Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബിജെപി പല സര്‍ക്കുലറും ഇറക്കും’: സ്ഥിരീകരിച്ച് എ.എൻ. രാധാകൃഷ്ണൻ

AN Radhakrishnan

കൊച്ചി ∙ ശബരിമലയില്‍ സംഘം ചേരണമെന്ന സര്‍ക്കുലര്‍ തള്ളാതെ ബിജെപി. പാർട്ടി പല സര്‍ക്കുലറും ഇറക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണൻ പറഞ്ഞു‍. സര്‍ക്കുലര്‍ രഹസ്യമായി വയ്ക്കണമെന്നു നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്നു ശബരിമലയിൽ പരമാവധി പ്രവർത്തകരെ എത്തിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ കത്ത് മനോരമ ന്യൂസാണ് ഇന്നലെ പുറത്തുവിട്ടത്. പിന്നാലെ എജി ഈ സര്‍ക്കുലര്‍ ഹൈക്കോടതിയിലും ഹാജരാക്കിയിരുന്നു.

ശബരിമലയില്‍ പ്രതിഷേധത്തിനു പ്രവര്‍ത്തകരെ എത്തിക്കേണ്ടതിന്റെ ചുമതല ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കൾക്കാണെന്ന് സർക്കുലറിൽ പറയുന്നു. ഒരു ദിവസം കുറഞ്ഞതു മൂന്നു നിയോജക മണ്ഡലങ്ങളില്‍നിന്നുള്ളവർ ശബരിമലയിലുണ്ടാകും. വരുന്ന മൂന്നു ദിവസം കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്നുള്ളവരാണു സന്നിധാനത്തെത്തുക. പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ഭക്തരുടെ താൽപര്യം സംരക്ഷിക്കാനും ഇടപെടാനും സംസ്ഥാന നേതാക്കൾക്കും പ്രത്യേകം ചുമതല നൽകിയിട്ടുണ്ട്. പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകണമെന്ന് ബിജെപി സംസ്ഥാന കാര്യാലയത്തിൽനിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സർക്കുലറിൽ പറയുന്നു.

ഇതിനെത്തുടർന്നു പുല്ലുമേട് വഴിയിൽ രണ്ടു ജില്ലക്കാർക്കു ഇന്നു നിയന്ത്രണമേര്‍പ്പെടുത്തി. പുല്ലുമേട് വഴി തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്കു പ്രവേശനമില്ല. കഴിഞ്ഞ ദിവസം സന്നിധാനത്തു പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പൊലീസ് പറയുന്നത്. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത് തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇത് മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടിയെന്നാണു സൂചന.