നിങ്ങൾ നീരീക്ഷണത്തിലാണ്

HIGHLIGHTS
  • എങ്ങനെയാണു പൊലീസ് പ്രതിയിലേക്ക് എത്തിയത്?
  • അപ്പോൾ വോൾടാവ നദിയിൽ മരിച്ച യുവതി?
case-investigation-plan
SHARE

ചാലക്കുടിപ്പുഴയോരത്തെ ഇടവഴിയിലൂടെ കുതിക്കുന്ന ബൈക്ക്, മൊബൈൽ ഫോണിൽ സംസാരിച്ച് എതിരെ നടന്നു വന്ന സ്ത്രീക്കു തന്റെ കഴുത്തിൽ എന്തോ സംഭവിച്ചതായി മാത്രം തോന്നി. അതിനിടയിൽ ബൈക്കിന്റെ സ്പീഡും ദിശയും അഭ്യാസിയെപ്പോലെ ഒരു കൈകൊണ്ടു നിയന്ത്രിച്ച യുവാവു മിന്നി മറ‍ഞ്ഞു. അതൊരു വിദഗ്ധമായ മാലമോഷണമായിരുന്നു.ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് നഗരം, വോൾടാവ നദിയുടെ തീരത്തു യുവതിയുടെ മൃതദേഹം അടിഞ്ഞു....

2 കേസുകളിലും ലോകത്തിന്റെ 2 മൂലയിൽ ഇരുന്നു പൊലീസ് ചിന്തിച്ചതും പ്രവർത്തിച്ചതും ഒരുപോലെയാണ്. സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടത്തിയ ബുദ്ധിപരമായ കുറ്റാന്വേഷണം, കേസുകൾ രണ്ടും തെളിഞ്ഞു.

ചാലക്കുടിയിലേക്കു തിരിച്ചുവരാം, വളരെ സാധുവായി കാണപ്പെട്ട യുവാവ്. ബൈക്കുകളോടുള്ള ഭ്രമം ഒഴികെ പറയത്തക്ക പ്രത്യേകതകൾ അയാൾക്കില്ല. വിലപിടിപ്പുള്ള അലങ്കാര വസ്തുകൾ വാങ്ങി ബൈക്കുകളെ അണിയിച്ചൊരുക്കും. അലങ്കാരങ്ങൾ അടിക്കടി മാറ്റും. രാവിലെ കാണുന്ന ഫ്ലൂറസന്റ് നിറത്തിലുള്ള ക്രാഷ് ഗാർഡ് വൈക‌ിട്ടു കാണില്ല. പകരം ഹാൻഡിലിൽ പ്രത്യേക തരം കണ്ണാടിയും അതിനു താഴെ പറക്കുന്ന തോരണങ്ങളും കാണും. ആകെ പ്രശ്ചന്നവേഷം. ഇത്തരം കാര്യങ്ങളിൽ ചെറുപ്പക്കാർ കാണിക്കുന്ന കൗതുകത്തിനപ്പുറം ആർക്കും ഒന്നും തോന്നിയില്ല.

പക്ഷെ, നാട്ടുകാരെ ഞെട്ടിച്ചു കൊണ്ടാണു ചാലക്കുടി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ മാലമോഷണക്കേസുകളിൽ പലതും ഒറ്റയടിക്കു തെളിഞ്ഞു.

എങ്ങനെയാണു പൊലീസ് പ്രതിയിലേക്ക് എത്തിയത്?

ബൈക്കിന്റെ രൂപമാറ്റത്തിനു പുറമേ നമ്പർ പ്ലേറ്റ് മറയ്ക്കാനും അയാൾ ശ്രദ്ധിച്ചിരുന്നു. മാല മോഷണം കഴിഞ്ഞാൽ ഉടൻ വണ്ടിയുടെ അലങ്കാരങ്ങൾ അഴിക്കും. ഷർട്ടും ഹെൽമറ്റും മാറ്റും. മോഷണ സമയത്തു ധരിച്ച വസ്ത്രങ്ങളേക്കാൾ അങ്ങേയറ്റം വ്യത്യസ്തമായ വേഷത്തിലേക്കും ഭാവത്തിലേക്കും അയാളും ബൈക്കും ഞൊടിയിടകൊണ്ടു രൂപാന്തരപ്പെടും.

പക്ഷെ ഇരകളുടെ മൊഴികളിൽ നിന്നു മോഷ്ടാവ് ഉപയോഗിച്ച വാഹനത്തിന്റെ ചില സവിശേഷതകൾ പൊലീസ് മനസ്സിലാക്കി, പ്രത്യേകിച്ചും ഇന്ധനടാങ്കിന്റെ ആകൃതിയും വണ്ടി വേഗതകൂട്ടുമ്പോൾ ഉണ്ടാക്കുന്ന പ്രത്യേക ‘ടക ടക’ ശബ്ദവും.

വണ്ടി ഏതുതരമെന്നു തിരിച്ചറിഞ്ഞതോടെ സമീപത്തെ 2 ജില്ലകളിലെ 40 വാഹന ഡീലർമാരിൽ നിന്നും 7 ആർടി ഓഫിസുകളിൽ നിന്നും വിവരം ശേഖരിച്ചു. 600 വാഹനയുടമകളുടെ പട്ടിക തയാറാക്കി. ഇവരെക്കുറിച്ചു വിശദമായി പഠിച്ചു. ക്രിമിനൽ പാശ്ചാത്തലമുള്ളവരെ ചോദ്യം ചെയ്തു. മോഷണത്തിൽ പങ്കില്ലാത്തവരെ ഒഴിവാക്കി.

ഇരുചക്രവാഹനങ്ങളിൽ ഘടിപ്പിക്കുന്ന അലങ്കാര ഉൽപന്നങ്ങൾ വിൽക്കുന്നവരുടെ മൊഴിയെടുത്തു. കടകളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നേറിയത്.

അന്വേഷണം 18 പേരിലേക്കു ചുരുങ്ങി. ഇവരിൽ കാര്യമായ ജോലി ചെയ്യാതെ ആഡംബര ജീവിതം നയിക്കുന്നതായി തോന്നിയ 8 പേരെ പൊലീസ് നിരീക്ഷിച്ചു.

അതിനിടയിലാണു കേരളാ പൊലീസ് അതുവരെ പരീക്ഷിക്കാത്ത ഒരു നിരീക്ഷണ മാർഗം അന്വേഷണ സംഘത്തിലെ ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചത്. അദ്ദേഹത്തിന്റെ പുതുമയുള്ള ആശയം എല്ലാവരെയും അതിശയിപ്പിച്ചു.

പൊലീസ് വാഹനങ്ങളുടെ സ്ഥാനവും ചലനവും കൃത്രിമ ഉപഗ്രഹങ്ങളുടെയും ഇന്റർനെറ്റിന്റെയും സഹായത്തോടെ പൊലീസ് കൺട്രോൾ റൂമുകളിൽ ഇരുന്നു നിരീക്ഷിക്കാൻ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സംവിധാനം അതീവ രഹസ്യമായി  നിരീക്ഷണത്തിലുള്ള 8 ഇരുചക്ര വാഹനങ്ങളിലും ഘടിപ്പിക്കുക.

ഉടമകൾ അവരുടെ വാഹനങ്ങൾ വീടിനു പുറത്ത് ഏറ്റവും അധികം സമയം പാർക്ക് ചെയ്യുന്ന ഇടങ്ങൾ കണ്ടെത്തി. ഏറെ പണിപ്പെട്ട് 8 ബൈക്കുകളിലും പൊലീസ് രഹസ്യമായി ജിപിഎസ് ഘടിപ്പിച്ചു. ഇതിൽ നിന്നാണു യഥാർഥ പ്രതിയുടെ ബൈക്കിന്റെ നീക്കങ്ങൾ പൊലീസിനു കൃത്യമായി ലഭിച്ചത്. മാലപൊട്ടിക്കൽ നടക്കുന്ന ഇടങ്ങളിൽ ഈ ബൈക്കിന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചതോടെ യുവാവിനെ അറസ്റ്റ് ചെയ്തു.

അപ്പോൾ വോൾടാവ നദിയിൽ മരിച്ച യുവതി?

പ്രാഗ് നഗരത്തിലൂടെ ഒഴുകുന്ന വോൾടാവ നദിയിലെ യുവതിയുടെ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ ചെക്ക് പൊലീസും ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോണുകളുടെ നീക്കങ്ങളാണു നിരീക്ഷിച്ചത്. മരിച്ചതായി സംശയിക്കുന്ന ദിവസം യുവതിയുടെ മൊബൈൽ ഫോൺ സഞ്ചരിച്ച അതേ ദിശയിൽ മറ്റ് 5 മൊബൈൽ ഫോണുകൾ കൂടി സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തി.

ഇവരിൽ 3 പേരുടെ ജിപിഎസ് സംവിധാനം അപ്പോഴും പ്രവർത്തിക്കുന്നതായും, യുവതി അടക്കം 2 പേരുടേതു നിശ്ചലമായതായും കണ്ടെത്തി. നിശ്ചലമായ രണ്ടാമത്തെ ഫോണിന്റെ ഉടമ മരിച്ച യുവതിയുടെ കാമുകനാണ്. യുവതി മരിച്ച അന്നു മുതൽ അയാളെക്കുറിച്ചും വിവരമില്ല.

ഇതോടെ മറ്റു 3 മൊബൈൽ ഫോൺ ഉടമകളെയും പൊലീസ് ചോദ്യം ചെയ്തു. ഇവർക്കു പരസ്പരം അറിയില്ലെന്നു ബോധ്യപ്പെട്ടു. എന്നാൽ യുവതി കൊല്ലപ്പെട്ട അതേ ദിവസം ഇവർ 3 പേരും ജിപിഎസ് ഉപയോഗിച്ചു കളിക്കുന്ന ഓൺലൈൻ നിധിവേട്ട മത്സരത്തിൽ പങ്കെടുത്തിരുന്നതായി പൊലീസിനു ബോധ്യപ്പെട്ടു.

പ്രാഗ് നഗരത്തിന്റെ പലഭാഗങ്ങളിലായി ഒളിപ്പിച്ചിരുന്ന വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ ജിപിഎസ് സംവിധാനം ഉപയോഗിച്ചു കണ്ടെത്തി സ്വന്തമാക്കുന്നതാണു മത്സരം.

മത്സരം സംഘടിപ്പിച്ച ഓൺലൈൻ കമ്പനിയുടെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. വോൾടാവ നദിയിൽ യുവതി മരിച്ചതായി അനുമാനിക്കുന്ന ദിവസം നടത്തിയ നിധിവേട്ടയിലെ ഒരു സമ്മാനം ഒളിപ്പിച്ചിരുന്നതു വോൾടാവ നദിയിലേക്കു വെള്ളം ഒഴുകിയെത്തുന്ന തുരങ്കത്തിലാണെന്നു മനസ്സിലാക്കി. ഇതോടെ കേസിന്റെ ചുരുൾ ചെക്ക് പൊലീസ് അഴിച്ചു.

നിധിവേട്ടയിലെ സമ്മാനം കണ്ടെത്താൻ യുവതിയും കാമുകനും തുരങ്കത്തിൽ ഇറങ്ങിയ സമയം തുരങ്കത്തിലെ ജലനിരപ്പു ക്രമാതീതമായി ഉയർന്ന് ഇരുവരും അപായപ്പെടുകയായിരുന്നു. തുടർന്നു തുരങ്കത്തിനുള്ളിൽ നടത്തിയ തിരച്ചിലിൽ യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി. അതു മരിച്ച യുവതിയുടെ കാമുകന്റേതായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ