Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോയുടെ വരവിൽ തകർന്നത് ഏഴു കമ്പനികൾ; സർക്കാർ ഇടപെടണമെന്നും സിഒഎഐ

COAI-Rajan-S-Mathews സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ്.

ന്യൂഡൽഹി∙ മൊബൈൽ കമ്പനികളുടെ വരുമാനത്തിലെ എൺപതു ശതമാനവും ഫോൺവിളിയിൽ  നിന്നാണെന്നു മനസ്സിലാക്കി തന്നെയാണ് ജിയോ ‘സൗജന്യ കോൾ’ പ്രഖ്യാപിച്ചതെന്നും ഇത് ഏഴു കമ്പനികളുടെ തകർച്ചയ്ക്കു വഴി വച്ചെന്നും ജിയോ കൂടി അംഗമായ സെല്ലുലാര്‍ ഓപ്പറേറ്റേഴേസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ്. ടെലികോം മേഖലയിലെ വികസനപരിപാടികളിൽ മൊബൈൽ  കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിഗണിക്കുന്നില്ലെങ്കിൽ കമ്പനികൾക്കു മുന്നോട്ടുപോകാൻ പ്രയാസമാണെന്നും അദ്ദേഹം ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. 

∙ ജിയോ ഇപ്പോഴും  സിഒഎഐ അംഗമാണ്, അവരുമായുള്ള പ്രശ്നങ്ങളും തുടരുകയാണല്ലോ? 

സിഒഎഐയുടെ പൊതുതാൽപര്യങ്ങളെയാണ് ഡയറക്ടർ ജനറൽ എന്ന നിലയിൽ അഭിമുഖീകരിക്കുന്നത്. ജിയോയുമായി പ്രശ്നങ്ങൾ വ്യവസായവുമായി ബന്ധപ്പെട്ടു മാത്രമാണ്. അതേസമയം, അവരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. ജിയോ ഫയൽ  ചെയ്ത അപകീർത്തി കേസ്സുൾപ്പെടെ കോടതിയിലാണ്. അക്കാര്യങ്ങളിൽ നിയമപരമായി തന്നെ മുന്നോട്ടുപോകും. 

∙ ജിയോയുടെ വരവ് മൊബൈൽ വ്യവസായത്തെ എങ്ങനെ ബാധിച്ചു? 

മൊബൈൽ സേവനദാതാക്കളുടെ വരുമാനത്തിലെ 80 ശതമാനവും ഫോൺ വിളിയിൽ  നിന്നു ലഭിക്കുന്നതാണ്. ശേഷിക്കുന്ന 20 ശതമാനം മാത്രമാണ് ഡാറ്റ ഉപയോഗത്തിലൂടെയും മറ്റും ലഭിക്കുന്നത്. ജിയോ ഫോൺ വിളി സൗജന്യമാക്കിയതോടെ മറ്റു കമ്പനികളുടെ നിലനിൽപു പ്രശ്നത്തിലായി. നേരത്തെ 11 കോർ കമ്പനികൾ സിഒഎഐയുടെ ഭാഗമായിരുന്നു. ഇന്നതിൽ നാലെണ്ണം മാത്രമാണ് നിലനിൽക്കുന്നത്. ഏഴു കമ്പനികൾക്കും ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു. 

∙ ഫോൺകോളുകൾ കട്ടായി പോകുന്നതും റേഞ്ച് കിട്ടാത്തതുമായ പ്രശ്നങ്ങൾ കേരളത്തിലടക്കം പതിവാണ്. മൊബൈൽ വ്യവസായം ഇത്ര‌ പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഇതിനു പരിഹാരമില്ലാത്തത്? 

മെച്ചപ്പെട്ട സേവനം നൽകണമെന്നു സേവനദാതാക്കൾക്കടക്കം ആഗ്രഹമുണ്ട്. എന്നാൽ, കൂടുതൽ മൊബൈൽ ടവറുകളും ഫൈബർ കേബിളുകളും സ്ഥാപിക്കുന്നതു മൊബൈൽ കമ്പനികൾക്കു കനത്ത ഭാരമാവുകയാണ്. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ മുതൽ മൊബൈൽ കമ്പനികളെ പിഴിയുന്ന സമീപനമാണ്. ഒരു ടവറിന് അനുവാദം നൽകുന്നതിനു രണ്ടരലക്ഷം രൂപ വരെ നൽകേണ്ടി വരുന്നു. ഭൂഗർഭ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിനു സ്ഥലത്തിന്റെ യഥാർഥ വില തന്നെ ചോദിച്ച നഗരങ്ങൾ പോലുമുണ്ട്. ഇതിൽ നിയന്ത്രണം വേണം.

∙ 5ജി എന്നു വരും? 

രാജ്യത്ത് 5ജി സേവനം 2020 പകുതിയോടെ ലഭ്യമായി തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിനുള്ള പദ്ധതികൾക്കു സർക്കാർ വലിയ പരിഗണന നൽകുന്നതു സന്തോഷകരമാണ്. 600 മെഗാഹെട്സ് മുതൽ 37 ജിഗാഹെട്സ് വരെയുള്ള 11 സ്പെക്ട്രം ബാൻഡുകൾ കണ്ടെത്തുന്നതടക്കമുള്ള നടപടികൾ പൂർത്തിയായി. പദ്ധതി റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നതോടെ തുടർനടപടികൾക്കു വേഗത കൈവരും. 

∙ 5ജിക്കു മൊബൈൽ കമ്പനികളുടെ പിന്തുണ എത്രമാത്രമുണ്ട്?

നേരത്തേ പറഞ്ഞതു തന്നെയാണ്, ടവർ സജ്ജീകരിക്കുന്നതിൽ  മാത്രമല്ല, സ്പെക്ട്രം വാങ്ങുന്നതിലടക്കം വലിയ സാമ്പത്തിക ബാധ്യതയാണ് മൊബൈൽ കമ്പനികൾക്കുള്ളത്. ഇക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിൽ 5ജി അടക്കമുള്ള സേവനങ്ങൾ ഫലപ്രദമാകാതെ വരും.

ചെലവു കൂടുംതോറും ഇതിന് ഉപഭോക്താക്കൾ ഉയർന്ന വില നൽകേണ്ടി വരും. സ്പെക്ട്രം ലേലത്തിൽ സേവനദാതാക്കളുടെ സ്ഥിതി സർക്കാർ കണക്കിലെടുക്കണം. 7.7 ലക്ഷം കോടി രൂപയുടെ കടബാധ്യത മൊബൈൽ കമ്പനികൾക്കുണ്ട്. 

(ഇന്ത്യൻ മൊബൈൽ സേവനദാതാക്കളായ കമ്പനികളുടെ സംയുക്ത സമിതിയാണ് സിഒഎഐ, ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ മൊബൈൽ കമ്പനികളുടെ തലപ്പത്തു പ്രവർത്തിച്ച ശേഷമാണ് രാജൻ എസ്.മാത്യൂസ് സിഒഎഐയുടെ തലപ്പത്തെത്തിയത്. 2010 മുതൽ അസോസിയേഷന്റെ ഡയറക്ടർ  ജനറലാണ്).