Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് കേരള ഷോപ്പിങ് ഉൽസവം വ്യാപാരത്തിന് ഉത്തേജകമാകും: തോമസ് ഐസക്

great-kerala-shopping-festival

കൊച്ചി∙ മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേർന്ന് ഇന്ന് ആരംഭിക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന്റെ (ജികെഎസ്‌യു) വിജയം സർക്കാർ ഉറ്റു നോക്കുന്നുവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. മഴ കഴിഞ്ഞു തണുത്തുപോയ കേരളത്തിലെ ഉപഭോക്തൃരംഗത്തിന് ഉത്തേജനം പകരുക എന്ന ദൗത്യമാണ് ജികെഎസ്‌യു മേള നിർവഹിക്കുന്നത്. സർക്കാരിന്റെ എല്ലാ പിന്തുണയും ധനമന്ത്രി വാഗ്ദാനം ചെയ്തു.

അഭിമുഖത്തിൽ നിന്ന്:

? ഇക്കുറി നികുതി വരവിൽ ഓണം സീസൺ‍ എങ്ങനെ

∙ സാധാരണ ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കുന്നത് ഓണമാസത്തിലാണ്. പക്ഷേ ഇത്തവണ ഏറ്റവും കുറച്ചു നികുതി ലഭിച്ച മാസമായിപ്പോയി ഓണം. മഴ കഴിഞ്ഞിട്ടും വാണിജ്യമേഖല സ്തംഭിച്ചു നിൽക്കുന്നതാണു കണ്ടത്. പ്രളയം നേരിട്ടു ബാധിച്ച കടകൾ തന്നെ ആകെ കടകളുടെ 10% വരും. പക്ഷേ പ്രളയത്തിൽ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും (കൺസ്യൂമർ ഡ്യൂറബിൾസ്) നശിച്ചവർ പകരം വാങ്ങുന്നതാണു പിന്നീടുള്ള മാസങ്ങളിൽ കണ്ടത്. അങ്ങനെ നികുതിയിൽ വർധനയുണ്ടായി. പക്ഷേ അതു പോരാ. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കാകെ ഉത്തേജകമാവുന്ന തരത്തിൽ വിൽപന നടക്കണം.

? സർക്കാർ നടത്തിയ ജികെഎസ്എഫ് എന്തുകൊണ്ടു നിർത്തി

∙ 10 വർഷത്തോളം ജികെഎസ്എഫ് നടത്തിയിരുന്നു. കേരളത്തിന് ഓണത്തിനു ശേഷം രണ്ടാം ഷോപ്പിങ് സീസൺ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. വിദേശ മലയാളികൾ കേരളം സന്ദർശിക്കുന്ന നവംബർ– ഡിസംബർ കാലത്ത് ഷോപ്പിങ് ഗ്രാഫ് കുത്തനെ ഉയരാറുണ്ട്. മാത്രമല്ല ടൂറിസ്റ്റുകളുടെ വരവു പരമാവധിയാകുന്നതും ശബരിമല തീർഥാടനവും ഇതേ കാലത്താണ്. മലയാളികൾ മാത്രം സാധനങ്ങൾ വാങ്ങിയാൽ പോരാ, തീർഥാടകരും മുംബൈ പോലെ മെട്രോ നഗരങ്ങളിൽനിന്നു വരുന്ന ടൂറിസ്റ്റുകളും കേരളത്തിൽ ഷോപ്പിങ് നടത്തണം എന്നൊരു ലക്ഷ്യം ജികെഎസ്എഫിന് ഉണ്ടായിരുന്നു. പക്ഷേ ടൂറിസ്റ്റുകൾ ഇവിടെ ഷോപ്പിങ് നടത്തുന്നില്ല. മലയാളികളുടെ ഉപഭോഗം മാത്രമാണു കൂടിയത്. ലക്ഷ്യം നടക്കാതെ വന്നപ്പോൾ നിർത്തി.

? റവന്യൂ വരുമാനത്തിലെ വർധനയ്ക്ക് ഉപഭോക്തൃ രംഗം എത്ര സംഭാവന നൽകുന്നു

∙ പെട്രോളിയവും മദ്യവും കഴിഞ്ഞാൽ ഏറ്റവും നികുതി വരുമാനം ഉണ്ടാകേണ്ട മേഖലയാണിത്. കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ഉപഭോക്തൃ സംസ്ഥാനമാണ്. വിദേശമലയാളികൾ അയയ്ക്കുന്ന പണം ഈ ഉപഭോഗത്തിൽ പ്രതിഫലിക്കുന്നുണ്ട്.  അങ്ങനെ ലഭിക്കുന്ന നികുതി (ജിഎസ്ടി) സംസ്ഥാനത്തിന്റെ വികസനത്തിനു തന്നെയാണു വിനിയോഗിക്കുന്നത്. നികുതി വരുമാനം കുറഞ്ഞാൽ റവന്യൂ കമ്മിയും ധനകമ്മിയും ബജറ്റിൽ വിഭാവനം ചെയ്തതിനെക്കാൾ വർധിക്കും. വികസന പദ്ധതികളെ ബാധിക്കും. വാണിജ്യരംഗത്തിന് ഉത്തേജനം പകരേണ്ടത് അതിനാൽ നാടിന്റെ ആവശ്യം കൂടിയാണ്. മാധ്യമങ്ങൾ അതിനായി മുന്നോട്ടുവന്നത് അഭിനന്ദനാർഹമായ കാര്യം.

? ഡോളറും ഗൾഫിലെ കറൻസികളും ശക്തിപ്പെട്ടതു വാണിജ്യരംഗത്തിന് ശുഭലക്ഷണമല്ലേ

∙ വിദേശ പണം വരവു തന്നെയാണു സംസ്ഥാനത്തെ ഉപഭോഗത്തിനു പിന്നിലുള്ളത്. ഡോളർ, യൂറോ, ദിർഹം,ദിനാർ തുടങ്ങിയവയുടെ മൂല്യ വർധന കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിലും വർധന വരുത്തിയിട്ടുണ്ട്. അതു വിപണിയിലെത്തും. അതിനാൽ സർക്കാരിനു ശുഭാപ്തി വിശ്വാസമാണുള്ളത്.  ഇപ്പോഴത്തെ തണുപ്പ്, വരാൻ പോകുന്ന വ്യാപാരച്ചൂടിന്റെ മുന്നോടിയാകാം. അതിനാൽ ജികെഎസ്‌യു മുന്നോട്ടു പോകട്ടെ. ഏതൊക്കെ രീതിയിൽ അതിനു പിന്തുണ നൽകി സഹായിക്കാമെന്നതു സർക്കാർ പരിഗണിക്കും.