Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യുവതീപ്രവേശം: സുപ്രീംകോടതിയെ സമീപിക്കാന്‍ ഐപിഎസ് അസോസിയേഷന്‍

Sabarimala

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിൽ വിധി നടപ്പാക്കുന്നതിൽ സുപ്രീംകോടതിയെ സമീപിക്കാന്‍ ഐപിഎസ് അസോസിയേഷന്‍ ഒരുങ്ങുന്നു. വിധി നടപ്പാക്കുന്നതിനു കോടതിയില്‍നിന്നു മാര്‍ഗനിര്‍ദേശം തേടാനാണു നീക്കം. നിയമോപദേശം അനുകൂലമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടിയാകും ഹര്‍ജി നൽകുക. 

അതിനിടെ, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിനു ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  സന്നിധാനത്തേക്കു പോകാന്‍ അനുമതി ചോദിച്ച് 2 വാഹനങ്ങളിലായി എത്തിയ പ്രവര്‍ത്തകരോടു നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങിവരാമെന്നു രേഖാമൂലം ഉറപ്പുനല്‍കണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഇത് അംഗീകരിക്കാൻ പ്രവർത്തകർ തയാറായില്ല. പൊലീസ് നൽകിയ നോട്ടീസ് കൈപ്പറ്റാനും വിസമ്മതിച്ചു. നിരോധനാജ്ഞ അംഗീകരിക്കില്ലെന്ന് അറിയിച്ചു റോഡിൽ നാമജപ പ്രതഷേധവും നടത്തി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കി പെരിനാട് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചു.

നാമജപ പ്രതിഷേധം ശക്തിപ്പെടുകയും കഴിഞ്ഞ രാത്രിയിൽ കൂട്ട അറസ്റ്റ് ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കാനുള്ള സാധ്യത മങ്ങി. അനുവദനീയമല്ലാത്ത മേഖലയിൽ പ്രതിഷേധക്കാർ സംഘമായി തിരിഞ്ഞു നാമജപം നടത്തിയതോടെ വിശദമായി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം. പ്രതിഷേധങ്ങൾ നടക്കുമ്പോഴും തീർഥാടകരുടെ ഒഴുക്കിനു കുറവില്ല.