40 വർഷം മുൻപത്തെ ഒരു മോഷണത്തിന്റെ പിന്നാമ്പുറം

HIGHLIGHTS
  • പകൽ സമയത്തു ഞൊടിയിട കൊണ്ടാണു മോഷണം.
  • റേഡിയോ മോഷണം വലിയ വർത്തമാന വിഷയമായി.
story-behind-the-theft
SHARE

ലൗലി സ്റ്റുഡിയോ മൈലാപ്പൂർ മദിരാശി..... ഈ വിലാസത്തിലേക്കു കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നു തുടർച്ചയായി പാഴ്സലുകൾ പോകുന്നു. 40 വർഷം മുൻപാണു സംഭവം റിപ്പോർട്ട് ചെയ്തത്. മദ്രാസ് മെയിലിലെ പാഴ്സൽ കംപാർട്മെന്റിനോടു ചേർന്ന യാത്രാബോഗിയിൽ അന്നു 2 യാത്രക്കാർ ഒരു പ്രത്യേക ദൗത്യം ഏറ്റെടുത്തു യാത്ര ചെയ്തിരുന്നു.

ഇൻസ്പെക്ടർ ശശിധരനും മധ്യതിരുവിതാംകൂറിൽ ‘കലണ്ടർ സാമുവേൽ’ എന്നപേരിൽ പ്രശസ്തനായ ഹെഡ്കോൺസ്റ്റബിൾ സാമുവലും. കേരളത്തിലെ പെരുന്നാൾ ഉത്സവ സീസണിൽ ശിവകാശിയിൽ അച്ചടിച്ച സിനിമാതാരങ്ങളുടെ ചിത്രങ്ങൾ വിൽക്കാനെത്തിയ കച്ചവടക്കാരുടെ വേഷത്തിലായിരുന്നു അവരുടെ യാത്ര.

റെയിൽവേ സംരക്ഷണ (ആർപിഎഫ്) സേനാവിഭാഗത്തോടു പോലും തങ്ങളുടെ ഏറ്റവും വിശ്വസ്തരും മിടുക്കരുമായ 2 ഉദ്യോഗസ്ഥരുടെ യാത്രാ ദൗത്യം കേരളാ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല.

തെക്കൻജില്ലകളിലെ ആരാധനാലയങ്ങളിൽ നിന്നു വിലകൂടിയ റേഡിയോ സെറ്റുകൾ, മൈക്കുകൾ, ഉച്ചഭാഷിണികൾ എന്നിവ തുടർച്ചയായി മോഷ്ടിക്കപ്പെട്ടതാണ് അന്വേഷണത്തെ മൈലാപ്പൂർ ലൗലി സ്റ്റുഡിയോ വരെ എത്തിച്ചത്. കോട്ടയം ജില്ലയിൽ അക്കാലത്ത് ആരാധനാലയങ്ങളിൽ വിലകൂടിയ മൈക്ക് സെറ്റുകളും റേഡിയോകളും സുലഭമായിരുന്നു. മധ്യതിരുവിതാംകൂറിലെ യൂറോപ്യൻ കുടിയേറ്റക്കാരുടെ സമ്മാനങ്ങളായിരുന്നു അതിൽ അധികവും.

റേഡിയോ മോഷണം നടന്നിടങ്ങളിൽ അതിനേക്കാൾ വിലപിടിപ്പുള്ള ഉരുപ്പടികളും നേർച്ചപ്പെട്ടികളുമുണ്ടായിരുന്നു. അതൊന്നും മോഷ്ടാക്കൾ തൊട്ടിട്ടില്ല, വാതിലുകളും ജനലുകളും കുത്തിപ്പൊളിച്ചിട്ടില്ല. പകൽ സമയത്തു ഞൊടിയിട കൊണ്ടാണു മോഷണം.

1970 കളിൽ ആരാധനാലയങ്ങൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ക്ലബുകൾ എന്നിവിടങ്ങളിൽ റേഡിയോ ഉച്ചഭാഷിണിയിലൂടെ പുറത്തേക്കു കേൾപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതു കേൾക്കാൻ പള്ളിപ്പറമ്പിലും അമ്പലമുറ്റത്തും ജനങ്ങൾ കൂട്ടംകൂടുമായിരുന്നു. തുടർന്നുള്ള രാഷ്ട്രീയ ചർച്ചകളും സാംസ്കാരിക സംവാദങ്ങളും ഇത്തരം പൊതുഇടങ്ങളിൽ പതിവായിരുന്നു.

മോഷണം നടന്ന ആരാധനാലയ പരിസരം തുടർന്നുള്ള വൈകുന്നേരങ്ങളിൽ നിശബ്ദമായതു ജനങ്ങളെ അലോസരപ്പെടുത്തി. റേഡിയോ മോഷണം വലിയ വർത്തമാന വിഷയമായി. നാട്ടുകാർക്കും വിശ്വാസികൾക്കും പുറമേ റേഡിയോയും ഉച്ചഭാഷിണികളും സംഭാവന ചെയ്ത സ്ഥലത്തെ പ്രമുഖരും പരാതി പറഞ്ഞു.

അങ്ങനെയാണു കുറ്റാന്വേഷണ വിദഗ്ധരായിരുന്ന ശശിധരനും സാമുവലിനും അന്വേഷണ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.

സമ്പന്നമായ ആരാധനാലയങ്ങളിലെ വിദേശനിർമിത സെറ്റുകളാണ് അധികവും മോഷണം പോയത്. പലയിടങ്ങളിലും സമീപം പള്ളിക്കൂടങ്ങളുണ്ട്.

ഒറ്റപ്പെട്ട ആരാധനാലയങ്ങളിൽ അസമയത്ത് അപരിചിതരെ കണ്ടാൽ സംശയിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ ആരാധനാലയങ്ങളിൽ പ്രവൃത്തി സമയങ്ങളിൽ അപരിചിതരെ ആരും സംശയിക്കില്ല.

ഈ സാഹചര്യമാണു മോഷ്ടാവു മുതലെടുക്കുന്നതെന്നു ശശിധരനും സാമുവലും ഊഹിച്ചു. ഇത്തരം സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം തുടങ്ങിയതോടെ മോഷണം കുറഞ്ഞു. സമീപ സ്ഥലങ്ങളിലെ ലോഡ്ജ് മുറികളിൽ പൊലീസ് രഹസ്യപരിശോധന നടത്തി. മോഷണ ദിവസങ്ങളിൽ അവിടങ്ങളിൽ തങ്ങിയിരുന്നവരുടെ പേരുകൾ ശേഖരിച്ചു.

സംശയം തോന്നിയവരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല, ഒരു ദിവസം കോട്ടയത്തെ ചെമ്പകാ ലോഡ്ജിൽ നിന്ന് ആദ്യ തുമ്പുകിട്ടി. ലോഡ്ജിലെ ജീവനക്കാരൻ സാമുവലിനോടു പറഞ്ഞ വിവരമാണു പൊലീസിനു സൂചനയായത്.

ചെമ്പകാ ലോഡ്ജിൽ തുടർച്ചയായി രണ്ടാഴ്ചക്കാലം താമസിച്ച എറണാകുളം സ്വദേശിയായ ദിനേശനെക്കുറിച്ചാണു വിവരം ലഭിച്ചത്.

അന്ന് എറണാകുളത്തു താമസക്കാരുടെ എണ്ണം കുറവാണ്, എംജി റോഡിന്റെ വശങ്ങളിൽ വരമ്പുപോലെ കടകളും വീടുകളും. ബാക്കി സ്ഥലങ്ങൾ ചതുപ്പും വെള്ളക്കെട്ടും. കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ അടുത്താണു താമസമെന്നു ദിനേശൻ ലോഡ്ജിലെ മാനേജരോടു പറഞ്ഞിരുന്നു. പൊലീസ് എറണാകുളത്ത് അരിച്ചു പെറുക്കി. സംശയം തോന്നിയ 2 ദിനേശന്മാരെ ചോദ്യം ചെയ്തു. അവർ പക്ഷെ അടുത്തകാലത്തൊന്നും വീടും നാടും വിട്ടുപോയിട്ടില്ല.

ദിനോശനെന്ന പേരും മാനേജരോടു പറഞ്ഞ വിലാസവും ശരിയല്ലെന്നു ബോധ്യപ്പെട്ടതോടെ ലോഡ്ജ് മുറിയിൽ വിരലടയാളം കണ്ടെത്താനായി സാമുവലിന്റെ ശ്രമം. മുറിയിലെ കണ്ണാടിയിൽ കണ്ടെത്തിയ 3 വിരലടയാളങ്ങളിൽ ഒരെണ്ണം തൂപ്പുകാരന്റെതായിരുന്നു. മറ്റൊന്നു പൊലീസിന്റെ ഫിംഗർ പ്രിന്റ് ശേഖരത്തിലുണ്ടായിരുന്ന ഒരു വിരലടയാളത്തോട് ഏതാണ്ട് ഒത്തു.

അതാരുടെ വിരലടയാളമാണ്?

ശശിധരനും സാമുവലിനും ആവേശമായി. തൃശൂരിലെ മോഷണക്കേസ് പ്രതിയുടെ വിരലടയാളമാണത്. രേഖകളിൽ ‘മനോഹരൻ’ എന്നു പേരുള്ള അയാൾ ജയിലിലാണ്. അന്വേഷണ സംഘം ജയിലിലെത്തി.

ഒരുമാസം മുൻപു മനോഹരൻ ജയിൽ മോചിതനായിരിക്കുന്നു. അന്വേഷണത്തിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും വിലപ്പെട്ട സൂചന. രണ്ടാഴ്ച കൊണ്ട് ആളെ പൊക്കി കോട്ടയത്തെ ലോഡ്ജിലെത്തി– മനോഹരൻ തന്നെ ദിനേശൻ.

സാമുവലിന്റെ മർമപ്രയോഗത്തിൽ മനോഹരൻ എല്ലാം പറഞ്ഞു. അങ്ങനെയാണു മോഷണ മുതൽ പാഴ്സലായി അയയ്ക്കുന്ന ചെന്നൈയിലെ വിലാസം കിട്ടിയത്. പാഴ്സൽ കൈമാറുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ചു പണം കൈമാറും. അപരിചിതരായ തമിഴ്നാട്ടുകാരാണു ഓരോ തവണയും പണം കൈമാറിയിരുന്നത്.

അന്വേഷണം ഈ ഘട്ടത്തിലെത്തിയപ്പോളാണ് ഇൻസ്പെക്ടർ ശശിധരനും ഹെഡ്കോൺസ്റ്റബിൾ സാമുവലിനും മറ്റു ചില സംശയങ്ങൾ തോന്നി കച്ചവടക്കാരുടെ വേഷത്തിൽ മദ്രാസ് മെയിലിൽ കയറിക്കൂടിയത്. മനോഹരൻ കയറ്റി വിട്ട പാഴ്സൽ കെട്ടിനെ അവർ പിൻതുടർന്നു. ഒടുവിൽ ഒരു സ്റ്റുഡിയോയിലെത്തി. ‘ലൗലി’യെന്ന ബോർഡൊന്നും അവിടെ കണ്ടില്ല.

സംഗതി അത്ര പന്തിയല്ല. അശ്ലീല സിനിമകളുടെ ഷൂട്ടിങ് നടക്കുന്ന ഒരിടമായിരുന്നു അത്. മനോഹരൻ മോഷ്ടിക്കുന്ന വിദേശ റേഡിയോ സെറ്റുകൾക്കും ഉച്ചഭാഷിണികൾക്കും അവിടെ എന്തെങ്കിലും ഉപയോഗമുള്ളതായി തോന്നിയില്ല. സമാനമായ 2 പാഴ്സൽ പെട്ടികൾ കൂടി സ്റ്റുഡിയോയുടെ വരാന്തയിൽ കിടപ്പുണ്ട്. ലഭ്യമായ വിവരങ്ങൾ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വിളിച്ചറിയിക്കാൻ സമീപത്തെ പോസ്റ്റ് ഓഫിസിൽ കയറി ‘ട്രങ്ക് കോൾ’ ബുക്ക് ചെയ്തു(അന്ന് ഇന്ത്യയിൽ എസ്ടിഡി സൗകര്യം ലഭ്യമായിട്ടില്ല). അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ കേരളാ പൊലീസ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറി. ശശിധരനോടും സാമുവലിനോടും വേഗം കേരളത്തിലേക്കു മടങ്ങാൻ നിർദ്ദേശിച്ചു.

 കോട്ടയം ചെമ്പക ലോഡ്ജിലെ ജീവനക്കാരൻ സാമുവലിനോടു പറഞ്ഞ രഹസ്യമായിരുന്നു കേസന്വേഷണത്തിലെ വഴിത്തിരിവ്. ദിനേശനെന്ന പേരിൽ മനോഹരൻ തങ്ങിയിരുന്ന മുറിക്കുള്ളിൽ ഇടയ്ക്കു ‘സിനിമാപ്പാട്ടുകൾ കേൾക്കാം’ എന്നതായിരുന്നു ആ നിർണായക വിവരം. അക്കാലത്തു മുറിക്കുള്ളിൽ സിനിമാപ്പാട്ടു കേൾക്കാൻ റേഡിയോ മാത്രമായിരുന്നു വഴി. അതിസമ്പന്നർക്കും സ്വാധീനമുള്ളവർക്കുമാണു സ്വന്തമായി റേഡിയോ വാങ്ങി ഉപയോഗിക്കാൻ അന്നു ലൈസൻസ് ലഭിച്ചിരുന്നത്.

 ഒരാഴ്ചയിൽ അധികം മദിരാശിയിൽ കറങ്ങിത്തിരിഞ്ഞ ശശിധരനും സാമുവലും കണ്ടെത്തിയ എന്തു വിവരമാണു കേരളാ പൊലീസിലെ ഉന്നത അധികാരികൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിക്കു കൈമാറിയത്?

‘ ലൗലി സ്റ്റുഡിയോയുടെ വിലാസത്തിൽ ചെന്നൈയിൽ എത്തിക്കുന്ന റേഡിയോ സെറ്റുകളും ഉച്ചഭാഷിണികളും മത്സ്യബന്ധന ബോട്ടുകളിൽ കയറ്റി കൊണ്ടു പോകുന്നു. ഈ ബോട്ടുകൾ പുറംകടലിൽ നിന്നു തിരികെ വരുമ്പോൾ പാഴ്സൽ പൊതികൾ കാണുന്നില്ല. കേരളാ പൊലീസ് തെരയുന്ന മോഷണ മുതൽ കടത്തുന്നതു ശ്രീലങ്കയിലെ തമിഴ്പുലികൾക്കു വേണ്ടിയാണെന്നു സംശയിക്കുന്നു.’

ഇതായിരുന്നു ആ രഹസ്യവിവരം, പിന്നീട് കള്ളൻ മനോഹരനെ ആരും കണ്ടിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ