Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുമാനം കുറഞ്ഞാൽ സർക്കാർ സഹായിക്കും: പിണറായിയുടെ ഉറപ്പെന്നു പത്മകുമാർ

A Padmakumar എ.പത്മകുമാർ

ശബരിമല ∙ മണ്ഡല മകരവിളക്കു തീർഥാടനകാലത്തു ശബരിമലയിലെ വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡിനെ സർക്കാർ സഹായിക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച് ഉറപ്പു നൽകിയിട്ടുണ്ട്. ഇവിടെനിന്നു കിട്ടുന്ന വരുമാനമാണ് 13,000 ദേവസ്വം ജീവനക്കാർക്കു ശമ്പളത്തിനും അന്തിതിരിക്കു വകയില്ലാത്ത1200 ക്ഷേത്രങ്ങളെ നിലനിർത്താനും ഉപയോഗിക്കുന്നത്.

ശബരിമല വരുമാനം സർക്കാർ എടുക്കുന്നതായി വ്യാജപ്രചരണം നടക്കുന്നു. ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് സംസ്ഥാനത്തിന് അകത്തുംപുറത്തും വ്യാജപ്രചാരണം. സത്യാവസ്ഥ ഭക്തരെ ബോധ്യപ്പെടുത്താൻ ബോർഡ് ഇതര സംസ്ഥാനങ്ങളിൽ ഗുരുസ്വാമിമാരുടെ സമ്മേളനം തുടങ്ങി. അതിന്റെ പ്രയോജനം കണ്ടുതുടങ്ങി, വരുമാനം കൂടി. മണ്ഡലപൂജയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കുറ്റമറ്റ രീതിയിൽ ഒരുക്കങ്ങൾ നടത്തുന്നുണ്ട്.

എല്ലാ ദിവസവും അവലോകനയോഗം ചേർന്ന് അന്നന്നുള്ള പ്രശ്നങ്ങൾക്കു പരിഹാരംകാണും. ചെറിയ പ്രശ്നമായാൽ പോലും അതാതു വകുപ്പുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കും. അടിസ്ഥാനസൗകര്യം ഒരുക്കാൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിൽ ഇട‌ത്താവളങ്ങൾ നിർമിക്കും. ചെങ്ങന്നൂരിൽ 18 കോടിയുടെ പദ്ധതിയാണു നടപ്പാക്കുന്നത്.

ആറന്മുളയിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണു നിർമാണം. പത്തനംതിട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലും ഇടത്താവളം പണിയും. നിലയ്ക്കലിൽ 30,000 പേർക്കു വിരിവയ്ക്കാനുള്ള സൗകര്യം അടുത്ത വർഷത്തേക്ക് ഒരുക്കും. പമ്പ ഹിൽടോപ്പിൽനിന്നു ഗണപതി കോവിലിലേക്കു പാലം നിർമിക്കും. 18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പത്മകുമാർ പറഞ്ഞു.