Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കും; പൊലീസ് അക്രമത്തിൽ അതൃപ്തി: ഹൈക്കോടതി

Andhra Person Sabarimala ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടയുന്നു (ഫയൽചിത്രം)

കൊച്ചി ∙ ശബരിമലയിൽ വിശ്വാസികളുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കുമെന്ന് ഹൈക്കോടതി. സുപ്രീംകോടതി ഉത്തരവ് വിശ്വാസികൾക്കു പ്രവേശനം നൽകാനാണ്. അതിനനുസരിച്ച് സംസ്ഥാനം നടപടി സ്വീകരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കണമെന്ന് വനിത അഭിഭാഷകരുടെ ഹർജി അപക്വമാണെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. സർക്കാര്‍ വിശദീകരണം അംഗീകരിച്ച് കോടതി ഹർജി തീർപ്പാക്കി. അതേസമയം, ശബരിമലയിലെ പൊലീസ് അക്രമത്തിൽ അതൃപ്തി പ്രകടമാക്കിയ കോടതി, വാഹനങ്ങൾ തകർത്തത് ഉൾപ്പടെയുള്ള അതിക്രമങ്ങൾ കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

വിശ്വാസികളായ എല്ലാവർക്കും പ്രവേശനം നൽകാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സർക്കാർ ഉറപ്പു വരുത്തുമെന്ന വിശദീകരണം അംഗീകരിച്ചുകൊണ്ടാണ് ഹർജി തീർപ്പാക്കിയത്. ശബരിമലയിൽ ക്രിമിനലുകൾ സംഘർഷത്തിന് ശ്രമിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് നിർവഹിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കോടതിയിൽ വിശദീകരിച്ചു. എന്നാൽ ശബരിമലയിലെ പൊലീസ് അക്രമത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടമാക്കി. ശബരിമലയിൽ വാഹനങ്ങൾ തകർത്തത് ഉൾപ്പടെയുള്ള അതിക്രമങ്ങൾ കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ആരൊക്കെയെന്നു ദൃശ്യങ്ങളിലൂടെ വ്യക്തമാണെന്നും എന്തു നടപടി സ്വീകരിച്ചെന്നും ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടി പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല, വിശദമായ പത്രിക സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ ഇന്ന് മൂന്നു ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കുണ്ടായിരുന്നത്. വനിതകളുടെ ഹർജിക്കു പുറമേ ശബരിമലയിൽ അഹിന്ദു പ്രവേശം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ബൗദ്ധിക സെൽ നേതാവ് ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജിയാണ് രാവിലെ ഹൈക്കോടതി പരിഗണിച്ചത്. ഈ ഹർജിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുന്നതിന് മാറ്റിവച്ചു. അതിനു മുമ്പ് ദേവസ്വം ബോർഡിന്റെ നിലപാട് ആരാഞ്ഞ് നോട്ടിസ് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്നു വിലയിരുത്തിയ ഹൈക്കോടതി, വാവരുടെ പള്ളിയിൽ ഉൾപ്പെടെ പ്രവേശിച്ചാണ് ഭക്തർ ശബരിമലയിലെത്തുന്നത് എന്നതും ചൂണ്ടിക്കാണിച്ചു.