യുകെയിലെ ഫാം ഉൾപ്പെടെ പാലും പാലുൽപന്നങ്ങളും പൈനാപ്പിളും: 2023ൽ കണ്ട മികച്ച ഡെയറി ഫാമുകൾ
Mail This Article
ക്ഷീരോൽപാദനത്തിലൂടെ മികച്ച വരുമാനം നേടുന്ന കർഷകർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ക്ഷീരവ്യവസായത്തെ വേറിട്ട കോണിലൂടെ കണ്ട് പാലിനൊപ്പം പാലുൽപന്നങ്ങൾ തയാറാക്കി വിൽപന നടത്തുന്ന കർഷകർ ഏറെയുണ്ട്. അതുപോലെ ഫാമിലെ ഉപോൽപന്നമായ ചാണകവും വരുമാനമാക്കുന്നു കർഷകർ. ചിലരാവട്ടെ മികച്ച പശുക്കുട്ടികൾ ഫാമിൽ ജനിക്കാൻ ബ്രീഡിങ്ങിന് പ്രാധാന്യം നൽകുന്നു. പശുക്കൾ മാത്രമല്ല എരുമയും ലാഭവഴിയാണെന്നു തെളിയിച്ചുതരുന്ന കർഷകനുമുണ്ട്. 2023ൽ കർഷകശ്രീയിലൂടെ കണ്ട മികച്ച ഡെയറി ഫാം മാതൃകകളിലൂടെ ഒരു തിരിഞ്ഞു നോട്ടം.
1. കറവ ലൈവ്, കറന്നുമെടുക്കാം: ഒറിജിനൽ ചൂട് പാൽ, വിൽപന തൊഴുത്തിൽ; മായമില്ല, മന്ത്രവുമില്ല!
‘അപ്പൊ കുറച്ചു വെള്ളം ചേർക്കാമല്ലേ...’ നാടോടിക്കാറ്റിലെ വിജയനോട് ദാസൻ ഇങ്ങനെ ചോദിക്കുന്നത് അര മനസ്സോടെയാണ്. സിനിമയിലെ പാൽക്കച്ചവടം ദുരന്തത്തിൽ കലാശിച്ചു. ‘മായ’വാർത്തകൾ പ്രചരിക്കുമ്പോൾ വാങ്ങുന്ന പാലിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പിക്കും? എന്നാൽ, തൊഴുത്തിലെത്തി കറവ നേരിൽക്കണ്ടു പാൽ വാങ്ങാനൊക്കുമോ? ഒപ്പം ഏതു പശുവിന്റെ പാലാണു വേണ്ടതെന്നു തിരഞ്ഞെടുക്കാൻ അവസരം കൂടിയുണ്ടെങ്കിലോ? അതും വേണ്ട, പാൽ സ്വയം കറന്നെടുത്തോളൂവെന്നാണെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നമല്ലേ, സംഭവം സത്യമാണ്. ആലപ്പുഴ ചന്ദനക്കാവ് ചെമ്പകശേരി മഠത്തിലേക്കു വരൂ. ഇതെല്ലാം നടക്കും. മഠത്തിലെ പതിറ്റാണ്ടുകളുടെ ക്ഷീരസംരംഭ പൈതൃകമുള്ള തൊഴുത്തിൽ ഏതാനും വർഷങ്ങളായി പശുക്കളെ വളർത്തുന്നത് ആലപ്പുഴ ചുങ്കം സ്വദേശിയായ പുത്തൻചിറ പുത്തൻവീട്ടിൽ സജീറാണ്. വെള്ളം മാത്രമല്ലേ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഫോർമലിനും അഫ്ലാടോക്സിനും ഹൈഡ്രജൻ പെറോക്സൈഡുമൊന്നുമില്ലാത്ത ശുദ്ധമായ പശുവിൻപാൽ കണ്ടറിഞ്ഞു വാങ്ങാൻ തൊഴുത്തിൽ പുലർച്ചെ 5.30 മുതൽ ആളുകൾ ക്യൂവാണ്.
2. കൃഷിക്ക് വളത്തിനായി ഡെയറി ഫാം, 25 ലീറ്റർ പാലുള്ള പശുക്കൾ, ഫാനായി വാട്ടർ പമ്പ്, ലക്ഷങ്ങളുടെ നേട്ടം
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക്.... വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ... അപ്പോൾപ്പിന്നെ കൃഷിയടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിലുൽപാദിപ്പിക്കാൻ കഴിഞ്ഞാലോ... വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ... അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ വലിയൊരു വളമുൽപാദനകേന്ദ്രം തുടങ്ങി. വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലം– ഡെയറി ഫാം. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുന്ന യുവ കർഷകനാണ് എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.
‘ഡെയറി ഫാം ഉൾപ്പെടെയുള്ള കൃഷി ലാഭകരമാകണമെങ്കില്‍ രണ്ടു വഴികളേയുള്ളൂ. ആദ്യവഴി ഉല്‍പാദനച്ചെലവു കുറയ്ക്കുക എന്നതാണ്. അതല്ലെങ്കില്‍ മൂല്യവര്‍ധനയിലേക്കു തിരിയണം’ മാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ലാഭമുണ്ടാക്കുന്ന സ്വന്തം ഡെയറിഫാമിന്റെ മുന്നിൽനിന്ന് വക്കച്ചൻ പറയുന്നു. കൃഷി പഠിച്ച് ലാഭം ഉറപ്പിച്ചിറങ്ങുന്ന പുതുതലമുറ കര്‍ഷകരുടെ പ്രതിനിധിയാണ് വക്കച്ചന്‍.
3. 5 എരുമകൾ, ദിവസം 40 ലീറ്റർ പാൽ, ലീറ്ററിന് 100 രൂപ; റഷീദിന് വരുമാനമായി എരുമകൾ; എരുമ വളർത്തൽ നേട്ടമാകുന്നത്...
പാലിനായി നാം പ്രധാനമായും ആശ്രയിക്കുക പശുക്കളെയാണ്. ചെറിയ തോതിൽ എരുമകളും ആടുകളുമുണ്ടെങ്കിലും സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെ നല്ല പങ്കും പശുക്കളിൽനിന്നുള്ളതുതന്നെ. പാലുൽപാദനത്തിന് എരുമകളെ പരിപാലിക്കുകയാണ് തൃശൂർ കൈപ്പമംഗലം കാട്ടിലേപീടികയിൽ എം.എം.മുഹമ്മദ് റഷീദ്. പത്തു കൊല്ലം പിന്നിട്ട റഷീദിന്റെ പാത്തൂസ് ഡെയറി ഫാമിൽ ഇന്ന് പാൽ ചുരത്തുന്ന 5 എരുമകളാണുള്ളത്. മാത്രമല്ല, മികച്ച പാലുൽപാദനത്തിന് മികച്ച എരുമകളെ സ്വന്തം ഫാമിൽത്തന്നെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ എട്ട് എരുമക്കിടാങ്ങളും ഇവിടെ വളർന്നുവരുന്നു. എരുമകൾ ശല്യക്കാരാണ്, വളർത്താൻ ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലാണ്, പാൽ കുറവാണ് എന്നൊക്കെ പറയുന്നവർക്കിടയിൽ സ്വന്തം എരുമകളിലൂടെ വേറിട്ടുനിൽക്കുകയാണ് റഷീദ്. അതുകൊണ്ടുതന്നെ റഷീദിന്റെ ഈ ചെറിയ ഫാമിൽനിന്ന് കണ്ടുപഠിക്കാൻ കാര്യങ്ങളേറെ.
4. പാൽ പണം തരും, ചാണകം വൈദ്യുതിയും; 10 വർഷമായി തൊഴുത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കർഷകൻ
പാലും ചാണകവും ലഭിക്കുന്ന തൊഴുത്തിൽനിന്ന് പാചകവാതകം ഉൽപാദിപ്പിക്കാമെന്ന് നമുക്കറിയാം. എന്നാൽ, ആ പാചകവാതകം അതായത് ഗോബർ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാലോ! വീട്ടാവശ്യത്തിനുള്ളതും ഫാമിലേക്കുള്ളതുമായ വൈദ്യുതിയിച്ചെലവ് കുറയ്ക്കാൻ കഴിയും. ഈ സാധ്യത പത്തു വർഷം മുൻപേ ചിന്തിച്ചയാളാണ് എറണാകുളം വല്ലാർപാടം സ്വദേശിയായ ഷാജഹാൻ എന്ന ഷാജി. എറണാകുളത്തെ ഗോശ്രീ പാലം കടന്ന് വല്ലാർപാടം പള്ളിയുടെ അരികിലൂടെ മുളവുകാട്ടേക്കു പോകുന്ന വഴിയരികിലെ 26 സെന്റിലാണ് ഷാജിയുടെ വീടും ഫാമും. ഏകദേശം പത്തു വർഷത്തോളമായി ഷാജി ഗോബർ ഗ്യാസിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ആത്മയുടെ പദ്ധതി വഴിയായിരുന്നു പ്ലാന്റും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. മൂന്നു ഘനയടി ശേഷിയുള്ള പ്ലാന്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന വാതകം ജിയോമെബ്രേൻ ഉപയോഗിച്ചുള്ള വലിയ ബലൂൺ അറയിൽ ശേഖരിച്ചശേഷമായിരുന്നു വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നത്. ഈ വാതകം അന്ന് 85,000 രൂപ നൽകി വാങ്ങിയ ഡീസൽ എൻജിനിലേക്ക് കടത്തിവിട്ട് പ്രവർത്തിപ്പിച്ചായിരുന്നു വൈദ്യുതിയുൽപാദനം. എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ഡീസൽ വേണം. ശേഷം ഗ്യാസ് ഉപയോഗിച്ചു പ്രവർത്തിക്കുമെന്ന് ഷാജഹാൻ.
5. 150 പശുക്കൾക്ക് തീറ്റയായി പൈനാപ്പിൾ പഴം, വേറിട്ട മാതൃകയായി അന്ന ഫാം
2008ൽ ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള പുറപ്പുഴയിൽ 25 ഏക്കർ റബർത്തോട്ടം വാങ്ങിയതാണ് ഈ കുടുംബത്തിന്റെ ഫാമിങ്ങിലേക്കുള്ള ചുവടുവയ്പ്പ്. ആദ്യം രണ്ടു പശുക്കളെ വാങ്ങി. സ്ഥലവും സൗകര്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടും കൃഷിക്ക് വളമായി ചാകണം ആവശ്യമായിരുന്നതുകൊണ്ടും രണ്ട് പത്തായി, പത്ത് ഇരുപതായി അങ്ങനെ പടിപടിയായി 150 പശുക്കളിലേക്ക് ഫാം എത്തിനിൽക്കുന്നു. കുട്ടികളുൾപ്പെടെ ആകെ 200നു മുകളിൽ ഉരുക്കൾ. എപ്പോഴും 90-100 പശുക്കൾ കറവയിലുണ്ടാകും. അതുപോലെ പ്രതിദിനം ശരാശരി 1000 ലീറ്ററാണ് ഉൽപാദനം. പ്രധാനമായും പാൽ അളക്കുന്നത് ക്ഷീരസംഘത്തിൽത്തന്നെ. കൂടാതെ, പള്ളികളിലെ തിരുന്നാളിലും അമ്പലങ്ങളിൽ ഉത്സവങ്ങൾക്കും പാലും തൈരും ആവശ്യപ്പെടുന്നതനുസരിച്ച് നൽകാറുമുണ്ട്. ഫാമിലുണ്ടാകുന്ന നല്ല കന്നുകുട്ടികളെ തിരഞ്ഞെടുത്ത് വളർത്തി വലുതാക്കി അവയിൽ മികച്ചവയെ ഫാമിലേക്ക് ചേർക്കുന്ന രീതിയാണ് ബെന്നിക്കും നിഷയ്ക്കുമുള്ളത്. ഇത്തരത്തിൽ വർഷം 35 കുട്ടികളോളം വളർന്നുവരുന്നുണ്ട്. മൂന്നാം വർഷം ഈ കുട്ടികൾ പശുവായി മാറുമ്പോഴേക്ക് മുതിർന്നവയിൽനിന്ന് ആരോഗ്യപ്രശ്നങ്ങളോ ഉൽപാദനക്കുറവോ ഉള്ള പശുക്കളെ ഒഴിവാക്കും. സാന്ദ്രിത തീറ്റ സ്വന്തമായി നിർമിക്കുന്നതുമാത്രമല്ല ഈ ഫാമിലെ പ്രത്യകത, പശുക്കൾക്ക് പൈനാപ്പിളും നൽകുന്നുണ്ട്. പൈനാപ്പിൾ ഫാക്ടറിയിൽനിന്നുള്ള പഴത്തിന്റെ അവശിഷ്ടങ്ങൾ ദിവസം രണ്ടു ടണ്ണോളം ലഭിക്കുന്നു. ഇത് പശുക്കൾക്ക് ഏറെ ഇഷ്ടമെന്ന് ബെന്നി. ഇത് നൽകിത്തുടങ്ങിയതോടെ പശുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടു, പാലുൽപാദനവും കൂടിയെന്നും ബെന്നി പറയുന്നു. പൈനാപ്പിൾ പഴത്തിന്റെ അവശിഷ്ടത്തിനൊപ്പമാണ് അരിഞ്ഞ പൈനാപ്പിൾ ഇലയും നൽകുന്നത്. അതുകൊണ്ടുതന്നെ പരുഷാഹാരത്തിന്റെ ചെലവും കുറഞ്ഞിട്ടുണ്ട്.
6. നല്ല പശുക്കളെ വളർത്താൻ കൃത്രിമ ബീജാധാനം പഠിച്ച് യുവാവ്: നാലര ലക്ഷം രൂപയ്ക്കു വരെ പശുക്കളെ വിറ്റിരുന്ന ഫാം
സ്വന്തം ഫാമിൽ മികച്ച പാലുൽപാദനമുള്ള പശുക്കളെ നിലനിർത്താനും അടുത്ത തലമുറയിൽ മികച്ച പാലുൽപാദനമുള്ള കിടാരികളെ ജനിപ്പിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന യുവ കർഷകനാണ് വയനാട് മാനന്തവാടി കുറ്റിത്തോട്ടത്തിൽ വിപിൻ പൗലോസ്. നാലു പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള വിപിന്റെ സമൃദ്ധി ഡെയറി ഫാമിൽ പ്രതിദിന പാലുൽപാദനം ശരാശരി 150 ലീറ്ററാണ്. 9 പശുക്കളും 5 കിടാരികളുമുള്ള ഫാമിലെ ഒരു പശുവിന്റെ പരമാവധി പാലുൽപാദനം ദിവസം 35 ലീറ്റർ.
പിതാവ് കെ.സി.പൗലോസ് 1982–84 കാലഘട്ടത്തിൽ ആരംഭിച്ച ഡെയറി ഫാമാണ് ഇപ്പോഴും മികച്ച പശുക്കളുമായി പ്രവർത്തിക്കുന്നത്. സ്വന്തം പശുക്കളിൽ മികച്ച കാളകളുടെ ബീജം കുത്തിവയ്ക്കാൻതന്നെ ബീജാധാന പരിശീലനം നേടിയ ആളാണ് വിപിൻ. ഒപ്പം മണ്ണുത്തി വെറ്ററിനറി കോളജിൽനിന്ന് വെറ്ററിനറി നഴ്സിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കി.
കേരളത്തിലെ വർധിച്ചുവരുന്ന ഉൽപാദനച്ചെലവ് ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉൽപാദനക്ഷമതയേറിയ പശുക്കൾക്കൾക്ക് പ്രധാന്യമേറെയെന്ന് വിപിൻ. പത്തു ലീറ്റർ പാലുള്ള പശുവിനും 30 ലീറ്റർ പാലുള്ള പശുവിനും ചെലവ് ഏറെക്കുറെ ഒരുപോലെയാണ്. അതേസമയം പാലിൽനിന്നുള്ള വരുമാനത്തിൽ മാറ്റവുമുണ്ടാകും. അതുകൊണ്ടുതന്നെ പാലുൽപാദനമുള്ള പശുക്കളാണ് ക്ഷീരകർഷകരുടെ നിലനിൽപിന് അനിവാര്യമെന്നും വിപിൻ.
7. പാലിൽനിന്ന് പാക്കറ്റ്പാലിലേക്ക്, ഒപ്പം തൈരും സംഭാരവും: ക്ഷീരകർഷകയുടെ പാൽ സംസ്കരണ യൂണിറ്റ് കാണാം
മണലാരണ്യത്തിൽ 25 വർഷം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചാണ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരയ്ക്കൽ വി.എം. ഇബ്രാഹിം റാവുത്തർ ഡെയറി ഫാം ആരംഭിച്ചത്. 2018ൽ 5 പശുക്കളുമായി തുടങ്ങിയ ഫാം ഇന്ന് 40 പശുക്കളും ദിവസം 400 ലീറ്റർ പാല്‍ ഉല്‍പാദനവുമുള്ള സഫ ഫാം ഫ്രഷ് മിൽക്ക് എന്ന വന്‍ സംരംഭമാണ്. മുൻപ് പാൽ പാലായിത്തന്നെ ക്ഷീരസംഘത്തിൽ നല്‍കുകയായിരുന്നെങ്കിൽ കഴിഞ്ഞ മേയ് മാസം മുതൽ പാക്കറ്റ് പാൽ, അതും വെറും പാലല്ല, പാസ്ചുറൈസ് ചെയ്ത പാൽ വിപണനം ചെയ്യുന്നു. ഒപ്പം തൈരുമുണ്ട്. ഈയിടെ വിപണിയിലെത്തിച്ച സംഭാരമാണ് ഏറ്റവും ഒടുവിലത്തെ ഉൽപന്നം. ഇബ്രാഹിം റാവുത്തർ തുടങ്ങിവച്ച ഫാം മുൻപോട്ടു കൊണ്ടുപോകുന്നത് മകൾ റിനി നിഷാദാണ്. അഞ്ചില്‍നിന്ന് 40 പശുക്കളിലേക്കുള്ള വളര്‍ച്ചയും പാക്കറ്റ് പാൽ വിൽപനയുമെല്ലാം റിനിയുടെ പരിശ്രമഫലം.
8. ചാണക സംസ്കരണത്തിന് 15 ലക്ഷത്തിന്റെ പ്ലാന്റ്; ആഴ്ചയിൽ കിട്ടും അര ലക്ഷം; ഡെയറി ഫാം ലാഭത്തിലാക്കാനുള്ള എളുപ്പവഴി
ഡെയറിഫാമും പരിസരവും എപ്പോഴും വൃത്തിയായി വയ്ക്കണമെന്നു നിര്‍ബന്ധമുണ്ട് കോട്ടയം മുട്ടുചിറ യിലെ പറുദീസ ഫാം ഉടമകളായ അരൂകുഴുപ്പിൽ രാജീവിനും ഭാര്യ വിധുവിനും. സമ്മിശ്ര–സംയോജിതകൃ ഷിയുടെ മികച്ച മാതൃകയായ ഈ ഫാമിൽ പശുക്കൾക്ക് ഏറെ പ്രാധാന്യമുണ്ട്. പാലിനും പാലുൽപന്ന ങ്ങള്‍ക്കുമൊപ്പം ഗോമൂത്രവും ചാണകവും ഇവിടെ മികച്ച വരുമാനമാർഗങ്ങള്‍. അതുകൊണ്ടുതന്നെ ഈയിടെ 15 ലക്ഷം രൂപ മുതൽമുടക്കി ചാണക സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. വരുമാനം ഇനിയും ഉയര്‍ത്താന്‍ ഈ യൂണിറ്റ് സഹായിക്കുമെന്നാണ് ദമ്പതികളുടെ പ്രതീക്ഷ.
ആത്മവിശ്വാസമായപ്പോൾ മാത്രമാണ് വായ്പയെടുത്തത്. മുതൽമുടക്കേണ്ട തുകയുടെ 70 ശതമാനമെങ്കിലും കൈവ ശമുണ്ടെങ്കിൽ മാത്രമേ ഇറങ്ങാവൂ. ഫാം നല്ല രീതിയിൽ പ്രവർത്തനക്ഷമമാകാൻ 3 വർഷമെങ്കിലും വേണം. അതുവരെ പിടിച്ചുനിൽക്കാൻ കഴിയുന്നവനു മാത്രമേ തുടർന്നും ഫാം മുൻപോട്ടു കൊണ്ടുപോകാൻ കഴിയൂ. ഭാര്യയും ഭർത്താവും ഒരുപോലെ ചിന്തിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ സംരംഭം വിജയിക്കൂ. പൂർണമായും തൊഴിലാളികളെ ഏൽപിച്ചാൽ മറിച്ചാകും ഫലം.
9. ആദ്യ അടി ‘നീ പശുവിന്റെ മൂക്കിൽ കയറിടുമല്ലേ’ എന്നു ചോദിച്ച്..; പാലും പണവും തന്ന് 'ഡോക്ടറുടെ' പശുക്കൾ
‘നീ പശുവിനു മൂക്കുകയറിടുമല്ലേ’ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കുമ്പോഴേക്ക് ആദ്യ അടി ഡോ. ചന്ദ്രകാന്തിന് കിട്ടി. എന്നാൽ ആ അടിയിൽ ചന്ദ്രകാന്ത് പതറിയില്ല. എങ്ങനെ പതറും. വെറ്ററിനറി സയൻസ് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചന്ദ്രകാന്തിന് പലതരത്തിൽ അടി കിട്ടിത്തുടങ്ങിയതാണ്. പല നാട്ടിൽ പല തരം പോരാട്ടങ്ങൾ നടത്തിയാണ് ചന്ദ്രകാന്ത് ഒരു വെറ്ററിനറി ഡോക്ടറായതെന്നു പറയാം. വെറ്ററിനറി പഠിക്കാൻ നേരെ രാജസ്ഥാനിലേക്ക്. പഠനം പൂർത്തിയാകാറായപ്പോൾ തിരിച്ചറിഞ്ഞു കോളജിന് അംഗീകാരമില്ല. പിന്നെ കേസ് നടത്തി കോളജിന് അംഗീകാരം വാങ്ങി വീണ്ടും പഠനം പൂർത്തിയാക്കി. അങ്ങനെ വെറ്ററിനറി ബിരുദം കരസ്ഥമാക്കി 2019ൽ നാട്ടിലെത്തിയപ്പോൾ പേര് ചീത്തപ്പേരായി. മറുനാട്ടിലെ സ്വകാര്യ കോളജിൽ പഠിച്ചവന് പേരു പോര. ഇതിനിടെ പണി പഠിച്ച രാജസ്ഥാനിൽ നിന്ന് കുറച്ചു പശുക്കളെ നാട്ടിലേക്കു കൊണ്ടു വന്നപ്പോൾ കന്നുകാലി കടത്തിന് കേസും കിട്ടി. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശികളായ മുരുക്കുംപുഴവീട്ടിൽ ഡോ. ചന്ദ്രകാന്തിനും ഡോ. ശിൽപയ്ക്കും പഠന കാലം പരീക്ഷണങ്ങളുടെ കാലമായിരുന്നു. എങ്കിലും ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും പഠിച്ച വെറ്ററിനറി ശാസ്ത്രം ഇരുവരെയും ചതിച്ചില്ല. അതിനാൽ തന്നെ ചന്ദ്രകാന്തും ശിൽപ്പയും പറയും. പശു കാമധേനുവാണ്. ചോദിച്ചതെല്ലാം നൽകുന്ന കാമധേനു.
10. യുകെയിലെ ഡെയറിഫാം വിശേഷങ്ങൾ പങ്കുവച്ച് ക്ഷീരകർഷകൻ
ആതുരസേവന മേഖലയിൽ മികച്ച സാധ്യത കണ്ടെത്തി യുകെയിലേക്ക് കുടിയേറുന്ന യുവതീയുവാക്കളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. എന്നാൽ, ഏതെങ്കിലും മേഖലയിൽ സ്പെഷലൈസ്ഡ് ആയിട്ടുള്ളവർക്കു മാത്രമല്ല കർഷകർക്കും യുകെയിൽ അവസരമുണ്ട്. പ്രത്യേകിച്ച് ഡെയറി ഫാമിങ് മേഖലയിൽ. പത്തും ഇരുപതും പശുക്കൾക്കു വരെ മൂന്നു നാലും തൊഴിലാളികളെ വച്ച് മുൻപോട്ടു പോകുന്ന കേരളത്തിലെ ക്ഷീരമേഖല പോലെയല്ല, യുകെയിലെ ഫാമുകൾ. ഡെയറി ഫാക്ടറി എന്നുതന്നെ വിളിക്കാവുന്ന ആയിരക്കണക്കിന് പശുക്കളുള്ള ഒട്ടേറെ വൻകിട ഫാമുകൾ യുകെയിലുണ്ട്. പ്രധാനമായും ലാഭകരമായ പാലുൽപാദനമാണ് ലക്ഷ്യം. മികച്ച പാലുൽപാദനമുള്ള പശുക്കൾ, യന്ത്ര സഹായത്തോടെയുള്ള തീറ്റ നൽകൽ, യന്ത്രക്കറവ, റോബോട്ടിക് കറവ എന്നുതുടങ്ങി പാലുൽപാദനത്തെ സഹായക്കാൻ കാര്യങ്ങളേറെ. ചുരുക്കത്തിൽ ആയിരക്കണക്കിന് പശുക്കളെ പരിചരിക്കാനുണ്ടാവുക നാലോ അഞ്ചോ തൊഴിലാളികൾ മാത്രം. യുകെയിലെ ഡെവനിലെ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന കർഷകനാണ് കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു ഗ്രാജുവേറ്റ് ആണെങ്കിലും ഡെയറി ഫാം ഉടമയെന്ന ലേബലിൽത്തന്നെയാണ് ചെറിയാന്റെ യുകെ കുടിയേറ്റം. ആറു മാസം കൂടുമ്പോൾ അവധിക്കു നാട്ടിലെത്തുന്ന ചെറിയാന് യുകെയിലെ ഡെയറി ഫാം വിശേഷങ്ങൾ പറയാനേറെയുണ്ട്.