Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പ്രക്ഷോഭം: 210 പ്രതികളുടെ ഫോട്ടോ കൂടി പുറത്ത്

Sabarimala-Suspects പൊലീസ് പുറത്തുവിട്ട ശബരിമല പ്രക്ഷോഭകരുടെ ചിത്രം

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധങ്ങളില്‍ അക്രമം നടത്തിയ 210 പേരുടെ ഫോട്ടോ കൂടി പൊലീസ് പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ 210 പേരുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടിരുന്നു. ഇതുവരെ ആകെ 420 പേരുടെ ഫോട്ടോയാണ് പുറത്തു വിട്ടിട്ടുള്ളത്. പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ശേഖരിച്ച ഫോട്ടോകള്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെയും ഓഫിസിലേക്ക് തുടര്‍ നടപടികള്‍ക്കായി അയച്ചു.

ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരുടെ ചിത്രങ്ങൾ: ആൽബം 8, ആൽബം 9, ആൽബം 10, ആൽബം 11, ആൽബം 12, ആൽബം 13, ആൽബം 14

ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ട 210 ഫോട്ടോകളില്‍നിന്ന് നൂറിലധികംപേരെ തിരിച്ചറിയാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു. 15 പേരെ അറസ്റ്റു ചെയ്തു. കൊല്ലം, എറണാകുളം ജില്ലകളിലുള്ള മൂന്നുപേര്‍ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചു. മറ്റുള്ളവര്‍ ഒളിവിലാണ്. വിമാനത്താവള അധികൃതര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. പ്രതികളുടെ ഫോട്ടോ ആല്‍ബം തയാറാക്കിയത് പ്രാഥമിക നടപടി മാത്രമാണെന്നും വിഡിയോയും ഫോട്ടോകളും വീണ്ടും പരിശോധിച്ചശേഷം ചാര്‍ജ് ചെയ്യുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയാറാക്കുമെന്നും പൊലീസ് പറയുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്യുന്നതായി ആരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അക്രമങ്ങളില്‍ പങ്കാളികളായവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും സര്‍ക്കാര്‍ ഗ്യാലറിക്കു വേണ്ടി കളിക്കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനു പിഴവു വന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തിനായി കേസ് മാറ്റിവച്ചിരിക്കുകയാണ്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി പൊലീസ് ചര്‍ച്ചകള്‍ ആരംഭിച്ചു. പിഴവുകള്‍ വരാതെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് തയാറെടുക്കുന്നത്.