Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡലപൂജയ്ക്കൊരുങ്ങി ശബരിമല; അയ്യപ്പ ദർശനത്തിന് ലക്ഷക്കണക്കിന് ഭക്തർ

devotees ശബരിമലയിലെത്തിയ അയ്യപ്പഭക്തർ

ശബരിമല ∙ വ്രതശുദ്ധിയുടെയും ശരണ മന്ത്രങ്ങളുടെയും 41 ദിവസം പിന്നിട്ടു മണ്ഡലപൂജയ്ക്കായുള്ള കാത്തിരിപ്പിലാണ് അയ്യപ്പഭക്തർ. ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ 27ന് ഉച്ചക്ക് 12ന് നടക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആചാരപൂര്‍വം കൊണ്ടുവരുന്ന തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്കു ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് മുഖ്യകാര്‍മികത്വം വഹിക്കും.

451 പവന്‍ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ച് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട രഥഘോഷയാത്ര, 26ന് ഉച്ചയോടെ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഇവിടെനിന്നു വൈകുന്നേരം മൂന്നിനു സന്നിധാനത്തേക്കു തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്കു ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വം സ്വീകരണം നല്‍കി പതിനെട്ടാംപടിക്കു ചുവട്ടിലേക്ക് ആനയിക്കും.

തങ്ക അങ്കിയുമായി മുകളിലെത്തുമ്പോള്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ‌ദേവസ്വം സെക്രട്ടറി, ദേവസ്വം കമ്മിഷണര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു സോപാനത്തിലേക്കു കൊണ്ടു പോകും. ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലേക്കു കൊണ്ടുപോയി നട അടയ്ക്കും. തുടര്‍ന്നു തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 27ന് ഉച്ചയ്ക്ക് 12നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.

ഭക്തര്‍ക്കു നിയന്ത്രണങ്ങള്‍

26ന് വൈകിട്ടു ശബരിമല സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായി അന്നേദിവസം ഭക്തര്‍ക്കു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഉച്ചപൂജയ്ക്ക്‌ശേഷം നടയടച്ച് ക്ഷേത്രതിരുമുറ്റം കഴുകി വൃത്തിയാക്കും. ഒരു മണി മുതല്‍ വൈകിട്ട് ദീപാരാധന കഴിയുന്നതു വരെ ഭക്തരെ ദര്‍ശനത്തിനായി തിരുമുറ്റത്തേക്കു കടത്തിവിടില്ല. വൈകിട്ടു നാലിനാണു നട തുറക്കുക. തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയില്‍നിന്നു സ്വീകരിച്ചാനയിച്ചു ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നതു വരെ ശരംകുത്തിയില്‍നിന്നു സന്നിധാനത്തേക്കു ഭക്തരെ കടത്തി വിടില്ല.

ഘോഷയാത്രയുടെ ഭാഗമായി കര്‍ശന സുരക്ഷാക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ഈ സമയങ്ങളില്‍ അയ്യപ്പഭക്തര്‍ക്കു നിയന്ത്രണമുണ്ടാകും. 27ന് പുലര്‍ച്ചെ 3ന് നട തുറന്ന് നിര്‍മാല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവുപൂജകളും. ഉച്ചയ്ക്ക് 12 മണിക്കു മണ്ഡലപൂജ കഴിഞ്ഞ് അടക്കുന്ന ക്ഷേത്രനട വൈകിട്ട് 3ന് ദര്‍ശനത്തിനായി തുറക്കും. രാത്രി 9.30ന് അത്താഴപൂജ. രാത്രി 9.50ന് ഹരിവരാസനം പാടി 10ന് ശ്രീകോവില്‍ അടയ്ക്കും.

വന്‍ ഭക്തജനതിരക്ക്

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വന്‍ ഭക്തജനതിരക്കാണു ശബരിമലയില്‍ അനുഭവപ്പെട്ടത്. ഈ ദിവസങ്ങളില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം ഭക്തര്‍ വീതം മലചവിട്ടിയതായാണു പൊലീസിന്റെ കണക്കുകള്‍. മണ്ഡലപൂജയോടനുബന്ധിച്ച് സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുമെന്നാണു വിലയിരുത്തല്‍. മണ്ഡലപൂജ കഴിയുന്നതു മുതൽ കെഎസ്ആർടിസി നിലക്കലിലേയ്ക്കും എല്ലാ ദീർഘദൂര റൂട്ടുകളിലേക്കും യഥേഷ്ടം ബസ് സർവീസുകൾ നടത്തും. മകരവിളക്ക് പൂജകള്‍ക്കായി 30ന് വൈകിട്ട് 5 മണിക്ക് ആണ് നടതുറക്കുക. ജനുവരി 14 ന് ആണ് മകരവിളക്ക്.