Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ മഞ്ചേശ്വരത്ത് ഞാന്‍ ജയിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭയം; അനന്തമായി ജയിലിലടയ്ക്കാന്‍ ശ്രമം’

Pinarayi Vijayan, K Surendran പിണറായി വിജയന്‍, കെ.സുരേന്ദ്രൻ

കൊട്ടാരക്കര∙ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ വേട്ടയാടുന്നുവെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. തന്നെ അനന്തമായി ജയിലിൽ അടയ്ക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയമാണു മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രൻ പറഞ്ഞു. കേസുകളെ നിയമപരമായി നേരിടും. കൊട്ടാരക്കര ജയിലിൽനിന്നു റാന്നി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ ചോദിക്കില്ല പകരം അരമണിക്കൂർ ചോദ്യം ചെയ്യാൻ സമയം ആവശ്യപ്പെടും

തനിക്കെതിരെ കള്ളക്കേസ് റജിസ്റ്റർ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചന നടത്തിയാണ്. ഇത്തരം കള്ളക്കേസുകൾ കൊണ്ടൊന്നും താൻ വീഴില്ല. നെഞ്ചുവേദനയൊന്നും അഭിനയിക്കില്ലെന്നും പി. ജയരാജനെ പരേക്ഷമായി പരിഹസിച്ച് സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ തനിക്കെതിരെ എടുത്തിട്ടുള്ള കേസ് അടിസ്ഥാനമില്ലാത്തതാണ്. എന്തോ പ്രസംഗിച്ചൂ എന്നു പറഞ്ഞുള്ള അടിസ്ഥാനമില്ലാത്ത കേസാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ കുറച്ചു ദിവസം കിടത്താൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ അറിഞ്ഞു കൊണ്ടുള്ള നീക്കമാണിത്. സന്നിധാനത്ത് നിന്നു ബിജെപി നേതാക്കളെ മാറ്റി നിർത്തി യുവതീപ്രവേശം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, അയ്യപ്പസൈന്യം ശക്തമായതിനാൽ അതു വിജയിക്കാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. റാന്നി ഗ്രാമന്യായാലയത്തിൽ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടു പോകുമ്പോഴാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.