Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും: മുഖ്യമന്ത്രി പിണറായി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചതോടെ ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ച് നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പഴയ വിധി സ്റ്റേ ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ബെഞ്ച് അറിയിച്ചിരുന്നു.

സുപ്രീംകോടതി വിധി എന്തായാലും അതു നടപ്പിലാക്കുക എന്നതാണു സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സുപ്രീംകോടതി പറഞ്ഞതാണു സര്‍ക്കാരിന്റെ അഭിപ്രായം. വിധിയെക്കുറിച്ചു പഠിക്കേണ്ടതുണ്ട്. കൂട്ടായ ആലോചന നടത്തി തുടര്‍നടപടികള്‍ തീരുമാനിക്കും. മുഖ്യമന്ത്രിയുമായും ആലോചിക്കണം. സര്‍ക്കാര്‍ പറയുന്നതില്‍നിന്നു മാറുന്നില്ല. വിധി സര്‍ക്കാരിന് ആശ്വാസമാണോ എന്ന ചോദ്യത്തിന് എല്ലാം സര്‍ക്കാരിന് ആശ്വാസമാണെന്നു മന്ത്രി പറഞ്ഞു.

അന്തിമ വിധി വരുംവരെ യുവതീപ്രവേശം പാടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. സർക്കാരിന് ഇക്കാര്യത്തില്‍ വിവേചനാധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി തീരുമാനം സ്വാഗതാർഹമാണെന്നു ശ്രീധരൻപിള്ള ആദ്യം പ്രതികരിച്ചിരുന്നു. ജനമുന്നേറ്റം തുടരും. ശബരിമലയിൽ വെറുതെ വിവാദം സൃഷ്ടിച്ചു കേരളം കലാപഭൂമിയാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം. കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുകയാണു സർക്കാർ ചെയ്യുന്നത്. ശബരിമല സംരക്ഷണ രഥയാത്രയുടെ ഭാഗമായി എരുമേലിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു കൂട്ടാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നു കെപിസിസി പ്രചാരണ വിഭാഗം ചെയർമാൻ കെ. മുരളീധരൻ എംഎൽഎ. സർവകക്ഷിയോഗം വിളിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. അത് ആവശ്യപ്പെടേണ്ടതു ദേവസ്വം ബോർഡ് പ്രസിഡന്റും. എന്നാൽ സർവകക്ഷിയോഗം വിളിക്കേണ്ടെന്നു തീരുമാനിച്ചിരിക്കുന്നതു സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്നും മുരളീധരൻ ആരോപിച്ചു. 

സെപ്റ്റംബര്‍ 22ലെ ഭരണാഘടനാ ബെഞ്ചിന്റെ വിധി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്റ്റേ ഇല്ല എന്നു വിധിയില്‍ കൃത്യമായി പറയുന്നു. സര്‍ക്കാരിനു തിരിച്ചടിയൊന്നുമില്ല. ആദ്യംമുതലേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. അതു തുടരും. കോടതിവിധി എന്തായാലും അംഗീകരിക്കും. യുവതീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള ഹര്‍ജികള്‍ ഇനി ജനുവരിയിലേ പരിശോധിക്കൂവെന്നാണു കോടതി പറ‍ഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍, ഇപ്പോള്‍ സമരം ചെയ്യുന്ന സംഘടനകള്‍ മണ്ഡലം- മകരവിളക്ക് കാലത്ത് ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കു സൗകര്യമൊരുക്കുമോ എന്നു വ്യക്തമാക്കണം. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ ആരെങ്കിലും വന്നാല്‍, അവരോടു ചോദിച്ചിട്ടു തീരുമാനിക്കാം എന്നു സര്‍ക്കാരിനു നിലപാടെടുക്കാനാകില്ലല്ലോ കാനം ചോദിച്ചു.