ADVERTISEMENT

2024ൽ മൃഗസംരക്ഷണ മേഖല പ്രതീക്ഷിക്കുന്നത്- ഭാഗം 3

‘രണ്ട് കിടാരികളും മൂന്നു പശുക്കളുമുണ്ടായിരുന്നു. ചുറ്റുവട്ടത്തുള്ള വീടുകളിൽ 12 ലീറ്റർ പാൽ വിൽക്കുന്നു. ലീറ്ററിന് 60 രൂപ ലഭിക്കും. സൊസൈറ്റിയിൽ നിന്ന് 41 രൂപയേ ലീറ്ററിന് കിട്ടൂ. അതിനാൽ 2 പശുക്കളെ വിറ്റു. ഇപ്പോൾ ഒരു പശു മാത്രം. പാൽ അയൽപക്കങ്ങളിൽ വിൽക്കും. കിടാരികളെ വളരെ മോഹിച്ച് വളർത്തിയതാണ്. ഒരെണ്ണത്തിനെ പല പ്രാവശ്യം കുത്തിവച്ചിട്ടും ചെന പിടിച്ചില്ല. മറ്റൊരു കിടാരി പ്രസവിച്ചു. കറവയിൽ കിട്ടുന്നത് 12 ലീറ്റർ. ലാഭകരമല്ലെന്ന് കണ്ടപ്പോൾ അതും വിറ്റു. ഇക്കണക്കിനായാൽ പശു വളർത്തൽ നിർത്തേണ്ടി വരും.’ പറയുന്നത് കൊല്ലം ജില്ലയിലെ അഞ്ചൽ തടിക്കാടുള്ള എം. സഹീർ എന്ന ചെറുകിട ക്ഷീരകർഷകനാണ്. ഇദ്ദേഹത്തെപ്പോലെയുള്ള ചെറുകിടക്കാർക്കെല്ലാം ഏകദേശം ഒരേ സ്വരമാണ്. തീറ്റവിലയും, സമയത്ത് ചെന പിടിക്കാത്തതും, കിടാരികൾ പ്രസവിക്കുമ്പോൾ പ്രതീക്ഷിച്ച പാൽ ലഭിക്കാത്തതും ചെറുകിടക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഇതിന് 2024ൽ ഒരു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. 

ഹൈറേഞ്ച് മേഖലയിൽ വളരെ പ്രശസ്തനായ വെറ്ററിനറി ഡോക്ടറാണ് ഡോ. കെ.എം.ജേക്കബ്. വെറ്ററിനറി സർജനായി ജോലിയിൽ പ്രവേശിച്ച് ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഡോ. ജേക്കബ് മൃഗസംരക്ഷണ മേഖലയിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് മുന്നോട്ടു വയ്ക്കുന്ന ചില നിർദേശങ്ങൾ ഇങ്ങനെയാണ്:

‘‘സംസ്ഥാനത്ത് 30 മുതൽ 60 ലീറ്റർ വരെ പ്രതിദിന ഉൽപാദനമുള്ള പശുക്കളെ വളർത്തുവാൻ ശേഷിയും അറിയും ഉള്ള ധാരാളം കർഷകരുണ്ട്. അവരുടെ പശുക്കളിൽ കുട്ടികളുടെ ഉൽപാദനം വിലയിരുത്തിയ പ്രൂവൺ ബീജമാത്രകൾ ഉപയോഗിച്ചെങ്കിൽ മാത്രമേ അടുത്ത തലമുറയിൽ കൂടുതൽ ഉൽപാദനം ഉണ്ടാകുകയും അതുവഴി സംസ്ഥാനത്തിന്റെ ശരാശരി ഉൽപാദനം വർധിക്കുകയും ചെയ്യും. ’’

1. ക്ഷീരകർഷകന് അവന്റെ അധ്വാനത്തിനനുസരിച്ച് വരുമാനം ഉണ്ടാകണം. അതായത് കർഷകനു പാലിനു നൽകുന്ന വിലയും കാലിത്തീറ്റവിലയും തമ്മിലുള്ള അനുപാതം ലാഭകരമായ രീതിയിൽ ക്രമീകരിക്കണം. 

2. ആർക്കു വേണമെങ്കിലും കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വാങ്ങി ചികിത്സിക്കാമെന്നുള്ള അവസ്ഥ മാറണം. 

3. വിവരസാങ്കേതികവിദ്യയുടെ പ്രയോജനം കർഷകർക്ക് ലഭിക്കണം. സേവനങ്ങള്‍ ലഭിക്കാനും വിപണിയിൽ ഇടപെടാനുമുള്ള ആപ്ലിക്കേഷനുകൾ (App) ലഭ്യമാക്കണം. അത് ഇന്നുള്ളതിനു വിപരീതമായി ലളിതവും സുതാര്യവുമായിരിക്കണം. 

4. പ്രസവങ്ങൾ തമ്മിലുള്ള അകലം പരമാവധി കുറച്ചാൽ തന്നെ പാൽ ഉൽപാദനത്തിൽ ഗണ്യമായ വർധന സാധ്യമാകും. ഇതിന് വന്ധ്യതാ ചികിത്സ വിദഗ്ധമായും സമയബന്ധിതമായും നടത്താൻ കർഷകരെ സഹായിക്കണം. 

5. ചെക്ക്പോസ്റ്റുകൾ നവീകരിച്ച് ശാസ്ത്രീയ പരിശോധന ഉറപ്പു വരുത്തണം. മൂന്നാർ മറയൂർ തമിഴ്നാട് അതിർത്തിയിൽ നിലവിൽ ചെക്ക്പോസ്റ്റില്ലാത്ത സാഹചര്യമുണ്ട്. 

cow-dairy-farming-1

6. സംസ്ഥാനത്ത് 30 മുതൽ 60 ലീറ്റർ വരെ പ്രതിദിന ഉൽപാദനമുള്ള പശുക്കളെ വളർത്തുവാൻ ശേഷിയും അറിയും ഉള്ള ധാരാളം കർഷകരുണ്ട്. അവരുടെ പശുക്കളിൽ കുട്ടികളുടെ ഉൽപാദനം വിലയിരുത്തിയ പ്രൂവൺ ബീജമാത്രകൾ ഉപയോഗിച്ചെങ്കിൽ മാത്രമേ അടുത്ത തലമുറയിൽ കൂടുതൽ ഉൽപാദനം ഉണ്ടാകുകയും അതുവഴി സംസ്ഥാനത്തിന്റെ ശരാശരി ഉൽപാദനം വർധിക്കുകയും ചെയ്യും. 

7. സംസ്ഥാനത്ത് പന്നി വളർത്തലിന് വിശാലമായ സാധ്യതകളാണുള്ളത്. അവർക്ക് വേണ്ടുന്ന ലൈസൻസും മറ്റ് അനുമതികളും പ്രയാസ രഹിതമായി ലഭ്യമാക്കണം. അറവു മാലിന്യങ്ങൾ ഭക്ഷ്യയോഗ്യമായ ഭക്ഷ്യാവശിഷ്ടങ്ങൾ പന്നിക്കർഷകർക്ക് ലഭ്യമാക്കണം. ഇതുവഴി തീറ്റച്ചെലവ് കുറയുകയും ഈ മേഖല ലാഭകരമായി തീരുകയും ചെയ്യും. ആഫ്രിക്കൻ പന്നിപ്പനി പോലുള്ള രോഗങ്ങൾ വരുമ്പോൾ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിന് പകരം ബദൽമാർഗങ്ങൾ കണ്ടെത്തണം. 

8. വന്യമൃഗശല്യം പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. നാട്ടിൽ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനും, ഭക്ഷ്യയോഗ്യമെങ്കിൽ അനുമതിയോടെ അതുപയോഗിക്കാനും സംവിധാനമൊരുക്കണം. 

9. സ്കൂൾ കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് മൃഗങ്ങളെക്കുറിച്ചും ജന്തുജന്യരോഗങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് റെസിസ്റ്റൻസിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുവാനും താൽപര്യമുള്ളവരെ ഈ മേഖലയിലേക്ക് ആകർഷിക്കാനും കഴിയുന്ന തരത്തിൽ കരിക്കുലം പരിഷ്കരിക്കണം. അവർക്ക് ഈ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാനുള്ള സംവിധാനമൊരുക്കണം. 

10. ഓരോ മേഖലയിലും ഉള്ള കർഷകരെ സംഘടിപ്പിച്ച് കുടുംബശ്രീ മാതൃകയിൽ ഒരു സംഘടനാ സംവിധാനത്തിലേക്ക് കൊണ്ടു വരണം. അപ്പോൾ സംഘടിതമായി കുഞ്ഞുങ്ങളുടെ ഉൽപാദനം, തീറ്റ നിർമാണം, മാംസോൽപാദനം, ഉൽപന്ന നിർമാണം എന്നിവ സ്വന്തമായി സാധ്യമാക്കാൻ സാധിക്കും. 

11. സർക്കാർ ധനസഹായങ്ങൾ പലിശ സബ്സിഡിയായും (പലിശ രഹിത വായ്പ) ഉൽപന്നങ്ങൾക്ക് നൽകുന്ന ഇന്റൻസീവായും മാത്രം ക്രമപ്പെടുത്തുക. 

12. യന്ത്രവൽക്കരണം, ഉൽപന്നങ്ങളുടെ സമ്പുഷ്ടീകരണം, ഫാം ടൂറിസം, ഓമന മൃഗങ്ങളുടെ വ്യവസായം എന്നീ മേഖലകൾ ഒട്ടേറെ വികസന സാധ്യതകൾ പ്രതീക്ഷിക്കുന്നുണ്ട്. 

13. മുട്ടയുൽപാദനം വർധിപ്പിക്കാൻ വീടുകളിൽ ഉൽപാദിപ്പിക്കുന്ന മുട്ടയുടെ ക്രമമായ വിപണനം ഉറപ്പാക്കണം. 

broiler-chicken-2-karshakasree

14. ഇറച്ചിക്കോഴി വളർത്തുന്നവർക്ക് വർഷം മുഴുവൻ നിശ്ചിത നിരക്കിൽ കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കണം.  

15. വർഷം മുഴുവൻ വെള്ളത്തിന്റെ ലഭ്യതയ്ക്കും, മാലിന്യ നിർമാർജനം ഉറപ്പുവരുത്തുവാനമുള്ള സംവിധാനങ്ങൾക്ക് ഊന്നൽ നൽകണം.

മൃഗസംരക്ഷണ മേഖലയിലെ മാറ്റങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദിക്കുകയും, ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ.  വി.കെ.പി.മോഹൻ കുമാർ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചു. ഇദ്ദേഹം ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ട്രഷററാണ്. 

ഡോ. മോഹൻ കുമാറിന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും

‘‘മൃഗസംരക്ഷണ മേഖലയുടെ വളർ‍ച്ച കുത്തനെ കീഴോട്ട് പോയ വർഷമാണ് 2023. വ്യക്തതയില്ലാത്ത കണക്കുകള്‍ കാണിച്ച് സ്വയംപര്യാപ്തമാകുന്നെന്നുള്ള പ്രസ്താവനകൾ മുടങ്ങാതെ വരുന്നുണ്ട്. മേഖലയെ സ്നേഹിക്കുന്ന ആർക്കും ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. ചെറുകിട കർഷകർ ക്ഷീരമേഖലയിൽ നിന്നും പിൻമാറി, ഒരു പശുവിൽ നിന്ന് ശരാശരി 10 ലീറ്റർ പാലുൽപാദനം എന്നത് തീർത്തും വസ്തുതാവിരുദ്ധമാണ്. 2024ൽ മൃഗസംരക്ഷണ മേഖലയിൽ സർക്കാർ തലത്തിൽ കൂടുതൽ പരിഗണന നൽകണം. നയങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തണം. കർഷകരും, കർഷകരുമായി ഇടപെടുന്നവരും നയരൂപീകരണ സമിതിയിലുണ്ടാകണം. നല്ല പശുക്കളെയും കിടാരികളെയും കണ്ടെത്തി വംശവർധനയ്ക്ക് വിധേയമാക്കണം. അനാവശ്യ സബ്സിഡികൾ ഒഴിവാക്കി മുൻഗണനാക്രമത്തിൽ വേണ്ട മേഖലകളിൽ മാത്രം സബ്സിഡി നൽകണം. നയപരമായ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ 2024 അനുകൂലമാക്കാൻ കഴിയും. ’’

ഭാഗം 1: ഇൻഷുറൻസ് ഇല്ലാത്തതിനാൽ കുട്ടിക്കർഷകർക്ക് മാത്രമല്ല നഷ്ടം: 2024ൽ മൃഗസംരക്ഷണ മേഖലയിൽ എന്തൊക്കെ ചെയ്യണം 

ഭാഗം 2: മാറുന്ന കർഷകരും മാറ്റമില്ലാത്ത മൃഗസംരക്ഷണവും; വേണം നല്ല പശുക്കൾ, അതിനു വേണം നല്ല ബീജമാത്രകൾ 

നാളെ: കണക്കിലെ കളികളും സ്വയംപര്യാപ്തതയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com