Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറുനാൾ തികച്ച് സഖ്യസർക്കാർ; മന്ത്രിസഭാ വികസനത്തിന് ഇടപെടലിനായി രാഹുലിനെ സന്ദർശിച്ച് കുമാരസ്വാമി

Rahul Gandhi, Kumaraswamy ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സന്ദർശിച്ചപ്പോൾ.

ബെംഗളൂരു ∙ എപ്പോൾ വേണമെങ്കിലും വീഴാമെന്നു രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും വിലയിരുത്തിയ ജെഡിഎസ്–കോൺഗ്രസ് സഖ്യ സർക്കാർ ദിവസങ്ങളുടെ എണ്ണത്തിൽ സെഞ്ചുറി പിന്നിട്ടു. മന്ത്രിസഭയിൽ കോൺഗ്രസിന്റെ ഒഴിവുള്ള സീറ്റുകൾ എത്രയും വേഗം നികത്താൻ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. നൂറു ദിനം പിന്നിട്ടതിനെ തുടർന്നു ഡൽഹിയിൽ രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ജെഡിഎസിന്റെ ഒന്നും കോൺഗ്രസിന്റെ നാലും മന്ത്രിസ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. നിലവിൽ കോൺഗ്രസിൽനിന്നു 16 പേരും ജെഡിഎസിലെ 10 പേരുമാണ് മന്ത്രിസഭയിലുള്ളത്. കോർപറേഷൻ ബോർഡ് ചെയർമാൻമാരുടെ നിയമനത്തിലും രാഹുൽ ഗാന്ധി ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി കുമാരസ്വാമി പറഞ്ഞു.

224 അംഗ നിയമസഭയിൽ 104 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയ കോൺഗ്രസ് ജെഡിഎസുമായി ചേർന്നു സർക്കാർ രൂപീകരിക്കുകയായിരുന്നു. മന്ത്രിസ്ഥാനത്തിനായി കോൺഗ്രസിലെ എംഎൽഎമാർ തമ്മിലടിച്ചതും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചില അഭിപ്രായ പ്രകടനങ്ങളും സഖ്യസർക്കാർ എപ്പോൾ വേണമെങ്കിലും വീഴുമെന്ന പ്രതീതി ഉയർത്തി. എന്നാൽ സഖ്യകക്ഷി കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർക്കാർ സുരക്ഷിതമാണെന്നു കുമാരസ്വാമി പറയുന്നു.

വീണ്ടും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്നു കഴിഞ്ഞ ദിവസം സിദ്ധരാമയ്യ നടത്തിയ അഭിപ്രായത്തെയും കുമാരസ്വാമി കാര്യമാക്കിയില്ല. ഒരു നേതാവായ അദ്ദേഹം മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്? അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ അനുവദിച്ചാൽ മുഖ്യമന്ത്രിയാകുമെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സഖ്യസർക്കാർ സുഗമമായി മുന്നോട്ട് പോകണമെങ്കിൽ സിദ്ധരാമയ്യയുടെ സാന്നിധ്യം അനിവാര്യമാണെന്നും കുമാരസ്വാമി പറഞ്ഞു.

‘ജനങ്ങൾക്ക് പലവിധ ആഗ്രഹങ്ങൾ’

സംസ്ഥാനത്തെ ജനങ്ങൾക്കു പലവിധ ആഗ്രഹങ്ങളാണുള്ളത്. വരും ദിവസങ്ങളിൽ ഇവയെല്ലാം നിറവേറ്റുകയെന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. കുടകിലെ പ്രളയക്കെടുതി നേരിടാൻ സഹായം അഭ്യർഥിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ആഭ്യന്തമന്ത്രി രാജ്നാഥ് സിങ് എന്നിവരെയും സന്ദർശിക്കും.