Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സുരേന്ദ്രനെതിരെയുള്ള പൊലീസ് റിപ്പോർട്ട് പാളി; മലക്കംമറിച്ചില്‍, തിരുത്ത്

K Surendran Case

റാന്നി∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ കോടതിയിൽ പൊലീസ് ആദ്യം നൽകിയ റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ. അസ്വാഭാവിക മരണമടക്കം കെ. സുരേന്ദ്രന്റെ പേരിൽ കേസുകളാക്കിയാണു പൊലീസ് റിപ്പോർട്ട് നൽകിയത്. പ്രതിഭാഗം ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ അധികമായി ചേർത്ത കേസുകളെല്ലാം പൊലീസ് ഒഴിവാക്കി.

ഈ മാസം 17ാം തീയതി വൈകിട്ട് ഏഴുമണിയോടെ അറസ്റ്റിലായ കെ. സുരേന്ദ്രനെതിരെ കോടതിയിൽ പൊലീസ് നൽകിയ ആദ്യ റിപ്പോർട്ടിൽ കേസ് നമ്പർ 1198/18 എന്നതു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശശിയെന്ന വ്യക്തിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

കേസ് നമ്പർ 705/15 എന്നത് ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർഗതടസമുണ്ടാക്കിയതിന് ഓട്ടോഡ്രൈവർക്കെതിരെയെടുത്ത കേസാണ്. രണ്ട് കേസിലും കെ. സുരേന്ദ്രൻ പ്രതിയല്ലെന്നു സാരം. ഇതേപോലെ കന്റോൺമെന്റ് സ്റ്റേഷനിലെ കേസ് നമ്പർ 1284/18, 1524/17 എന്നിവയിൽ ബിജെപി നേതാക്കൾ പ്രതികളാണെങ്കിലും കെ.സുരേന്ദ്രന്റെ പേരില്ല.

ഇക്കാര്യം പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ പൊലീസ് മലക്കം മറിഞ്ഞു. സുരേന്ദ്രനെതിരെ ഒൻപതുകേസുകൾ നിലവിലുണ്ടെന്ന് ആദ്യം കോടതിയിൽ പറഞ്ഞ പൊലീസ് കേസുകളുടെ എണ്ണം അഞ്ചെണ്ണമെന്നു തിരുത്തി റിപ്പോർട്ട് നൽകി.

അതിനിടെ, കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും ജയിൽ മാറ്റണമെന്ന സുരേന്ദ്രന്റെ അപേക്ഷയും റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു. വിധി പറയാൻ മാറ്റി.

സുരേന്ദ്രനെതിരെ റാന്നി പൊലീസ് 2014ൽ എടുത്ത കേസിൽ ഇന്ന് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പമ്പ ടോൾ ഗേറ്റ് ഉപരോധിച്ചതുമായി ബന്ധപ്പെട്ടു ക്രിമിനൽ ചട്ടം 149, 120 ബി, 420 (7) 188 എന്നീ വകുപ്പു പ്രകാരം എടുത്ത കേസിൽ ഇതുവരെ സുരേന്ദ്രൻ ഹാജരാവുകയോ ജാമ്യം എടുക്കുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം റാന്നി ഗ്രാമന്യായാലയത്തിൽ ഹാജരാക്കിയ സുരേന്ദ്രൻ തന്നെയാണു ബിജെപി നേതാക്കളോടു പഴയ കേസുകൾ വല്ലതും ഉണ്ടോയെന്നു പരിശോധിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ പരിശോധിച്ചു കണ്ടെത്തിയതാണു പഴയ കേസ്. രാവിലെ തന്നെ കേസ് പരിഗണിച്ച കോടതി ജാമ്യം നൽകുകയായിരുന്നു.