ക്ഷീരസ്വയംപര്യാപ്തതയിലേക്ക് കേരളത്തിന് ഇനി എത്ര ദൂരം?

HIGHLIGHTS
  • പൊതുമേഖലാ കാലിത്തീറ്റ കമ്പനികള്‍ക്ക് വേണ്ടത് വിപണിമിടുക്ക്
  • മറുനാടന്‍ പാലൊഴുക്കിനെ നിയന്ത്രിക്കാന്‍
cow-milk
SHARE

(ഭാഗം-1) 

ഐക്യരാഷ്ട്രസംഘടനയുടെയും ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെയും ആഹ്വാനമനുസരിച്ച് ജൂണ്‍ 1,  ലോകമെങ്ങും ക്ഷീരദിനമായി ആചരിക്കുകയാണ്. ക്ഷീരമേഖലയില്‍ സുസ്ഥിരത എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുഖ്യപ്രമേയം. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ കാരണം ചെറുകിട വ്യാപാര വ്യവസായമേഖലകളില്‍ മിക്കതും സാമ്പത്തികമാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തെന്നിവീണപ്പോള്‍ സുസ്ഥിരതയോടെ ഇപ്പോഴും പിടിച്ചുനില്‍ക്കുന്ന ചുരുക്കം തൊഴില്‍ മേഖലകളില്‍ ഒന്നാമതാണ് ക്ഷീരമേഖല. ഏതു പ്രതിസന്ധികളുടെ കാലത്തും പാലിനു സുസ്ഥിരമായ വിപണിയും വിലയും ലഭിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ പാല്‍ സംഭരണത്തിലും പാലിന്റെയും പാലുല്‍പന്നങ്ങളുടെയും വിപണത്തിലും ഉണ്ടായ താല്‍ക്കാലിക പ്രതിസന്ധി ഫലപ്രദമായി മറികടക്കാന്‍ നമുക്ക് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് പത്തു ലക്ഷത്തിലധികം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ആളുകള്‍ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നാണ് കണക്ക്. പുല്‍ക്കൃഷി, തീറ്റഉല്‍പാദനം, പാല്‍സംഭരണം, പാല്‍ സംസ്‌കരണം, കൃത്രിമ ബീജാദാനം തുടങ്ങിയ അനുബന്ധമേഖലകള്‍ കൂടി പരിഗണിച്ചാല്‍ ക്ഷീരമേഖലയുടെ തൊഴില്‍ ശേഷി ഇനിയും ഉയരും. ഈയിടെ 20-ാം കന്നുകാലി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പശുക്കളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 1.01 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ചെറിയ വര്‍ധന ആണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും മുന്‍ സെന്‍സസ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ പോസിറ്റീവ് ആയ വളര്‍ച്ചാനിരക്കാണ്. യുവാക്കളും, വിവിധ മേഖലകളില്‍ തൊഴില്‍ നഷ്ടപെട്ടവരും ഉള്‍പ്പെടെ നിരവധി പേര്‍ സുരക്ഷിതമായ ഒരു മുഖ്യതൊഴില്‍ എന്ന നിലയിലും, അധിക വരുമാനം കണ്ടെത്താന്‍ ഉപതൊഴില്‍ എന്ന നിലയിലും ജീവനോപാധി തേടി ക്ഷീരമേഖലയിലേക്ക് കടന്നുവരുന്ന മാറ്റത്തിന്റെ സമയം കൂടിയാണിത്.

പാലുല്‍പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രാമീണതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും പ്രാദേശിക വിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരിക്കാന്‍ കഴിയുന്നുവെന്നത് നമ്മുടെ പ്രത്യേകതയാണ്. മാത്രമല്ല, ക്ഷീര സഹകരണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. 3643 ക്ഷീരസഹകരണ സംഘങ്ങളില്‍ കൂടി പ്രതിദിനം 21 ലക്ഷം ലീറ്ററോളം പാലാണ് സംഭരിച്ചു വരുന്നത്. നമുക്ക് ആവശ്യമായ പാലിന്റെ ഏകദേശം 94 ശതമാനം നിലവില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ക്ഷീരമേഖലയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത എന്ന അഭിമാനകരമായ ലക്ഷ്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. നമ്മുടെ ക്ഷീരമേഖലയെ സുസ്ഥിരമായി നിലനിര്‍ത്താനും, ഈ രംഗത്തുനിന്നും കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തടയാനും, കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും,  പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന  ലക്ഷ്യം നിറവേറ്റാനും ബഹുമുഖവും ദീര്‍ഘവീക്ഷണവുമുള്ള പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ വേണ്ടതുണ്ട്.

ആനുകൂല്യങ്ങളില്‍ ആനുപാതികമാറ്റങ്ങള്‍ വേണം ഉല്‍പാദനച്ചെലവ് പുനര്‍നിര്‍ണയിക്കണം 

2016-2017 വര്‍ഷത്തില്‍ മില്‍മ നിയോഗിച്ച എന്‍.ആര്‍. ഉണ്ണിത്താന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഒരു ലീറ്റര്‍ പാലിന്റെ ഉല്‍പാദനച്ചെലവ് 42.67 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പാലിലെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെയും അളവ് അടിസ്ഥാനമാക്കി സഹകരണ സംഘങ്ങളില്‍ വിലനിര്‍ണയിക്കുമ്പോള്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇപ്പോഴും ശരാശരി ലഭിക്കുന്നത് 35-37 രൂപയാണ്. വര്‍ഷങ്ങളായി നിലവിലുള്ള ഈ വിലനിര്‍ണയ ചാര്‍ട്ട് പരിഷ്‌കരിക്കണമെന്ന ആവശ്യം  ക്ഷീരകര്‍ഷകര്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. ഉല്‍പാദനച്ചെലവും ലഭിക്കുന്നവിലയും തമ്മില്‍ വലിയ അന്തരമുള്ളപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ കേരളത്തിലെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് ഒരു പരിധി വരെ കഴിയുന്നത് ക്ഷീരവികസനവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ഇന്‍സെന്റീവുകള്‍ ലഭ്യമായത് കൊണ്ടാണ്. ഒപ്പം ചില്ലറവിപണനവും ചിലര്‍ക്കെങ്കിലും സഹായകരമാവുന്നു. കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലീറ്റര്‍ പാലിന് പരമാവധി 4 രൂപ എന്ന തോതിലാണ് ഇപ്പോള്‍ ഇന്‍സെന്റീവ്. ഈ നാലു രൂപ ഇന്‍സെന്റീവില്‍ ഒരു രൂപ ക്ഷീരവികസനവകുപ്പും ബാക്കി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമാണ് നല്‍കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പാല്‍ ഇന്‍സെന്റീവിനായി പരമാവധി വിഹിതം വകയിരുത്തിയില്ലെങ്കില്‍ ഈ സഹായധനം വീണ്ടും കുറയും.മാത്രമല്ല,  എത്ര ലിറ്റര്‍ പാല്‍ അളന്നാലും പ്രതിവര്‍ഷം പരമാവധി 40,000 രൂപ ഇന്‍സെന്റീവ് അനുവദിക്കാന്‍ മാത്രമേ ഇപ്പോള്‍ വ്യവസ്ഥയുള്ളൂ. കൂടുതല്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് അതിനനുസരിച്ചുള്ള സാമ്പത്തിക സഹായം ലഭിക്കുന്നില്ലന്ന് ചുരുക്കം. 

ചെറുകിട കര്‍ഷകരുടെ ക്ഷീരസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കറവപ്പശുക്കളുടെ കാലിത്തീറ്റ സബ്‌സിഡി പത്തു മാസത്തേക്ക് പരമാവധി 10,000 രൂപ മാത്രമാണ്. ഇതനുസരിച്ച് ഒരു കര്‍ഷകന് കേവലം 100 കിലോഗ്രാം കാലിത്തീറ്റ മാത്രമാണ് ഒരു മാസം സബ്‌സിഡി നിരക്കില്‍ ലഭ്യമാവുക. തീറ്റ ആവശ്യകത മുന്‍നിര്‍ത്തി നോക്കിയാല്‍ ഇത് തീരെ തുച്ഛമാണ്. മാസം 200 കിലോഗ്രാം തീറ്റയെങ്കിലും സബ്‌സിഡി നിരക്കില്‍ ചെറുകിട കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. 

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാനും വര്‍ധിച്ചു വരുന്ന ഉല്‍പാദനച്ചെലവ് മൂലമുള്ള സാമ്പത്തികനഷ്ടം നികത്താനും നിലവിലുള്ള ക്ഷീര ഇന്‍സെന്റീവുകളിലും സബ്സിഡികളിലും ആനുപാതികവും കാലോചിതവുമായ മാറ്റങ്ങള്‍ വരുത്തണം. ക്ഷീര ഇന്‍സെന്റീവ്, സബ്‌സിഡി പുനര്‍നിര്‍ണയത്തിന് മുന്‍പായി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കാലയളവില്‍ പാല്‍ ഉല്‍പാദനച്ചെലവ് എത്രത്തോളം വര്‍ധിച്ചു എന്നതിനെക്കുറിച്ച് ഒരു വിദഗ്ധസമിതിയെ നിയമിച്ച് സര്‍ക്കാര്‍ ഒരു സമഗ്രപഠനവും നടത്തേണ്ടതുണ്ട്. രണ്ടോ മൂന്നോ പശുക്കളെ മാത്രം വളര്‍ത്തി ഉപജീവനം കഴിക്കുന്ന കേരളത്തിലെ തൊണ്ണൂറ് ശതമാനം വരുന്ന സാധാരണക്കാരായ ക്ഷീരകര്‍ഷകരുടെ പക്ഷത്തുനിന്ന് പ്രശ്‌നങ്ങളെ പഠിക്കാനും പരിഹരിക്കാനുമുള്ള ശ്രമമാണ് വേണ്ടത്.

ക്ഷീരമേഖല തീറ്റയില്‍ തട്ടി വീഴാതിരിക്കാന്‍

പാല്‍ ഉല്‍പ്പാദനച്ചെലവ് ഉയരുന്നതിന്റെ മുഖ്യകാരണം കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലവര്‍ധന തന്നെയാണ്. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകളുുടെ ഗുണനിലവാരം സംബന്ധിച്ചും നിരവധി പരാതികള്‍ കര്‍ഷകരില്‍ നിന്നുയരുന്നുണ്ട്. ഉദാഹരണത്തിന് കാലിത്തീറ്റയിലെ മാംസ്യത്തിന്റെ ശതമാനം ഉയര്‍ത്താന്‍ മികച്ച മാംസ്യസ്രോതസുകള്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ഏറ്റവും വില കുറഞ്ഞ മാംസ്യസ്രോതസുകളിലൊന്നായ യൂറിയ അനുവദനീയമായ 1% അളവിലും അധികം പല കാലിത്തീറ്റകളിലും ഉപയോഗിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. കാലിത്തീറ്റയിലെ ഉയര്‍ന്ന യൂറിയ ശതമാനം ആദ്യഘട്ടത്തില്‍ ഉല്‍പ്പാദനം ഉയര്‍ത്തുമെങ്കിലും ക്രമേണ ആരോഗ്യത്തെ ക്ഷയിപ്പിക്കും. യൂറിയയുടെ അളവ് അധികരിക്കുന്നതോടെ പശുക്കളുടെ ആമാശയത്തില്‍ ദഹനത്തിനു സഹായിക്കുന്ന മിത്രാണുക്കള്‍ പോലും നശിക്കും. ഈയിടെ കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച ഒരു പഠനം ഈ ആശങ്കകളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. സംസ്ഥാനത്ത് ലഭ്യമായ വിവിധ കാലിത്തീറ്റ കമ്പനികളുടെ തീറ്റകള്‍ നല്‍കി അത് എങ്ങനെ പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്നതായിരുന്നു ഗവേഷണ വിഷയം. ഓണാട്ടുകര പ്രദേശത്തെ 4 മാസം മുതല്‍ 4 വയസു വരെ പ്രായമുള്ള പശുക്കളിലാണ് പഠനം നടത്തിയത്. കേരളത്തിലെ ഒരു പ്രമുഖ കമ്പനിയുടെ കാലിത്തീറ്റ സ്ഥിരമായി നല്‍കുന്ന പശുക്കളില്‍ പോഡോഡെര്‍മറ്റെറ്റിസ് അടക്കമുള്ള പാദരോഗങ്ങള്‍  കൂടുതലാണെന്നു പഠനത്തില്‍ നിരീക്ഷിച്ചിരുന്നു. 

വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോവുന്ന പല ക്ഷീരസംരഭങ്ങളിലും പശുക്കളിലെ വന്ധ്യത, അകിടുവീക്കം, കീറ്റോണ്‍ രോഗം തുടങ്ങിയ ഉല്‍പ്പാദന, പ്രത്യുല്‍പാദന പ്രശ്‌നങ്ങളും ഉപാപചയ രോഗങ്ങളും വ്യാപകമാവുന്നതിനും പാലുല്‍പാദനക്കുറവിന് പിന്നിലും കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവാണെന്ന കര്‍ഷകരുടെ ആശങ്ക തള്ളിക്കളയാന്‍ സാധിക്കില്ല. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകള്‍ക്ക്  ബിഐഎസ്  (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) ഗുണനിലവാരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് (ദി കേരള ലൈവ് സ്റ്റോക്ക്, പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്ചര്‍ റഗുലേഷന്‍ ഓഫ് മാനുഫാക്ചര്‍ ആന്‍ഡ് സെയില്‍ ഓര്‍ഡിനന്‍സ്) മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ചിരുന്നെങ്കിലും വിശദമായ ചട്ടങ്ങള്‍ പുറത്തുവന്നിട്ടില്ല. കാലിത്തീറ്റയുടെ അനിയന്ത്രിതമായ വില വര്‍ധന നിയന്ത്രിക്കുന്നതിനും, ഗുണനിലവാരം പരിശോധിച്ചുറപ്പ് വരുത്തുന്നതിനുമുള്ള നിയമം പഴുതുകള്‍ ഇല്ലാത്ത ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഉടന്‍ പ്രാബല്യത്തിലാവേണ്ടത് വളരെ പ്രധാനമാണ്. നിയമം നിര്‍മിക്കുന്നതിനൊപ്പം അത് നടപ്പിലാക്കാന്‍ വേണ്ട ലാബ്, ടെക്നീഷ്യന്മാര്‍ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളും ഒപ്പം നിലവില്‍ വന്നെങ്കില്‍ മാത്രമേ കാര്യക്ഷമമായി കാലിത്തീറ്റ നിയമം നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ.

പൊതുമേഖലാ കാലിത്തീറ്റ കമ്പനികള്‍ക്ക് വേണ്ടത് വിപണിമിടുക്ക് 

പൊതുമേഖലാ കാലിത്തീറ്റനിര്‍മാണ കമ്പനികളുടെ തീറ്റ സ്ഥിരമായി കര്‍ഷകര്‍ക്ക്  ലഭ്യമാവുന്നില്ല എന്നൊരു പരാതി പൊതുവെ നിലനില്‍ക്കുന്നുണ്ട്. തീറ്റ വിതരണ സംവിധാനത്തിലെ പോരായ്മയാണ് ഇതിന്റെ കാരണം. വിപണിയിലെ മറ്റ് കാലിത്തീറ്റ വിതരണ കമ്പനികളോടു കിടപിടിക്കുന്ന തരത്തില്‍ പൊതുമേഖലാ കാലിത്തീറ്റ നിര്‍മാണ കമ്പനികളുടെ മാര്‍ക്കറ്റിങ് സംവിധാനം കാര്യക്ഷമവും മത്സരക്ഷമതയുള്ളതുമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഇതോടൊപ്പം പാലിന്റെ  ഉല്‍പ്പാദനവും ഗുണനിലവാരവും ഉയര്‍ത്താന്‍ പര്യാപ്തമായ ടിഎംആര്‍ (സമ്പൂര്‍ണ്ണ മിശ്രിത തീറ്റ) അടക്കമുള്ള നൂതന തീറ്റകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം ചെറുകിട ക്ഷീരകര്‍ഷകര്‍ക്കിടയില്‍ വ്യാപകമാകുന്നതിനും പ്രവര്‍ത്തനങ്ങള്‍ വേണ്ടതുണ്ട്. പൊതുമേഖലാ കാലിത്തീറ്റ നിര്‍മാണ സ്ഥാപനങ്ങള്‍ ഇത്തരം നൂതന കാലിത്തീറ്റകളുടെ നിര്‍മാണത്തിനും വിതരണത്തിനും മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്.

കേരളത്തില്‍ സുലഭമായ വാഴ, പൈനാപ്പിള്‍, മരച്ചീനി തുടങ്ങിയവയുടെ വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ അടക്കമുള്ള പാരമ്പര്യേതര തീറ്റകള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് പൂര്‍ണമായും ഉപയോഗപ്പെടുത്തണം. ബ്ലോക്ക് തലങ്ങളില്‍ തീറ്റ സംസ്‌കരണത്തിനും, സംരക്ഷണത്തിനുമായി ഫീഡ് ബാങ്കുകള്‍ രൂപീകരിക്കണം. ക്ഷീരസംഘങ്ങളുടെ നേതൃത്വത്തില്‍ ഭൂമി മൊത്തമായി പാട്ടത്തിനെടുത്ത് തീറ്റപ്പുല്‍കൃഷി വ്യാപകമാക്കാനുള്ള  നടപടികളും വേണം. കുറഞ്ഞവിലയ്ക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും കാലിത്തീറ്റ ചേരുവകള്‍ സംഭരിച്ച് സ്വന്തമായി കാലിത്തീറ്റകള്‍ നിര്‍മിക്കാന്‍ കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കണം. ചെറുകിടരീതിയില്‍ സമ്പൂര്‍ണ മിശ്രിത തീറ്റയടക്കം ഉല്‍പ്പാദിപ്പിക്കാനുള്ള പരിശീലനങ്ങളും, സാങ്കേതിക സഹായങ്ങളും ഇത്തരം കൂട്ടായ്മകള്‍ക്ക് ലഭ്യമാകണം. ചെറുകാലിത്തീറ്റ നിര്‍മാണയന്ത്രങ്ങള്‍ വാങ്ങുന്നതിനായുള്ള സബ്‌സിഡികളും അനുവദിക്കാം. വെറ്ററിനറി സര്‍വകലാശാലയുടേത് അടക്കമുള്ള കാലിത്തീറ്റ നിര്‍മാണ സ്ഥാപനങ്ങളില്‍ കര്‍ഷകര്‍ക്ക് ഇതിനായി  പരിശീലനങ്ങള്‍ നല്‍കാം. 

മറുനാടന്‍ പാലൊഴുക്കിനെ നിയന്ത്രിക്കാന്‍

കേരളത്തില്‍ പാലിന്റെ വിപണിവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതായതിനാല്‍  അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ പാല്‍ ഇവിടേക്ക് എത്തുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും പാല്‍ സംഭരിച്ച് ഇവിടെയെത്തിച്ച് വില്‍പന നടത്തുന്നവരും ഏറെ. കച്ചവടക്കാര്‍ക്ക് വലിയ തുക കമ്മീഷന്‍ നല്‍കിയും വില കുറച്ച് വില്‍പന നടത്തിയുമാണ് അന്യസംസ്ഥാന പാല്‍ ലോബി വിപണി പിടിക്കുന്നത്. മറുനാട്ടില്‍നിന്നും ഒഴുകിയെത്തുന്ന പാലിന്റെ ഗുണനിലവാരത്തെപ്പറ്റി ആശങ്കകള്‍ ഏറെയാണ്. ഇങ്ങനെയെത്തുന്ന പാലില്‍നിന്നും  ഹൈഡ്രജന്‍ പെറോക്സൈഡ്, ഫോര്‍മാലിന്‍, ഡിറ്റര്‍ജന്റുകള്‍, കാസ്റ്റിക് സോഡ, യൂറിയ, അമോണിയം സള്‍ഫേറ്റ്, മാള്‍ട്ടോഡെക്‌സ്ട്രിന്‍ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ മുന്‍പ് പലതവണ കണ്ടെത്തിയിട്ടുണ്ട്. 

ഒരു ഫെഡറല്‍ സംവിധാനത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും പാല്‍ എത്തുന്നത് നിരോധിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, ഗുണനിലവാരമില്ലാത്ത പാല്‍ കേരളത്തില്‍ എത്തുന്നതും വിപണനം നടത്തുന്നതും നിയന്ത്രിക്കാന്‍ കാര്യക്ഷമവും കര്‍ശനവുമായ ഗുണനിലവാര പരിശോധനയിലൂടെയും  ഭക്ഷ്യസുരക്ഷാനിയമം-2006, പാലിന്റെയും പാലുല്‍പ്പങ്ങളുടെയും ഗുണനിലവാരവുമായി ബന്ധപ്പെട്ട ഇറങ്ങിയ അനുബന്ധമായി വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമ നടപടികളിലൂടെയും സാധിക്കും. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പലപ്പോഴും കാര്യക്ഷമായ പരിശോധനകള്‍ ഓണം, ക്രിസ്മസ് പോലുള്ള ഉത്സവകാലങ്ങളില്‍ മാത്രമായി പരിമിതപ്പെടുകയാണ് പതിവ്. സംസ്ഥാനത്തെ മിക്ക ചെക്ക് പോസ്റ്റുകളിലും പാല്‍ ഗുണനിലവാര പരിശോധന നടത്താന്‍  സ്ഥിരം സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഇല്ല. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാകമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ഏറെ നിരാശപ്പെടുത്തുന്നതാണ്. മതിയായ ഉദ്യോഗസ്ഥന്മാരെ വേണ്ട സ്ഥലങ്ങളില്‍ നിയമിച്ച് കാര്യക്ഷമായ പ്രവര്‍ത്തനം ഉണ്ടാവുന്നില്ല. ഇതില്‍ ഒരു മാറ്റം അനിവാര്യമാണ് . 

സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവര്‍ത്തനം പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലും ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന രീതിയിലും സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെടണം. അതിര്‍ത്തി കടന്നെത്തുന്നതും വിപണിയില്‍ ലഭ്യമായതുമായ പാലും പാലുല്‍പ്പന്നങ്ങളും ഗുണനിലവാരമില്ലന്ന് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ വേണം. ഒപ്പം നിരോധനം, പിഴ  ഉള്‍പ്പെടെയുള്ള ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന നിയമനടപടികളും വേണം. ഗുണനിലവാര പരിശോധനയുടെ കണ്ടെത്തലുകള്‍ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, ക്ഷീരവികസന വകുപ്പിന്റെയും യോജിച്ചുള്ളതും കാര്യക്ഷമതയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഇതിനാവശ്യമാണ്. ഇത്തരം നടപടികള്‍ നമ്മുടെ ക്ഷീരമേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ ഊര്‍ജ്ജമാവുമെന്ന് മാത്രമല്ല പൊതുസമൂഹത്തിന്റെ ആരോഗ്യസുരക്ഷക്കും ഉപകരിക്കും.

(നാളെ: പാലുല്‍പാദനത്തില്‍ മാത്രമല്ല പാല്‍ സംസ്‌കരണത്തിലും വേണം സ്വയംപര്യാപ്തത)

English summary: Dairy Farming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA