കോടതി മുറിയിൽ ഉയർന്ന വെടിയൊച്ച

HIGHLIGHTS
  • ഒരു തോക്ക് അബദ്ധത്തിൽ താഴെ വീഴുന്നു, അതു പൊട്ടുന്നു
  • ഈ ‘ കൊലക്കുറ്റം’ സാങ്കേതികമാണെന്നു കരുതേണ്ടി വരും
murder-in-court
SHARE

ഒരു തോക്ക് അബദ്ധത്തിൽ താഴെ വീഴുന്നു, അതു പൊട്ടുന്നു, ഒരാൾ മരിക്കുന്നു... ഒറ്റവരിയിൽ സംഭവത്തെ ഇങ്ങനെ ഒതുക്കിപ്പറയാം. തോക്കു താഴെ വീണതു പൊലീസുകാരന്റെ കയ്യിൽനിന്നാണ്. അതു പൊട്ടിയതു കോടതി മുറിക്കുള്ളിൽ. വെടിയേറ്റു മരിച്ചത് അതേ തോക്ക് തൊണ്ടി മുതലായി കോടതിയിലേക്കു കൊണ്ടുവരാൻ നിർദേശിച്ച സർക്കാർ അഭിഭാഷകയും. ഭവനഭേദനക്കേസിന്റെ  വിചാരണയ്ക്കിടയിലാണു സംഭവം.

ദക്ഷിണാഫ്രിക്കയിലെ അംസിംകുലു പ്രവിശ്യയിലെ കോടതിമുറിയിലായിരുന്നു അഡിലെയ്ഡ് ഫെറെയ്റ വാട്ട് (51) എന്ന  വനിതാ പ്രോസിക്യൂട്ടറുടെ അന്ത്യം.

നവംബർ 18നു തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3.20 നാണ് ‘അപകടം’ സംഭവിച്ചത്. അന്വേഷണം നടക്കുന്നതേയുള്ളൂ. ഒരു ന്യായാധിപന്റെ കൺമുൻപിൽ സർക്കാർ അഭിഭാഷക വെടിയേറ്റു വീണ കേസിൽ പ്രതി പൊലീസുകാരനാണ്. അസ്വാഭാവികതകളുടെ അങ്ങേയറ്റമാണ് ഈ സംഭവം. നമ്മുടെ നാട്ടിലാണെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കും. സൗത്ത് ആഫ്രിക്കൻ പൊലീസ് സംഭവത്തിൽ സഹപ്രവർത്തകനെ പ്രതിയാക്കി കേസെടുത്തതു കൊലക്കുറ്റത്തിനാണ്.

‘‘കേസിന്റെ വിചാരണയ്ക്കിടയിൽ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ തൊണ്ടിമുതലായ തോക്ക് മേശപ്പുറത്തേക്ക് എടുത്തുവയ്ക്കുന്നതിനിടയിലാണു താഴെ വീണു വെടി പൊട്ടുന്നത്.’’

പൊലീസ് വക്താവു നടത്തിയ ഈ പത്രപ്രസ്താവന മാത്രമാണു സംഭവത്തെക്കുറിച്ചുള്ള വിവരം. ന്യായാധിപൻ, സഹ അഭിഭാഷകർ, കോടതി ജീവനക്കാർ, കേസിലെ സാക്ഷികൾ, പ്രതികൾ... ഇവരെല്ലാമാണു തൊണ്ടിമുതൽ പൊട്ടി അഭിഭാഷക മരിച്ച കേസിലെ ദൃക്സാക്ഷികൾ.

സാധാരണ നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യയുടെ പരിധിയിൽ വരുന്ന കേസാണിതെങ്കിലും എന്തുകൊണ്ടാണു പൊലീസ് കൊലക്കുറ്റം ചുമത്തിയതെന്നു വ്യക്തമാകാൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും വരെ കാത്തിരിക്കേണ്ടി വരും.

പുറത്തു പറയുന്നതിൽ കൂടുതൽ അതിനാടകീയമായി മറ്റൊന്നും കോടതിമുറിക്കുള്ളിൽ സംഭവിച്ചിട്ടില്ലെങ്കിൽ ഈ ‘ കൊലക്കുറ്റം’ സാങ്കേതികമാണെന്നു കരുതേണ്ടി വരും.

 പൊലീസ് ഉദ്യോഗസ്ഥന്റെ വീഴ്ച...

തൊണ്ടിമുതലായി പിടിച്ചെടുക്കുന്ന നിറതോക്ക് അതേപടി കോടതിയിൽ ഹാജരാക്കാൻ നിയമം അനുശാസിക്കുന്നില്ല. കുറ്റകൃത്യത്തിനു ശേഷം പിടിച്ചെടുക്കുന്ന തോക്കിന്റെ ബാലിസ്റ്റിക് റിപ്പോർട്ടും ഫൊറൻസിക് റിപ്പോർട്ടുമാണു മുഖ്യം. തൊണ്ടി നിറതോക്കാണെങ്കിൽ മഹസർ എഴുതി അതിനുള്ളിലെ വെടിയുണ്ടകൾ നീക്കം ചെയ്തു പ്രത്യേക പ്ലാസ്റ്റിക് കൂടിൽ മുദ്രവച്ചു സൂക്ഷിച്ചാൽ മതി. ഇതു ചെയ്യാതെ നിറതോക്കു കോടതിയിൽ ഹാജരാക്കിയതാണു പൊലീസ് ഉദ്യോഗസ്ഥനു പറ്റിയ ആദ്യ വീഴ്ച. സാധാരണ നിലയിൽ കോടതി നടപടികളിൽ പരിശീലനം കഴിഞ്ഞു പ്രോസിക്യൂഷനെ സഹായിക്കാൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഗുരുതരമായ ഈ വീഴ്ച വരുത്തില്ല, പിന്നെ എന്തുകൊണ്ടാണിതു സംഭവിച്ചത്? അതു കണ്ടെത്തുകയാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി.

നിറതോക്ക് അതേപടി ഹാജരാക്കിയത് ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയാണെന്നു വിചാരിച്ചാലും കാഞ്ചി ലോക്ക് ചെയ്തു തോക്കു കോടതിമുറിയുടെ തറയിൽ വീഴാതെ ശ്രദ്ധിക്കാനുള്ള ബാധ്യത പൊലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. അതും പാലിക്കപ്പെട്ടില്ല.

 തോക്ക് ആരുടേതാണ്?

ദക്ഷിണാഫ്രിക്കയിലെ കൗസുലുനാറ്റൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഫാം ഹൗസിൽ 2014 ൽ ഒരു മോഷണം നടന്നു. ഫാം ഉടമയുടെ തോക്കും മോഷ്ടിക്കപ്പെട്ടു. കേസിൽ 5 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കളുടെ പക്കൽനിന്നു തോക്കു പൊലീസ് പിടിച്ചെടുത്തു.

ഇതറിഞ്ഞ ഫാം ഹൗസ് ഉടമ കോടതിയിൽ അപേക്ഷ നൽകി തോക്ക് തിരികെ വാങ്ങി. വന്യമൃഗങ്ങളുടെ അക്രമണം ഫാം ഹൗസിൽ ഇടവിട്ടുണ്ടാകാറുണ്ട്. സ്വയരക്ഷയ്ക്കു വേണ്ടി ലൈസൻസോടെ സൂക്ഷിക്കുന്ന തോക്കാണു മോഷ്ടിക്കപ്പെട്ടത്. പൊലീസ് അതു കണ്ടെത്തിയ സ്ഥിതിക്കു നിയമനടപടികൾ പൂർത്തിയാക്കി തോക്ക് തിരികെ തരണം. വിചാരണ ഘട്ടത്തിൽ ആവശ്യം വരുമ്പോൾ കോടതിയിൽ ഹാജരാക്കാനും തയാറാണ്. ഇതായിരുന്നു അപേക്ഷയുടെ ചുരുക്കം.

അപേക്ഷ പരിശോധിച്ച കോടതി ബാലിസ്റ്റിക് പരിശോധനകൾ പൂർത്തിയാക്കി മഹസർ എഴുതി തോക്ക് ഉടമയ്ക്കു തിരികെ നൽകാൻ ഉത്തരവിട്ടു. (നമ്മുടെ നാട്ടിൽ തൊണ്ടി പിടിച്ചാൽ അത് ഉടമയ്ക്ക് എത്ര ഉപകാരമുള്ള വസ്തുവാണെങ്കിലും കേസിന്റെ വിചാരണ പൂർത്തിയാക്കാതെ തിരികെ നൽകാറില്ല; ആയുധങ്ങൾ പ്രത്യേകിച്ച്).

വിചാരണയ്ക്കു മുന്നോടിയായി കേസിലെ തൊണ്ടിമുതലായ തോക്കു വാങ്ങാൻ പൊലീസുകാരൻ എത്തിയപ്പോൾ ഫാം ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ‘നിറതോക്കാണോ?’ എന്ന പൊലീസുകാരന്റെ ചോദ്യത്തിനു ‘എനിക്ക് അറിയില്ലെ’ന്നായിരുന്നു ഉടമയുടെ ഭാര്യയുടെ മറുപടി. കോടതിയിൽ തോക്കു ഹാജരാക്കും മുൻപ് അതു പരിശോധിച്ചു വെടിയുണ്ട നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം പൊലീസുകാരനെ ഏൽപിക്കുന്ന മറുപടിയാണിത്. എന്നിട്ടും സൗത്താഫ്രിക്കൻ പൊലീസിന് അബദ്ധം പറ്റി, കോടതി മുറിയിൽ തോക്കു വീണു, അതു പൊട്ടി, സർക്കാർ അഭിഭാഷക മരിച്ചു.

തോക്കുകൾ അബദ്ധത്തിൽ പൊട്ടി ആളപായമുണ്ടാകുന്ന കേസുകൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെമി ഓട്ടമാറ്റിക് പിസ്റ്റളാണു പലപ്പോഴും വില്ലൻ. വെടിയുണ്ട വയ്ക്കുന്ന മാഗസിൻ തോക്കിൽ നിന്നു നീക്കം ചെയ്താലും ഒരു ബുള്ളറ്റ് തോക്കിന്റെ ചേംബറിൽ കയറി ഒളിച്ചിരിക്കും. ‘ഒളിയുണ്ട’ എന്നാണ് ഇതിനെ വിളിക്കുക. കാഞ്ചി വലിച്ചു ബുള്ളറ്റ് പുറത്തേക്കു പായുമ്പോൾ അടുത്ത ബുള്ളറ്റ് ഫയറിങ് ചേംബറിൽ കയറി സ്ഥാനം പിടിക്കും. മാഗസിൻ വലിച്ചൂരി മാറ്റിയാലും ഒളിയുണ്ട ചേംബറിലുണ്ടാകും. തോക്കു കാലിയാണെന്നു കരുതി കാഞ്ചി വലിച്ചു പോയാൽ ഓർക്കാപ്പുറത്തു വെടിപൊട്ടും. പട്ടാളക്കാർ വരെ ഇങ്ങനെ മരിച്ചിട്ടിട്ടുണ്ട്. അത് ആത്മഹത്യയാണെന്നു തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ