Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം; പത്തനംതിട്ടയില്‍ പ്രവേശിക്കാനാവില്ല

K Surendran ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോൾ. ചിത്രം: പി.നിഖിൽരാജ്

കൊച്ചി∙ ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനു ജാമ്യം. കർശന ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചു. രണ്ടു പേരുടെ ആൾ ജാമ്യം വേണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 23 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്.

കെ. സുരേന്ദ്രനെ കുടുക്കിയവര്‍ക്കെതിരേ നിയമനടപടി തുടരുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ജനപിന്തുണ വര്‍ധിച്ച സുരേന്ദ്രന്‍ കരുത്തനായാണു തിരിച്ചുവരുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സുരേന്ദ്രനെ എത്രകാലം ജയിലിൽ ഇടുമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. സുരേന്ദ്രൻ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നു പറഞ്ഞ കോടതി, അദ്ദേഹം മാത്രമാണോ ആ പാർട്ടിയിലുള്ളതെന്നും സർക്കാരിനോടു ചോദിച്ചിരുന്നു.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം. സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും ജാമ്യം ലഭിച്ചു. 2013 ൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരം, 2016 ൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു നടത്തിയ മാർച്ച് എന്നീ കേസുകളിലാണു ജാമ്യം.