Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പയിൽ അതിവേഗം പണിതീര്‍ക്കാന്‍ ടാറ്റാഗ്രൂപ്പിന് നിര്‍ദേശം; ഇടപെട്ട് മുഖ്യമന്ത്രി

pamba-renovation പമ്പ ത്രിവേണിക്കു സമീപം നവീകരണ ജോലികൾ ഇനിയും പൂർത്തിയാകാത്ത നിലയിൽ. ചിത്രം: അരവിന്ദ് വേണുഗോപാൽ

തിരുവനന്തപുരം∙ പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നാളെ ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. മണ്ഡലകാലത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ പമ്പാ തീരം തകർന്ന നിലയിൽ തന്നെയാണ്. പുനർനിർമാണ പ്രവർത്തനങ്ങൾ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല.

പ്രളയത്തിന്റെ ബാക്കിയായ മണൽവാരി ചാക്കിലാക്കി അരികുകളിൽ അടുക്കിയതൊഴിച്ചാൽ മറ്റു ജോലികളൊന്നും മുന്നോട്ടു പോയിട്ടില്ല. വിരിവയ്ക്കാൻ പോയിട്ട് ഇരിക്കാൻ പോലും പമ്പാ തീരത്ത് സൗകര്യമില്ല. മണ്ഡലകാലത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ പമ്പയുടെ അതീവ ഗുരുതരാവസ്ഥ സർക്കാരോ ദേവസ്വം ബോർഡോ തിരിച്ചറിയുന്നില്ല. ‌പമ്പയിലെത്തുന്ന തീർഥാടകർക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങളൊന്നുമില്ല. പമ്പയിൽ എത്തുന്ന ഭക്തർക്കു ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യംപോലും ഇനിയും ഏർപ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിനു ഭക്തർക്ക് ആശ്രയമായിരുന്ന അന്നദാന മണ്ഡപം മഹാപ്രളയത്തിന്റെ ശേഷിപ്പു മാത്രമാണ്.

നിലയ്ക്കല്‍ ബേസ് ക്യാംപിലും സ്ഥിതി പരിതാപകരം

ഇനി ഈ മണ്ഡലകാലം മുതൽ ശബരിമലയുടെ ബേസ് ക്യാംപാകുന്ന നിലയ്ക്കലിലെ സ്ഥിതിയും പരിതാപകരമാണ്. പ്രതിദിനം ഒരു ലക്ഷം പേരെങ്കിലുമെത്തുന്ന ഇവിടെ ഇപ്പോഴുള്ളതു 2000 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ മാത്രം. 15,000 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമേ ഇതുവരെ തയാറായിട്ടുള്ളു.

ക്ഷേത്രത്തിനു മുന്നിലെ അന്നദാന മണ്ഡപമാണ് ഇപ്പോഴുള്ള ഏക വിശ്രമസ്ഥലം. 1200 പേർക്കു വിശ്രമിക്കാവുന്ന മൂന്നു കേന്ദ്രങ്ങൾ നിർമാണ ഘട്ടത്തിലാണ്. അപ്പോഴും ഒരേസമയം 6000 പേർക്കുള്ള സൗകര്യം മാത്രം. ശുചിമുറികൾ 470 എണ്ണം. 500 താൽക്കാലിക ശുചിമുറികൾ കൂടി സ്ഥാപിക്കും. ഒരു ലക്ഷം പേരോളം എത്തുമ്പോൾ 970 ശുചിമുറികളിൽ ഒതുങ്ങണമെന്നു ചുരുക്കം. പമ്പയിലേക്കു മിനിറ്റിൽ നാലു വീതം കെഎസ്ആർടിസി ബസ് സർവീസ് നടത്താനാണു പദ്ധതി.