പശുവിന്റെ പാലു കൂട്ടാൻ ‘പൈനാപ്പിൾ തന്ത്രം’; മുട്ട,പാൽ, ചാണകം വിറ്റും വൻ ലാഭം; വരൂ അന്ന ഫാമിലേക്ക്– വിഡിയോ
Mail This Article
എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽനിന്ന് ഇടുക്കി ജില്ലയിലെ പുറപ്പുഴയിലേക്കുള്ള ഒരു മണിക്കൂർ യാത്രയുടെ ഒരറ്റത്ത് കുടുംബം, മറ്റേ അറ്റത്ത് നൂറ്റൻപതോളം പശുക്കളും കിടാരികളും ആടും പന്നിയും കോഴിയും താറാവുമെല്ലാം ചേർന്ന ഫാമും. ഈ വഴിതെറ്റാതെയുള്ള ഓട്ടമാണ് കാവനാൽ നിഷ ബെന്നിയെ ഒരേ സമയം വീട്ടമ്മയും ഡെയറി ഫാം സംരംഭകയുമാക്കുന്നത്. പത്തു വർഷത്തിലേറെയായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡെയറി ഫാമിൽ കണ്ടും കേട്ടും പഠിക്കാനുള്ള കാര്യങ്ങളേറെ. ഡെയറി ഫാം മേഖലയിൽ അത്ര വ്യാപകമല്ലാത്ത തീറ്റരീതിയാണ് ഇവിടുത്തെ പ്രധാന മുഖമുദ്ര. കൈതച്ചക്കയുടെ ഇലയ്ക്കൊപ്പം പശുക്കൾ രുചിയോടെ അകത്താക്കുന്നത് നല്ല വിളഞ്ഞു പഴുത്ത കൈതച്ചക്കയുടെ ഭാഗങ്ങൾ കൂടിയാണ്. ഇത്തരത്തിൽ കഴിക്കാന്‍ പഴം കൊടുക്കുന്നതിൽ എന്തു നേട്ടമാണുള്ളത് എന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഈ തൊഴുത്തിലെ പശുക്കളെ കാണുമ്പോൾത്തന്നെ ലഭിക്കും. പശുക്കൾക്കായി മൂന്നു തരം തീറ്റ നിർമാണം, പുറമേനിന്ന് പശുക്കളെ വാങ്ങാത്ത രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് നിഷയുടെ അന്ന ഫാമിൽ. എല്ലാത്തിനും നിഷയ്ക്ക് താങ്ങും തണലുമായി തോളോടു തോൾ ചേർന്ന് നിൽക്കുന്നത് ഭർത്താവ് ബെന്നിയാണ്. ഇരുവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലംതന്നെയാണ് അടുത്തിടെ ലഭിച്ച നെക്സ്റ്റ് ജെൻ എക്സ്റ്റൻഷൻ ഫോർ ഇവോൾവിങ് റെസിലിയന്റ് അഗ്രി എക്കോസിസ്റ്റംസ് (NEERAE 2023) എന്ന പുരസ്കാരം.