Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജികെഎസ്‌യുവിന് മികച്ച തുടക്കം

gksu-logo

കൊച്ചി ∙ പ്രളയക്കെടുതികളിൽ നിന്നു കേരളത്തിന്റെ വാണിജ്യരംഗം ഉണരുന്നതിന്റെ സൂചനകൾ നൽകി ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിനു (ജികെഎസ്‌യു) ഗംഭീര തുടക്കം. ആദ്യദിനമായ ഇന്നലെ ജികെഎസ്‌യുവിനു ലഭിച്ചതു മികച്ച പ്രതികരണം.

ജികെഎസ്‌യുവിൽ പങ്കാളികളാകാൻ കൂടുതൽ വ്യാപാരികൾ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങി. ഇതിനായി വ്യാപാരികൾ പ്രത്യേക റജിസ്ട്രേഷൻ നടത്തേണ്ട ആവശ്യമില്ല. ജിഎസ്ടി അംഗീകൃത വ്യാപാരികളെല്ലാം സ്വാഭാവികമായും പങ്കാളികളാകുന്ന വിധത്തിലാണു ജികെഎസ്‌യു ആവിഷ്കരിച്ചിട്ടുള്ളത്. ഈ സ്ഥാപനങ്ങളിൽ നിന്ന് 1000 രൂപയ്ക്കോ അതിൽ കൂടുതലോ തുകയ്ക്കുള്ള പർച്ചേസ് നടക്കുമ്പോൾ അവയും ജികെഎസ്‌‌യുവിൽ ഉൾപ്പെടും.

ഉപയോക്താക്കൾ പർച്ചേസ് ബിൽ വിശദാംശങ്ങൾ ജികെഎസ്‌യു സംഘാടകർക്ക് അയയ്ക്കണമെന്നു മാത്രം. ലോഗോയും ബാനറുകളും മറ്റും സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്കു www.gksu.in/download എന്ന പോർട്ടലിൽ നിന്ന് അവ ഡൗൺലോഡ് ചെയ്തു ബാനറുകൾ തയാറാക്കാം.

ഡിസംബർ 16 വരെയാണു ജികെഎസ്‌യുവിന്റെ സമ്മാനക്കാലം. ചെറിയ കടകൾ മുതൽ വലിയ വാണിജ്യ സ്ഥാപനങ്ങൾ വരെ പങ്കാളികളായ മേളയിലൂടെ 4 കോടി രൂപയുടെ സമ്മാനങ്ങളാണു നൽകുക. 1000 രൂപയ്ക്കു സാധനങ്ങൾ വാങ്ങുന്ന ഏതൊരാൾക്കും ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമാകാം. മെഗാ നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ ഫ്ലാറ്റ് ഉൾപ്പെടെയാണു സമ്മാനങ്ങൾ.

സാധനങ്ങൾ വാങ്ങിയശേഷം ഉപയോക്താവ് ജികെഎസ്‌‌യുവിന്റെ വാട്സാപ് നമ്പറിലേക്ക് (9995811111) ‘ജികെഎസ്‌യു’ എന്നു മാത്രം ടൈപ് ചെയ്ത് അയയ്ക്കണം. മറുപടിയായി ഉപയോക്താവിന്റെ പേരും വിലാസവും മൊബൈൽ നമ്പറും ആവശ്യപ്പെട്ടുള്ള സന്ദേശം കിട്ടും.

അതിനു മറുപടി നൽകിയാൽ നറുക്കെടുപ്പിൽ പങ്കാളിയാകും. ഗൃഹോപകരണങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഗിഫ്റ്റ് ഹാംപറുകൾ തുടങ്ങിയ ആകർഷക സമ്മാനങ്ങളാണു ലഭിക്കുക. മേളയുടെ വിശദാംശങ്ങൾ www.gksu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ജികെഎസ്‌യുവിന്റെ വാട്സാപ് നമ്പറിലേക്കു ഫോൺ വിളി അനുവദനീയമല്ല. സാധനങ്ങൾ വാങ്ങിയശേഷം ‘ജികെഎസ്‍യു’ എന്നു ടൈപ് ചെയ്ത വാട്സാപ് സന്ദേശം അയയ്ക്കുന്നതിനു വേണ്ടി മാത്രമാണ് ഈ നമ്പർ ഉപയോഗിക്കേണ്ടത്.