Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി സ്ഥിരീകരിച്ചു; ഖഷോഗി കൊല്ലപ്പെട്ടു

khashoggi

ഇസ്തംബുൾ (തുർക്കി) ∙ രണ്ടാഴ്ച മുൻപു തങ്ങളുടെ കോൺസുലേറ്റിലെത്തിയ ശേഷം കാണാതായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി (59) കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. തിരോധാനത്തെക്കുറിച്ച് അറിയില്ലെന്നാണു മുൻപ് അറിയിച്ചിരുന്നത്.

ഈ മാസം 2ന് വിവാഹത്തിനാവശ്യമായ ഔദ്യോഗിക രേഖ കൈപ്പറ്റാൻ ഇസ്തംബുളിലെ സൗദി കോൺസുലേറ്റിലെത്തിയശേഷമാണു ഖഷോഗിയെ കാണാതായത്. അവിടെ വച്ച് ഉദ്യോഗസ്ഥരുമായുണ്ടായ മൽപിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

നേരത്തേ, കൊലപാതകം സൂചിപ്പിക്കുന്ന തെളിവുകളുമായി തുർക്കി രംഗത്തെത്തിയതോടെ ഇക്കാര്യത്തിൽ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. വിശദീകരണം ആവശ്യപ്പെട്ടു യുഎസും രംഗത്തെത്തിയതോടെ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരിട്ട് ഇടപെട്ടു. കൊട്ടാര കാര്യ ഉപദേഷ്ടാവ് സൗദ് അൽ ഖഹ്താനി, ഇന്റലിജൻസ് ഉപ മേധാവി അഹമ്മദ് അസീരി എന്നിവരടക്കം 5 പേരെ പുറത്താക്കി. മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയല്ല കൊലപാതകമെന്നു വിശദീകരിച്ചിട്ടുമുണ്ട്. കേസിൽ 18 പേരെ അറസ്റ്റ് ചെയ്തതായും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം പുനഃസംഘടിപ്പിക്കാൻ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായുള്ള മന്ത്രിതല സമിതിയെ രാജാവ് ചുമതലപ്പെടുത്തി. യുഎഇയും ബഹ്റൈനും തീരുമാനങ്ങൾക്കു പിന്തുണ അറിയിച്ചു. 

സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. കൊലപാതകത്തിന്റെ പേരിൽ ഉപരോധത്തിന്റെ ആവശ്യമില്ല. സൗദി യുഎസിന്റെ വളരെയടുത്ത സഖ്യരാജ്യമാണെന്നും ഇറാനെതിരെ ഈ ബന്ധം അനിവാര്യമാണെന്നും ഊന്നിപ്പറയുകയും ചെയ്തു. മുൻപു സൗദി ഭരണകൂടത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന ഖഷോഗി, പിന്നീട് അകലുകയും കഴിഞ്ഞവർഷം രാജ്യം വിട്ട് യുഎസിൽ താമസമാക്കുകയുമായിരുന്നു. തുടർന്ന് വാഷിങ്ടൻ പോസ്റ്റ് പത്രത്തിൽ ആരംഭിച്ച പ്രതിമാസ പംക്തിയിൽ വിമർശനപരമായ ലേഖനങ്ങൾ എഴുതിയിരുന്നു.