ADVERTISEMENT

ആറ്റം ബോംബ് കഴിഞ്ഞാൽ മനുഷ്യനു മേൽ ഏറ്റവും കൂടുതൽ പ്രഹരശേഷി നൽകാൻ കഴിയുന്നത് ഇറച്ചിക്കോഴിക്കാണ് എന്ന രീതിയിലാണ് ചിലരുടെ വാർത്തകളും പ്രസ്താവനകളും. അടുത്തിടെ പുറത്തുവന്ന ഒരു വാർത്തയിൽ കണ്ടത് തമിഴ്നാട്ടിൽനിന്ന് ഹോർമോൺ ഇൻജക്ഷൻ നൽകിയ കോഴികളെ കേരളത്തിലേക്കു കടത്തുന്നു എന്നാണ്. തുടർന്ന് ഇൻജക്ഷന്റെ കുപ്പിയുടെ വിവരണം നൽകുന്നുണ്ട്. കുപ്പിയിൽ ‘ജെന്റാമൈസിൻ’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ, ചില വസ്തുതകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കാരണം,

1. ജെന്റാമൈസിൻ ഒരു ആന്റിബയോട്ടിക് ആണ്. ഹോർമോൺ അല്ല. 

2. അണുബാധ തടയുന്നതിനായി രോഗമുള്ള കോഴിയെ തിരഞ്ഞു പിടിച്ചു നൽകുന്ന ഇൻജക്ഷനാണ്. 

3. ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകിയാൽ തൂക്കം കൂടില്ലെന്ന് ഏത് സാധാരണക്കാരനും അറിയാം. അങ്ങനെ തൂക്കം വയ്ക്കുമെങ്കിൽ നമുക്കൊക്കെ പനിക്ക് ഇൻജക്ഷൻ എടുത്തതിനു ശേഷം നമ്മുടെ ശരീരഭാരം കൂടണ്ടേ?

4. ആന്റിബയോട്ടിക് ഇൻജക്ഷൻ എടുത്താൽ അതിന്റെ ‘സ്ട്രെസ്’ മൂലം തൂക്കം കുറയുകയേ ഉള്ളൂ. 

5. എന്തിനു വേണ്ടിയാണ് ഒരു ഫാമിൽ, വൈറ്റമിൻ, ആന്റിബയോട്ടിക്കുകൾ, വാക്സീൻ, അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നൽകുന്നതെന്ന് ശരിയായി അറിയാതെ പ്രചരിപ്പിക്കുന്നത് കർഷക ദ്രോഹമാണ്. 

6. ജന്റാമൈസിൻ എന്ന ആന്റിബയോട്ടിക് ഒരു നിരോധിത മരുന്നല്ല. നമ്മുടെ നാട്ടിലും, മറ്റ് സ്ഥലങ്ങളിലും പശു, ആട്, എരുമ, കോഴി, മറ്റ് വളർത്തുമൃഗങ്ങൾ, മനുഷ്യർ അങ്ങനെ എല്ലാവർക്കും നൽകുന്ന മരുന്നാണ്. 30 ദിവസം പ്രായമായ ഒരു ഇറച്ചിക്കോഴിക്ക് ഈ ആന്റിബയോട്ടിക് നൽകിയാൽ കശാപ്പ് ചെയ്യുന്ന സമയം അതിന്റെ മാംസത്തിൽ ആന്റിബയോട്ടിക് അംശം ഉണ്ടാകില്ല. 

പശുവളർത്തല്‍ പോലെ, ആടുവളർത്തൽ പോലെ, റബർ കൃഷിപോലെ മറ്റു തരം വ്യവസായങ്ങൾ പോലെ കോഴിവളർത്തലും കേരളത്തിൽ ഒരു കൃഷിയാണ്. 500 മുതൽ 2000 വരെ കോഴികളെ വളർത്തുന്ന ചെറുകിട ഇടത്തരം കർഷകരാണ് ഈ മേഖലയിൽ കേരളത്തിലുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇറച്ചിക്കോഴി മാരമായ ആസുഖം പടർത്തുന്നതും രാസപദാർഥങ്ങൾ നിറഞ്ഞതുമായ ഒരു ജീവി എന്ന നിലയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഈ മേഖലയിലെ ശാസ്ത്രജ്ഞർ നിരന്തരം പറയുന്നുണ്ടെങ്കിലും ചിലർ ബോധപൂർവം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നു. 

ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ ഇനി പറയുന്ന നിര്‍ദേശങ്ങൾ നടത്തിയാൽ നന്ന്. കാരണം കേരളത്തിലെ ഉപഭോക്താക്കൾക്ക്, അവർ കഴിക്കുന്ന ഭക്ഷണം തീർത്തും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. ആ ഉത്തരവാദിത്തം സർക്കാരിനുണ്ട്, ഒപ്പം കോഴികൃഷിയുടെ നിലനിൽപിനും. 

1. ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിൽ വാങ്ങുന്ന കോഴികൾക്ക് കൃത്യമായ ബില്ല് ഉണ്ടാകണം. എവിടെ നിന്ന് വാങ്ങി, എന്ന് വാങ്ങി തുടങ്ങിയവ കാണിക്കുന്ന റജിസ്റ്റർ സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷാ, വകുപ്പ് പരിശോധന നടത്തുമ്പോൾ ഇതും പരിശോധിക്കണം. ഇറച്ചിയിൽ എന്തെങ്കിലും മായമുണ്ടെങ്കിൽ അത് നൽകിയ കോഴിക്കടക്കാരനെ കണ്ടെത്താമല്ലോ. 

2. കേരളത്തിൽ വളർത്തുന്നതും മറ്റ് സംസ്ഥാനങ്ങളിൽ വളരുന്നതുമായ കോഴികളെ തിരിച്ചറിയാൻ കഴിയണം. അതിനായി കോഴിയുടെ കാലിൽ QR കോഡുള്ള ടാഗ് പതിപ്പിക്കാൻ കഴിയും. ഈ QR കോഡ് സ്കാൻ ചെയ്താൽ എവിടത്തെ ഏത് ഫാമിൽ വളർന്നത്, ഏത് തീറ്റ, മരുന്ന്, പ്രായം തുടങ്ങി എല്ലാ വിവരവും ഉടമസ്ഥന് അറിയാൻ കഴിയും (കേരളത്തിൽ ഇത്തരത്തിൽ കോഴികളെ വിതരണം ചെയ്യുന്ന സ്ഥാപനമുണ്ട്). ഈ QR കോഡ് എന്ന സമ്പ്രദായം കൊണ്ട് വന്നാൽ തന്നെ ഈ പ്രശ്നങ്ങൾ എല്ലാം അവസാനിക്കും. ഉദാഹരണത്തിന് ഒരു ഹോട്ടലിൽ ഭക്ഷ്യവിഷബാധ ഉണ്ടായെന്നിരിക്കട്ടെ. അവിടെ വിതരണം ചെയ്ത കോഴിയുടെ QR കോഡ് പരിശോധിച്ചാൽ ഏത് ഫാമിൽ നിന്നും വന്നു, ആ ഫാമിൽ സാൽമൊണല്ല പോലുള്ള അസുഖം നിലനിൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. 

3. കമ്പോളത്തിലെ കോഴിയിറച്ചിയിലെ ആന്റിബയോട്ടിക് അംശം പരിശോധനയിലൂടെ കണ്ടെത്തണം. ഏതെങ്കിലും കോഴിയിൽ ആന്റിബയോട്ടിക് അംശമോ, ഹോർമോണോ അടങ്ങിയിട്ടുണ്ടെങ്കിൽ അത്തരം കോഴിഫാമിലെ കോഴികളെ കേരളത്തിൽ നിരോധിക്കാവുന്നതാണ്. അതിന് ഏതു കോഴി എവിടെനിന്ന് വന്നു എന്ന് അറിയണം. അതിനും QR കോഡ് സഹായിക്കും. 

4. തമിഴ്നാട്ടിൽ നിന്നുള്ള കോഴി ഗുണനിലവാരത്തിൽ പിന്നിലാണെന്ന് കണ്ടെത്തിയാൽ, കേരളത്തിലെ കോഴികൾക്ക് ഡിമാൻഡ് വർധിക്കുകയും, കേരളത്തിലെ കോഴി വ്യവസായത്തിലെ പ്രതിസന്ധി അവസാനിക്കുകയും ചെയ്യും.

5. പക്ഷിപ്പനി പോലുള്ള അസുഖങ്ങൾ വന്നാൽ, രോഗം ബാധിച്ച ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിന് വെളിയിലുള്ള കോഴികൾ സുരക്ഷിതമാണെന്നുള്ള വിവരം ഉപഭോക്താക്കളെ കൃത്യമായി അറിയിക്കണം. അനാവശ്യ ഭീതിവേണ്ട. 

6. നമ്മുടെ നാട്ടിലെ പാൽ, മുട്ട, ആട്ടിറച്ചി, മാട്ടിറച്ചി, കോഴി ഇറച്ചി, പച്ചക്കറികൾ തുടങ്ങി എല്ലാ ഭക്ഷ്യ വസ്തുക്കളിലേയും ആന്റിബയോട്ടിക്, ഹോർമോൺ, അണുനാശിനി, വിവിധ രാസപദാർഥങ്ങൾ തുടങ്ങിയവ പരിശോധിച്ച് ഉപഭോക്താക്കളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം. 

7. പ്രചരണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച്, വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സർക്കാർ സ്വീകരിക്കണം.

English summary: Allegations about Broiler Chicken Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com