ശത്രുതയുടെ വിത്തുകളും വിഷപ്രയോഗവും

potassium-cyanate-toxicity-and-case-diiary-of-a-murder
SHARE

എല്ലാകാര്യങ്ങളും ശാന്തമായി നീങ്ങുന്നതിനിടയിലാണു ടോമിയുടെ അടുത്തബന്ധു കൂടിയായ ബിസിനസ് പങ്കാളിയുടെ മരണം.

അതോടെ എല്ലാം തകിടം മറിഞ്ഞു. പങ്കാളിയുടെ ഭാര്യയെ ബിസിനസിന്റെ ഭാഗമാക്കിയെങ്കിലും അവർക്കിടയിൽ പൊരുത്തക്കേടുകൾ വളർന്നു. തർക്കങ്ങൾ ശത്രുതയുടെ വിത്തു പാകി. അവരുടെ ചില സൗഹൃദങ്ങളെ ടോമി എതിർത്തു. അതോടെ അകൽച്ച വൈരാഗ്യത്തിനു വഴിമാറി. ടോമിയുടെ ഭാര്യ മെർലിയോടും മക്കളോടും വരെ പകയായി. ഇവരുടെ കുടുംബത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടായി.

അവർ ചെയ്ത ആഭിചാരങ്ങൾ ടോമിയുടെ ബിസിനസിനെ തളർത്തിയില്ല. മന്ത്രവാദികളുടെ സഹായത്തോടെ ടോമിയെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ദുഷ്ട ക്രിയകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

അതോടെ പ്രതികാര ചിന്ത വർധിച്ചു. കൊലപ്പെടുത്താൻ തീരുമാനിച്ചു. അതിനുള്ള മാർഗങ്ങൾ അന്വേഷിച്ചു. മരിച്ചുപോയ ഭർത്താവിന്റെ അയൽവാസിയുടെ സഹകരണത്തോടെയായിരുന്നു നീക്കം. ടോമിയും കുടുംബവുമായുള്ള ‘നല്ല ബന്ധം’ സംശയം തോന്നിപ്പിക്കാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചിരുന്നു. കൊലപാതകത്തിനു പദ്ധതിയിട്ടപ്പോൾ മുതൽ ടോമിയുടെ വീട് ഇടയ്ക്കു സന്ദർശിക്കാനും മറന്നില്ല. 

4 പേരെയും ഒറ്റയടിക്ക് ഇല്ലാതാക്കണം, ശബ്ദം പുറത്തു കേൾക്കരുത്, ചോര വീഴ്ത്തരുത്... എല്ലാം കഴിയുമ്പോൾ പൊലീസിനും നാട്ടുകാർക്കും കൂട്ട ആത്മഹത്യയായി തോന്നണം.

അതിനു പറ്റിയതു പൊട്ടാസ്യം സയനൈഡാണെന്നു നിശ്ചയിച്ചു. സാധാരണ ദിവസങ്ങളിൽ പട്ടണത്തിലെ തുണിക്കട പൂട്ടി രാത്രി 8 മണിയോടെ ടോമി വീട്ടിലെത്തും. തിങ്കളാഴ്ച ദിവസം മാത്രം കട പൂട്ടാൻ വൈകുന്നതും അവർ ശ്രദ്ധിച്ചു. അപ്പോൾ തിങ്കളാഴ്ച തന്നെ കൊലപാതകത്തിനു പറ്റിയ ദിവസം. കൂട്ടാളിയുടെ സഹായത്തോടെ 2 പേരെക്കൂടി കുറ്റകൃത്യത്തിന്റെ ഭാഗമാക്കി. 1 ലക്ഷം രൂപയാണു കൊലയ്ക്കു കൂലി നിശ്ചയിച്ചത്.

കൊല നടത്തുന്ന ദിവസം 4 പൊതി സയനൈഡുമായി പഴയ ബിസിനസ് പങ്കാളിയുടെ ഭാര്യ ടോമിയുടെ വീട്ടിലെത്തും. അവർ സംസാരിക്കുന്നതിനിടയിൽ മറ്റു 3 പേരും അവിടെയെത്തണം. ബലപ്രയോഗത്തിലൂടെ മെർലിയെയും 2 കുട്ടികളെയും കീഴ്പ്പെടുത്തി വിഷം നൽകും. 

ആത്മഹത്യയെന്നു തോന്നിപ്പിക്കും വിധം  3 പേരെയും ഒരുമിച്ചു കട്ടിലിൽ കിടത്തും.

ശേഷം പുരുഷന്മാരായ 3 പ്രതികൾ വീടിനുള്ളിൽ ടോമിയുടെ വരവും കാത്തു പതുങ്ങിയിരിക്കും. ബലപ്രയോഗത്തിലൂടെ ടോമിക്കും വിഷം നൽകി കുടുംബത്തിനൊപ്പം കട്ടിലിൽ കിടത്തി കൊലയാളികൾ സ്ഥലം വിടും... നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു, ഇതായിരുന്നു പദ്ധതി.

ആ തിങ്കളാഴ്ച കടപൂട്ടി ടോമി വീട്ടിലെത്തിയപ്പോൾ അവിടെ വെളിച്ചം പോലും കണ്ടില്ല. വീടിനുള്ളിൽ അനക്കമില്ല. ലൈറ്റിട്ട ടോമിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തി. മെർലിയെയും മക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ 3 പേരുടെയും മരണകാരണം സയനൈഡ് വിഷമാണെന്നു തെളിഞ്ഞു. മുഖത്തും കഴുത്തിലുമുള്ള പാടുകൾ കണ്ടതോടെ ബലപ്രയോഗത്തിലൂടെ വിഷം നൽകിയതാണെന്നും ബോധ്യപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ്പിയുടെ കുറ്റാന്വേഷണ മനസ് ഒരേയൊരു ചോദ്യത്തിൽ ഉടക്കി നിന്നു.

‘ടോമി മാത്രം എങ്ങനെ കഷ്ടിച്ചു രക്ഷപ്പെട്ടു?’ അവരുടെ ലക്ഷ്യം ടോമിയായിരിക്കണം, ഇവരെ കൊലപ്പെടുത്തിയിട്ടു പ്രത്യേകിച്ചു കാര്യമില്ല. ടോമിയെ ലക്ഷ്യമിട്ടവർ അതിനു മുന്നോടിയായി ഇവരെ കൊലപ്പെടുത്തിയതാണ്. അതായത് 3 പേർക്കു വിഷം നൽകിയ ശേഷം കൊലയാളികൾ അവിടെ തമ്പടിച്ചു. എന്നാൽ കട പൂട്ടി ടോമി അവിടെ എത്തുന്നതിനു മുൻപ് ആ വീട്ടിൽ സംഭവിച്ച എന്തോ ഒരു കാര്യം കൊലയാളികളുടെ പദ്ധതി പൊളിച്ചു, അവർക്ക് അവിടെ നിന്നു കടന്നുകളയേണ്ടി വന്നു, ടോമി രക്ഷപ്പെട്ടു.

അപ്പോൾ എന്തായിരിക്കും അന്നവിടെ സംഭവിച്ചിരിക്കുക? മൃതദേഹങ്ങൾ പരിശോധിച്ച പൊലീസ് മെർലിയുടെ വായിൽ കണ്ട രക്തത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അന്വേഷണ സംഘം ചെയ്ത കാര്യങ്ങൾ:

∙ ഒരാഴ്ച കൊണ്ടു പ്രദേശത്തു സ്വർണപ്പണി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും നേരിൽ കണ്ടു മൊഴിയെടുത്തു. തൊഴിലിന്റെ ആവശ്യത്തിനായി നിയമപ്രകാരം പൊട്ടാസ്യം സയനൈഡ് സൂക്ഷിക്കുന്നത് അവരാണ്. (രണ്ടാഴ്ച മുൻപു പൊട്ടാസ്യം സയനൈഡ് അന്വേഷിച്ചെത്തിയ ഒരാളെക്കുറിച്ചുള്ള വിവരം ലഭിച്ചു)

അതിനിടെ രക്തപരിശോധനാ റിപ്പോ‍ർട്ട് ലഭിച്ചു. 

കൊലയ്ക്ക് ഉപയോഗിച്ചതു പൊട്ടാസ്യം സയനൈഡ് തന്നെയെന്നു വ്യക്തമായി.

അതിനൊപ്പം മറ്റൊരു വിവരം കൂടി ആ റിപ്പോർട്ടിലുണ്ടായിരുന്നു. കൊല്ലപ്പെട്ട മെർലിയുടെ വായിൽ കണ്ട രക്തം മെർലിയുടെതല്ല.

∙ സമീപത്തെ മുഴുവൻ ആശുപത്രികളും പൊലീസ് അരിച്ചു പെറുക്കി. കൊല നടന്ന ദിവസം രാത്രി കൈവിരലിനു മുറിവേറ്റു ചികിത്സ തേടിയെത്തിയ ഒരാളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

അന്വേഷണം ഫലം കണ്ടു പൊട്ടാസ്യം സയനൈഡ് വാങ്ങാനെത്തിയ ടെലികോം ലൈൻമാനെയും കൈവിരലിൽ മെർലിയുടെ കടിയേറ്റു മുറിവു പറ്റിയ സഹായിയെയും അറസ്റ്റ് ചെയ്തു. 

ലൈൻമാൻ മെർലിയുടെ ഭർത്താവ് ടോമിയുടെ മരിച്ചു പോയ ബിസിനസ് പങ്കാളിയുടെ അയൽവാസിയാണ്. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചു: ‘‘എന്തുകൊണ്ടാണു ടോമിയെ കൊലപ്പെടുത്താതെ നിങ്ങൾ സ്ഥലം വിട്ടത്?’’

ബലം പ്രയോഗിച്ചു വായ തുറന്നു പൊട്ടാസ്യം സയനൈഡ് കഴിപ്പിക്കുന്നതിനിടയിലാണു പ്രതികളിൽ ഒരാളുടെ കൈവിരലിൽ മെർലി കടിച്ചത്. ആ മുറിവിലൂടെ പൊട്ടാസ്യം സയനൈഡ് രക്തത്തിൽ കലർന്നു താനും മരിക്കുമെന്നു ഭയന്ന കൂട്ടുപ്രതി ബഹളംവച്ചു.

അതോടെ അയാളെയും കൊണ്ടു മറ്റു പ്രതികൾ ആശുപത്രിയിലേക്കു പാഞ്ഞു. കൊല്ലപ്പെടും മുൻപ് മെർലി അങ്ങനെ ഭർത്താവ് ടോമിയുടെ ജീവൻ രക്ഷിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ