Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സുരേന്ദ്രനെതിരെ 15 കേസുകൾ; എട്ടെണ്ണം 2016ന് മുൻപ് എടുത്തവ: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ കെ.സുരേന്ദ്രനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കേസുകൾ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനുമുള്ള കേസുകളാണു പലതും. എട്ടു കേസുകൾ 2016ന് മുൻപ് എടുത്തവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ.രാജഗോപാല്‍ എംഎല്‍എയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഒ.രാജഗോപാലിന്റെ സബ്മിഷനുള്ള മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂർണരൂപം

കെ.സുരേന്ദ്രനെതിരെ സംസ്ഥാനത്തു വിവിധ സ്ഥലങ്ങളില്‍ കേസു നിലവിലുണ്ട്. അന്യായമായി സംഘം ചേരുന്നതിനു നേതൃത്വം നല്‍കിയതിനും ഉള്‍പ്പെട്ടതിനും ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. അതില്‍ എട്ടു കേസുകള്‍ 2016ന് മുമ്പ് പൊലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്. 

ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിനു നടതുറന്ന അവസരത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടായിരുന്നു. പേരക്കുട്ടിക്കു ചോറൂണു നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീ എത്തിയിരുന്നു. ഇവരെ സന്നിധാനം നടപ്പന്തലില്‍ വച്ചു തടയുന്ന സ്ഥിതിയുണ്ടായി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞു ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും അവരുടെ ബന്ധുവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനും ബന്ധുവിന്റെ പരാതിയും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം പോലീസ് സ്റ്റേഷന്‍നില്‍ Cr.No.16/2018ല്‍ 13-ാം പ്രതിയായി കേസെടുത്തു.

പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനു നിലയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ Cr.No.28/2018ല്‍ ഒന്നാം പ്രതിയായും ഹൈക്കോടതി ഉത്തരവു നിലനില്‍ക്കേ കുറ്റകരമായി സംഘടിച്ച കാര്യത്തിനും മറ്റും നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ Cr.No.1475/2018ല്‍ രണ്ടാം പ്രതിയായും കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. 

നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളില്‍ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ വിവിധ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നു.

ഇക്കാരണത്താല്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികള്‍ വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. വാറന്റുകളുടെ അടിസ്ഥാനത്തിലാണ് കോടതികളില്‍ ഹാജരാക്കേണ്ടിവന്നത്. ഈ വാറന്റു കേസുകള്‍ക്കു ജാമ്യം ലഭിച്ചെങ്കിലും സന്നിധാനം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് സുരേന്ദ്രന്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്നത്. വസ്തുതകള്‍ ഇതായിരിക്കെ കള്ളക്കേസ് ചുമത്തി പൊലീസ് പീഡിപ്പിച്ചു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.