത്രിമാർ പൊതുവേ സർക്കാരുമായി ഗുസ്തിക്കു പുറപ്പെടില്ല: സുധാകരനെ തിരുത്തി മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ∙ ശബരിമലയിൽ തന്ത്രിമാർക്കു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിമാരും മനുഷ്യരാണ്. അവരിൽ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാവാം. എന്നാൽ, പൊതുവേ അവർ സർക്കാരുമായി ഗുസ്തിക്കു പുറപ്പെടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ചില പ്രത്യേക താൽപര്യക്കാർക്ക് അവരിൽ ചിലരെ സ്വാധീനിക്കാൻ കഴിഞ്ഞേക്കാം. ചിലർക്കു വഴി തെറ്റിയേക്കാം. എല്ലാവരും അങ്ങനെ നടക്കുന്നവരല്ല. തന്ത്രിമാർ ക്ഷേത്രങ്ങളുടെ പ്രധാന ചുമതലക്കാരാണ്. അതിൽ ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. സർക്കാർ അതിലൊന്നും ഇടപെടുന്നുമില്ല. തന്ത്രിമാർക്കെതിരേ സർക്കാർ യുദ്ധം പ്രഖ്യാപിച്ചു നടക്കുന്നെന്ന ധാരണ പരത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൽ വ്യത്യസ്തതയുണ്ടെന്നു വരുത്താൻ ശ്രമിക്കുന്നതിനാലാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്ത്രിമാർക്കെതിരെ മന്ത്രി ജി. സുധാകരൻ രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ശബരിമലയിൽ വിശ്രമമില്ലാതെ അധ്വാനിക്കുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും അവിടെ ധർണ നടത്തുകയും ക്ഷേത്രം പൂട്ടുമെന്നു പറയുകയും ചെയ്യുന്ന ബ്രാഹ്മണ പൂജാരിമാർക്കില്ലെന്നാണു മന്ത്രി ജി.സുധാകരൻ പറഞ്ഞത്. മന്ത്രിയുടെ പരാമർശത്തിനു പിന്നാലെ ആലപ്പുഴയിൽ നടന്ന എൽഡിഎഫിന്റെ മഹാ ബഹുജന സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

സുധാകരന്റെ നിലപാടിനെ മുഖ്യമന്ത്രി തിരുത്തി. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംഘടിപ്പിച്ച വില്ലുവണ്ടിയാത്രാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു മന്ത്രി ജി. സുധാകരൻ തന്ത്രിമാരെ വിമർശിച്ചത്.