ADVERTISEMENT

ഭാഗം 4

2024 ജനുവരി ഒന്നിന് ഏറ്റവും അവസാനമായി മൃഗസംരക്ഷണ വകുപ്പുമന്ത്രി അടുത്ത വർഷം പാൽ സ്വയംപര്യാപ്തമാകുമെന്ന് പ്രഖ്യാപിച്ചു. ശരിക്കും പാൽ സ്വയംപര്യാപ്തമാകുമോ? ഏത് കണക്കുകളുടെ പിൻബലത്തിലാണ് മന്ത്രി ‘പാൽ സ്വയംപര്യാപ്തമാകുമെന്ന്’ ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്?

കേരളത്തിൽ ഇപ്പോൾ എത്ര ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്നു? എത്ര ലീറ്റർ പാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്നു? കേരളത്തിലെ ക്ഷീരകർഷകർ ഉൽപാദിപ്പിച്ച് അവർ തന്നെ പ്രാദേശികമായി വിൽക്കുന്നത് എത്ര ലീറ്റർ? സംസ്ഥാനത്തിന്റെ പാല്‍ ആവശ്യകത എത്ര? എത്ര ലീറ്റർ പാൽ അധികം ഉൽപാദിപ്പിച്ചാൽ സ്വയം പര്യാപ്തമാകും? ഒരു വർഷത്തിനുള്ളിൽ അധിക പാൽ ഉൽപാദിപ്പിച്ച് സ്വയം പര്യാപ്തമാകാനുള്ള എന്തു പദ്ധതികളാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്?

കഴിഞ്ഞ 7 വർഷമായി മലയാളി കേൾക്കാൻ തുടങ്ങിയതാണ് പാൽ സ്വയംപര്യാപ്തതാ പ്രഖ്യാപനം. അതുകൊണ്ടുതന്നെ കേരളത്തിലെ പൗരസമൂഹവും മുകളിൽ പറഞ്ഞ ചോദ്യങ്ങളും ചോദിച്ചു തുടങ്ങി. 

മുകളിലെ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ പിൻബലത്തിലുള്ള സ്വയംപര്യാപ്തതാ പ്രഖ്യാപനത്തിന് വിശ്വാസ്യതയേറും. നിലവിൽ കേട്ടു പഴകിയ പ്രഖ്യാപനമായി ജനം തള്ളിക്കളയുകയാണ്. 

നമുക്ക് ചില കണക്കുകൾ പരിശോധിക്കാം. 

ക്ഷീര വികസന വകുപ്പിന്റെ കണക്കുപ്രകാരം 2021–22ൽ, പാല്‍ സൊസൈറ്റികൾ വഴി പ്രതിദിനം ശേഖരിച്ചത് 21.03 ലക്ഷം ലീറ്ററാണ്. ഇതിൽ എത്ര ലക്ഷം മിൽമയ്ക്ക് നൽകുന്നുണ്ട്, എത്ര ലക്ഷം പ്രാദേശികമായി സൊസൈറ്റികൾ തന്നെ വിറ്റഴിച്ചു എന്ന് കൃത്യമായി പറയുന്നില്ല. 2021–2022 കാലഘട്ടത്തിൽ കോവിഡ് മൂലം പ്രാദേശിക വിപണനം കാര്യമായി കുറഞ്ഞ ഘട്ടത്തിൽ കൂടുതൽ പാൽ സൊസൈറ്റികളിൽ എത്തുകയും 18 ലക്ഷം ലീറ്റർ പാൽ പ്രതിദിനം മിൽമയ്ക്ക് സൊസൈറ്റികൾ നൽകുകയുമാണുണ്ടായത്. 2022–2023 കാലത്തെ പാൽ ശേഖരണത്തിന്റെ കണക്കുകൾ ക്ഷീരവികസന വകുപ്പിൽ നിന്നും ലഭിക്കുന്നില്ല. 

ഇക്കഴിഞ്ഞ മാസങ്ങളിൽ മിൽമയ്ക്ക് ഏകദേശം പ്രതിദിനം 12 ലക്ഷം ലീറ്റർ പാല്‍ മാത്രമാണ് സൊസൈറ്റികളിൽ നിന്നും ലഭിക്കുന്നത്. അതായത് 2021–2022 നെ അപേക്ഷിച്ച് കാര്യമായ കുറവുണ്ടായിട്ടുണ്ട്. ക്ഷീരസംഘങ്ങള്‍ വഴി ശേഖരിക്കുന്ന പാലിൽ പ്രതിദിനം 6 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം. സൊസൈറ്റികൾ വഴി പ്രാദേശികമായി 5 ലക്ഷം ലീറ്റര്‍ വിൽക്കുകയും 12 ലക്ഷം ലീറ്റർ മിൽമയ്ക്ക് നൽകുകയും ചെയ്താൽ തന്നെ ആകെ പ്രതിദിനം 17 ലക്ഷം ലീറ്റർ മാത്രമേ പാൽ സൊസൈറ്റികൾ ഈ മാസങ്ങളിൽ ശേഖരിക്കുന്നുള്ളുവെന്ന് വേണം കരുതാൻ. 

കർഷകർ സ്വന്തം നിലയിൽ എത്രത്തോളം വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വിൽക്കുന്നുവെന്ന് യാതൊരു കണക്കും മൃഗസംരക്ഷണ വകുപ്പിനോ, ക്ഷീര വികസന വകുപ്പിനോ, മിൽമയ്ക്കോ ഇല്ല. ഈ കണക്ക് ലഭിക്കാത്തിടത്തോളം കാലം ആകെ ഉൽപാദനം എത്ര എന്ന് എങ്ങനെ കണക്കാക്കും? അതുകൊണ്ടു തന്നെ സ്വയംപര്യാപ്തതാ കണക്കുകളും അപ്രസക്തമാകും. 

കർഷകർ ഉൽപാദിപ്പിക്കുന്നതിന്റെ 50% പ്രാദേശികമായി വിറ്റു, ബാക്കി 50% മിൽമയ്ക്ക് നൽകി എന്ന് കരുതിയാലും ആകെ ഉല്‍പാദനം പ്രതിദിനം 34 ലക്ഷം ലീറ്റർ മാത്രമേ വരുകയുള്ളൂ. 

സർക്കാരിന്റെ കണക്കുപ്രകാരം കേരളത്തിൽ പ്രതിവർഷം ഉൽപാദിപ്പിക്കുന്നത് 253.2 കോടി ലീറ്റർ പാലാണ്. അതായത് പ്രതിദിനം 69 ലക്ഷം ലീറ്റർ. പാൽ സൊസൈറ്റികൾ ശേഖരിക്കുന്നത് 17 ലക്ഷം മാത്രം!!!

സർക്കാരിന്റെ കണക്കിൽ അസ്വാഭാവികത തോന്നുന്നുണ്ടോ?

എന്തുകൊണ്ട് കർഷകരിൽ നിന്നും നേരിട്ട് കണക്കെടുപ്പ് നടത്തുന്നില്ല. എല്ലാ പഞ്ചായത്തിലും മൃഗാശുപത്രികളും, സബ്സെന്ററുകളും പാൽ സൊസൈറ്റികളുമുണ്ട്. വളരെ നിസാരമായി കണക്കെടുക്കാവുന്നതേയുള്ളൂ. ശരിയായുള്ള കണക്കെടുപ്പ് നടത്തിയാൽ കള്ളിവെളിച്ചത്താവും. പ്രതിദിന ഉൽപാദനം 69 ലക്ഷം ലീറ്റർ പാലാണെന്ന് സർക്കാർ കണക്കു കൂട്ടിയതെങ്ങനെയെന്ന് നോക്കാം. 

2019 ലെ സെൻസസ് പ്രകാരം 6,68,997 കന്നുകാലികൾ പാലുൽപാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു പശുവിൽനിന്നുള്ള ശരാശരി പാലുൽപാദനം 10.39 ലീറ്റർ എന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. അങ്ങനെ 6,68,997 പശുക്കളിൽ നിന്നും 10.39 ലീറ്റർ വീതം പ്രതിദിനം 69 ലക്ഷം ലീറ്റർ പാലുൽപാദിപ്പിക്കുന്നുവെന്ന് വിദഗ്ധർ കണക്കു കൂട്ടുന്നു. കടലാസിൽ കണക്കു കൂട്ടിയാൽ പശു പാൽ ചുരത്തില്ലല്ലോ? ഈ കണക്കുകളാണ് മന്ത്രിയെ സ്വയംപര്യാപ്തത എന്ന പ്രസ്താവനയിലേക്ക് എത്തിക്കുന്നത്. തെറ്റായ കണക്കുകൾ പ്രചരിക്കുക വഴി ഇവിടെ എല്ലാം ഭദ്രം എന്ന് പ്ലാനിങ് നടത്തേണ്ടവർ സമർഥിക്കുകയും അതുവഴി സഹായം ലഭിക്കേണ്ട ക്ഷീരമേഖലയെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. രാവിലെ 4 മുതൽ രാത്രി 8 വരെ ചാണകത്തിലും മൂത്രത്തിലും മെഴുകി കാലി വളർത്തുന്നവരോട് ചെയ്യുന്ന ദ്രോഹമാണ്. ഇത്തരം കണക്കുകൾ സംസ്ഥാനം സ്വയം പര്യാപ്തമായി എന്നീ കണക്കുകൾ നിരത്തി മേനി പറഞ്ഞാൽ നമുക്ക് എന്തു നേട്ടമാണുണ്ടാവുന്നത്?

ഇനി ഈ പറയുന്ന 6,68,997 കറവപ്പശുക്കളുണ്ടോയെന്ന് പരിശോധിക്കാം. 

ks-table2

(ആകെ കന്നുകാലികളുടെ കണക്കാണ് (കുട്ടികൾ, ആൺകുട്ടികൾ, ഉൽപാദനമില്ലാത്തത്, കിടാരി, കറവയുള്ളത്) ഇതിൽ 2019ൽ കറവയുള്ളതായി കണ്ടെത്തിയിട്ടുള്ളത് 6,68,997)

ഈ കണക്കുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാവും 1996ൽ 33.96 ലക്ഷം കന്നുകാലികളുണ്ടായിരുന്നത് 2019ൽ 13.4 ലക്ഷമായി ചുരുങ്ങി. അതായത് 23 വർഷം കൊണ്ട് കേരളത്തിൽ 60 ശതമാനം കന്നുകാലികൾ കുറഞ്ഞു. 1996 മുതൽ 2012 വരെ കുത്തനെ കുറഞ്ഞുകൊണ്ടിരുന്ന കന്നുകാലികളുടെ എണ്ണം 2012നു ശേഷം കുറഞ്ഞതായി കാണുന്നില്ല. 2012ന് ശേഷം കേരളത്തിലെ സാഹചര്യംവച്ച് നോക്കുമ്പോൾ 12 വർഷത്തിനിടയ്ക്ക് കന്നുകാലികൾ കുറയാതെ ഒരേ പോലെ നിൽക്കുന്നുവെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് പറയാൻ കഴിയുമോ? (ഈ സെൻസസിന്റെ മറ്റൊരു ഭാഗത്ത് തെരുവുനായ്ക്കളുടെ കണക്ക് പറയുന്നത് നോക്കുക. 2012ൽ 2,68,990 തെരുവ് നായ്ക്കളുണ്ടായിരുന്നത് 2019ല്‍ 2,89,986 എണ്ണമായി. അതായത് വെറും 20,996ന്റെ വർധന മാത്രം. 2012 മുതൽ 7 വർഷക്കാലം വെറും 20,996 തെരുവുനായ്ക്കൾ മാത്രമേ വർധിച്ചുള്ളൂ എന്ന് കരുതുന്നുണ്ടോ?) 2012 കാലഘട്ടത്തിൽ തെരുവ് നായ്ക്കൾക്ക് വന്ധ്യംകരണ പദ്ധതികളൊന്നും ഇല്ലായിരുന്നെന്ന് ഓർക്കണം. ഒരു ജോഡി തെരുവുനായയിൽനിന്നും 300 കുഞ്ഞുങ്ങൾ 3 വർഷം കൊണ്ടുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.) 

സെൻസസിന്റെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് തെരുവുനായ്ക്കളുടെ എണ്ണം ഇവിടെ പറഞ്ഞത്. അതിനാൽ ഉൽപാദനക്ഷമതയുള്ള പശുക്കളുടെ കണക്കെടുപ്പ് അത്യാവശ്യമാണ്. പഞ്ചായത്ത് തലത്തിൽ അതിനുള്ള സംവിധാനമൊരുക്കണം. 

dairy-farm-2

സംസ്ഥാനത്തെ പാലുൽപാദനം കണക്കു കൂട്ടാൻ സ്വീകരിച്ച മാർഗങ്ങളിലൊന്ന് പശുക്കളുടെ പ്രതിദിന ശരാശരി ഉൽപാദനം പെട്ടെന്ന് 10.39 ആയി വർധിച്ചുവെന്നതാണ്. എങ്ങനെയാണ് പ്രതിദിന ഉൽപാദനം കൂടുന്നതെന്ന് നോക്കാം. വർഷങ്ങളായുള്ള പരീക്ഷണങ്ങളുടെയും, പ്രജനന രീതികളുടേയും ഫലമായി പശുക്കളുടെ ഗുണനിലവാരത്തിൽ വരുന്ന വർധനമൂലം പ്രതിവർഷം വളരെ ചെറിയ അളവിൽ വർധനയുണ്ടാകും. സംസ്ഥാനത്തുള്ള ആകെ പശുക്കളുടെ ശരാശരി ഉൽപാദനമാണ് അതിൽ വളരെ കുറവുള്ളതും, വളരെ കൂടുതലുള്ളതും കാണും. ശരാശരി ഉൽപാദനമാണ് കൂട്ടുന്നത്. സംസ്ഥാനത്തെ ആകെപ്പശുക്കളുടെ ശരാശരി ഉൽപാദനം പെട്ടെന്ന് 10.39 ലീറ്ററായിയെന്നാണ് കണക്കുകളിൽ സമർഥിക്കുന്നത്. 

ശരാശരി ഉൽപാദനത്തിന്റെ കണക്കിങ്ങനെ

dairy-farming-karshakasree

2007 ൽ ശരാശരി 7.85 ലീറ്റർ ഉൽപാദിപ്പിച്ചിരുന്ന പശു 2014ൽ 8.6 ലീറ്റർ പാലുൽപാദിപ്പിക്കുന്നുവെന്ന് കണക്കുകൾ പറയുന്നത്. അതായത് 7 വർഷം കൊണ്ടുണ്ടായത് 0.75 ലീറ്റർ വർധന  (മുക്കാൽ ലീറ്ററിന്റെ വർധന മാത്രം. പ്രതിവർഷം വെറും 107 മില്ലിലീറ്ററിന്റെ വർധന മാത്രം). എന്നാല്‍ മേൽ ടേബിളിലെ സർക്കാർ കണക്കു പ്രകാരം 2014 ൽ 8.6 ലീറ്റർ ഉൽപാദിപ്പിച്ച പശു പിറ്റേ വർഷം 10.3 ലീറ്റർ ഉൽപാദനവർധന കാണിച്ചതായി പറയുന്നു. അതായത് ഒരു വർഷം കൊണ്ട് 1.7 ലീറ്ററിന്റെ വർധന. മുൻകാലങ്ങളിൽ പ്രതിവർഷം ശരാശരി 100 മില്ലിലീറ്റർ വർധനയുണ്ടായ സ്ഥാനത്ത്, ഒരു വർഷം കൊണ്ട് 1.7 ലീറ്ററിന്റെ വർധന! ഒരു ശാസ്ത്രത്തിനും നീതീകരിക്കാന്‍ കഴിയാത്ത കളവാണ്. എന്തു ജനിതക മാറ്റമാണ് ഒരു പശുവിന് ഒരു വർഷംകൊണ്ടുണ്ടായത്? 

അസ്വാഭാവികമായ പശുക്കളുടെ പെരുപ്പിച്ച എണ്ണവും പെരുപ്പിച്ചുകാട്ടിയ ഒരു പശുവിന്റെ പ്രതിദിന ശരാശരി ഉൽപാദനവും മൂലം സംസ്ഥാനത്തെ പാലുൽപാദനം പൂർണതയിലെത്താൻ പോകുന്നുവെന്ന് എന്തിനാണ് ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നത്? ഈ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്താതെ എല്ലാം ശരിയായെന്ന് പറഞ്ഞാൽ ഈ മേഖല വളരില്ല. 

ശരാശരി ഉൽപാദനം 1.7 ലീറ്റർ അധികം കാണിച്ചതു വഴി 6,68,997 പശുക്കളിൽ നിന്നും (അത്ര ഉണ്ടെങ്കിൽ?) 11,37,294 ലീറ്റർ അധിക പാൽ ഉൽപാദനം നടക്കുന്നുവെന്ന് തെറ്റായി കാണിച്ചതുകൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമാണുണ്ടായത്?

2024ലും തുടർന്നും എന്തു ചെയ്യണം?

Representational image. Image credit: Karshakasree
Representational image. Image credit: Karshakasree

മുന്നോട്ടുവയ്ക്കാൻ ചില നിർദേശങ്ങൾ

1. ഓരോ പഞ്ചായത്തും ഓരോ ഫാമായി കണക്കാക്കണം. അവിടുള്ള വെറ്ററിനറി സർജൻ ഫാം മാനേജരും, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ അസിസ്റ്റന്റ് മാനേജരും, പശുവിന്റെ ഉടമസ്ഥര്‍ ഫാം സൂപ്പർ വൈസറും എന്ന നിലയിൽ പ്രവർത്തിക്കണം. ഇതിനായി ലളിതമായ, ഏതു കർഷകനും ഉപയോഗിക്കാൻ കഴിയുന്ന ‘ആപ്പു’കൾ രൂപകൽപന ചെയ്യണം. ഇതുവഴി കർഷകനും ഉദ്യോഗസ്ഥരും പരസ്പരം വിവരം കൈമാറാനും വിവരശേഖരണത്തിനും കഴിയും. 

2. അശാസ്ത്രീയവും തെറ്റുകൾ നിറഞ്ഞതുമായ കണക്കുകൾ ഉപേക്ഷിച്ച് അടിയന്തരമായ സംസ്ഥാനത്തെ ഉൽപാദനക്ഷമതയുള്ള കന്നുകാലികളുടെ എണ്ണവും, ഉൽപാദനവും പ്രതിദിനവിപണനവും ശേഖരിക്കണം. ഇതിനായി മൃഗസംരക്ഷണ വകുപ്പിൽ പഞ്ചായത്തു തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാവുന്നതാണ്. ഇതിന്റെ ആധികാരികത പുറമേ നിന്നുള്ള ഏജൻസി ഉറപ്പു വരുത്തണം. തെറ്റുകൾ വരുത്തുന്നവരെ ശിക്ഷിക്കണം. 

3. ചെക്ക് പോസ്റ്റുകളിൽ മികച്ച സർവീസ് പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രതിദിനം അന്യസംസ്ഥാനത്ത് നിന്നും വരുന്ന പാലിന്റെ അളവ് കൃത്യമായി ശേഖരിക്കണം. 

Alamadhi-Semen-Station-straw-and-semen

4. നിലവിലുള്ളവരെയെങ്കിലും സംരക്ഷിക്കാൻ ഹ്രസ്വകാല പദ്ധതികളും സുസ്ഥിരവികസനത്തിന് ദീർഘകാല പദ്ധതികളും നടപ്പിലാക്കണം. 

  • ഹ്രസ്വകാല പദ്ധതിയായി ഉൽപാദനച്ചെലവ് കുറയ്ക്കാനായി സംസ്ഥാനത്ത് സര്‍ക്കാർ മേഖലയിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ കാലിത്തീറ്റകളുടെയും വില കുറയ്ക്കണം. ഇതിനായി നിലവിൽ നൽകുന്ന എല്ലാ സബ്സിഡിയും ചേർത്ത് സർക്കാർ മേഖലയിലെ കാലിത്തീറ്റ ഫാക്ടറികൾക്ക് നൽകണം. കുറച്ചു നാളത്തേക്ക് വ്യക്തിഗത സബ്സിഡികൾ ക്ഷീരമേഖലയിൽ നൽകേണ്ടതില്ല. 
  • കണക്കുകളിൽ കണ്ടതുപോലെ പശുവിൽ നിന്നുള്ള പ്രതിദിന ഉൽപാദനം കൂടിയാൽ മാത്രമേ ഉൽപാദനം കൂടുകയുള്ളൂ. അതുവഴി ഉൽപാദനച്ചെലവ് കുറയുകയുമുള്ളൂ. അതിനായി കന്നുകാലികളുടെ വംശഗുണം വർധിപ്പിക്കണം. ഇതിന് സമയമെടുക്കും. പുതിയ കണക്കെടുപ്പിൽ ലഭിക്കുന്ന വിവരം അനുസരിച്ച് 10ൽ താഴെ ഉൽപാദനമുള്ള പശുക്കളെയും അതിന്റെ കുട്ടികളെയും അടുത്ത തലമുറയ്ക്കായി കുത്തിവയ്ക്കരുത്. കുത്തിവക്കാനുപയോഗിക്കുന്ന ബീജം ഉന്നത നിലവാരത്തിലുള്ള പ്രീമിയം സെമെൻ ആവണം. 
  • KLD ബോർഡിൽ നിന്നുള്ള കാളകളുടെ ഗുണം നിലവിൽ പുനഃപരിശോധിക്കണം. മികച്ച സന്താനോൽപാദനം നടത്തുന്നവയുടെ ബീജമാത്രകൾ മാത്രം കർഷകർക്കു ലഭ്യമാക്കണം. ഉൽപാദനക്ഷമത കൂടിയ തലമുറയെ നൽകാൻ ശേഷിയുള്ള കാളകളുടെ ബീജം വേണമെന്ന് കർഷകൻ ആവശ്യപ്പെട്ടാല്‍ അവരെ നിരുത്സാഹപ്പെടുത്താതെ ബീജാധാനം ചെയ്തു നൽകണം. 
  • പശുക്കൾക്ക് ഏതു കാളയുടെ ബീജമാണ് നൽകിയത്, അതിന്റെ തള്ളപ്പശുവിന്റെ ഉൽപാദനം എത്ര തുടങ്ങിയ കാര്യങ്ങളൊക്കെ കുത്തിവയ്ക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ കര്‍ഷകരെ ബോധ്യപ്പെടുത്തണം. ഇത്തരം വിവരങ്ങൾ കർഷകർക്ക് രേഖപ്പെടുത്തി വയ്ക്കാൻ കഴിയും. തുടർന്ന് അടുത്ത കുട്ടി ജനിച്ച് അത് വലുതായി പ്രസവിക്കുമ്പോൾ ഈ പറഞ്ഞ പാൽ ലഭിക്കുന്നുണ്ടോയെന്ന് വിശകലനത്തിന് വിധേയമാക്കാൻ കഴിയും. 

5. 2024ൽ കർഷകരെയും ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്നവരെയും ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി ഭാവി പരിപാടി വിഭാവനം ചെയ്യണം. 

ഈ പരമ്പരയുടെ വിവരശേഖരണത്തിനായി ഒട്ടേറെപേരെ ബന്ധപ്പെട്ടു. അതിൽനിന്ന് ഏതാനും ചിലരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവിടെ പങ്കുവച്ചത്. ഈ പരമ്പരയുമായി സഹകരിച്ച എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞകാര്യം ഉൽപാദനച്ചെലവിനെക്കുറിച്ചാണ്. 

പ്രതികൂല ഘടകങ്ങൾ മൂലം ക്ഷീരമേഖലയില്‍ നിന്നും കർഷകർ കൊഴിഞ്ഞു പോകുന്നുവെന്ന യാഥാർഥ്യം അധികാരികളുടേയും പൊതുസമൂത്തിനു മുന്നിലും മനോരമ ഓൺലൈൻ കർഷകശ്രീ വയ്ക്കുന്നു. 

കാതലായ ഒരു പൊളിച്ചെഴുത്ത് 2024ൽ സർക്കാർ തലത്തിൽ ഈ മേഖലയിലുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

അവസാനിച്ചു.

ഭാഗം 1: ഇൻഷുറൻസ് ഇല്ലാത്തതിനാൽ കുട്ടിക്കർഷകർക്ക് മാത്രമല്ല നഷ്ടം: 2024ൽ മൃഗസംരക്ഷണ മേഖലയിൽ എന്തൊക്കെ ചെയ്യണം 

ഭാഗം 2: മാറുന്ന കർഷകരും മാറ്റമില്ലാത്ത മൃഗസംരക്ഷണവും; വേണം നല്ല പശുക്കൾ, അതിനു വേണം നല്ല ബീജമാത്രകൾ 

ഭാഗം 3: മൂന്നു പശുക്കളുണ്ടായിരുന്നതിൽ രണ്ടെണ്ണത്തിനെ വിറ്റു; വളർത്തിയ കിടാരിക്ക് പാലുമില്ല: ചെറുകിടക്കാർ കളം വിടുന്ന ക്ഷീരമേഖല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com