ഒടുവിൽ സൈക്കിള്‍ ജേക്കബിന് സംഭവിച്ചത്...

HIGHLIGHTS
  • മുതലാളിയുടെ സുന്ദരിയായ മകളാണു കേസിലെ മുഖ്യ സാക്ഷി.
  • ഒരു ദിവസം മകൾ ഇക്കാര്യം അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞു.
missing-case-of-jacob
SHARE

നമ്മുടെ തൊട്ടടുത്തു നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ മാനങ്ങൾ നേടി നമുക്കു മുൻപിൽ പർവതം പോലെ വളർന്നു നിൽക്കും. അതുപോലെ ഒന്നായിരുന്നു നന്ദൻകോട്ടെ സൈക്കിൾ കടക്കാരൻ ജേക്കബിന്റെ തിരോധാനം. ഇൻസ്പെക്ടർ രാജാരാമൻ ഹീറോയായ ഈ കഥ പുറംലോകം അറിഞ്ഞതു മുൻ പൊലീസ് ഉദ്യോഗസ്ഥനായ കെ. രമേശൻനായരുടെ വാക്കുകളിലൂടെയാണ്.

ഇതു രണ്ടാം തവണയാണ് അവിവാഹിതനായ ജേക്കബിനെ കാണാതാകുന്നത്. സൈക്കിൾക്കട ബിസിനസ് നല്ലനിലയിൽ നടക്കുമ്പോളാണ് ഒരു ദിവസം കടപൂട്ടി ജേക്കബ് മറഞ്ഞത്. വൈകാതെ മടങ്ങിവരുമെന്ന് അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നതിനാൽ ആരും പൊലീസിൽ പരാതിപ്പെട്ടില്ല. മാസങ്ങൾക്കു ശേഷമുള്ള മടങ്ങിവരവു നാട്ടിലൊരു സംഭവമായിരുന്നു. ‘സൈക്കിൾ ജേക്കബ്’ കോടീശ്വരനായാണു തിരിച്ചെത്തിയത്. 1930 കളുടെ അവസാന കാലം. തിരുവിതാംകൂർ പൊലീസിലെ ചില ഉദ്യോഗസ്ഥർ ജേക്കബിന്റെ സുഹൃത്തുക്കളായിരുന്നു.

നാടുവിട്ട ജേക്കബിന്റെ രാജകീയമായ തിരിച്ചുവരവ് ആഘോഷിച്ച രാത്രിയിൽ നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥരും പ്രമാണിമാരും രാജാവിന്റെ സിൽബന്തികളും അതിഥികളായെത്തിയിരുന്നു.

തമിഴ്നാട്ടിലെ കയറ്റുമതിക്കമ്പനിയിൽ ഉയർന്ന ഉദ്യോഗം ലഭിച്ച ജേക്കബ് ആഴ്ചകൊണ്ടു മുതലാളിയുടെ വിശ്വസ്ഥനായി. അതായിരുന്നു അത്ഭുതകരമായ സാമ്പത്തിക വളർച്ചയുടെ രഹസ്യം. നാട്ടിൽ ജേക്കബ് ഒരുക്കിയ വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കാൻ കമ്പനി മുതലാളിയും കുടുംബവും എത്തിയതോടെ ആർക്കും സംശയമില്ലാതായി. ജേക്കബിന്റെ നല്ല സമയം. ഏതാണ്ടു 3 വർഷം കഴിഞ്ഞു. ജേക്കബിനാണെങ്കിൽ വച്ചടി കയറ്റമാണ്. ഒപ്പം ദാനധർമങ്ങളും. നാട്ടിൽ വലിയ പേരായി, ജേക്കബില്ലാത്ത പെരുന്നാളില്ല, ഉത്സവമില്ല...

നാട്ടിലെ പ്രമാണിമാർ പലരും അവരുടെ പെൺമക്കൾക്കു ജേക്കബിനെ കല്യാണം ആലോചിച്ചു. എടുത്താൽ പൊങ്ങാത്ത സ്വത്തും വാഗ്ദാനമുണ്ട്. ഒരാൾക്കും പിടികൊടുക്കാതെ ജേക്കബ് പറന്നു പറന്ന് ഉയർന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ കാര്യങ്ങളിൽ ചില വഴിത്തിരിവുകൾ. മുതലാളിയുടെ ചെറുപ്പക്കാരിയായ ഭാര്യയ്ക്കു സുന്ദരനായ ജേക്കബിനോട് ആരാധന മൂത്ത് പ്രണയം.

ജേക്കബിനാണെങ്കിൽ മുതലാളിയുടെ സുന്ദരിയായ മകളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. ഭാര്യയോടു സൂക്ഷിച്ച് ഇടപെട്ട് അവരുടെ താൽപര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ മുതലാളിയെ തെറ്റിദ്ധരിപ്പിച്ചു ജോലിതന്നെ കളഞ്ഞേക്കും. അതു സംഭവിച്ചാൽ മകളെ വിവാഹം കഴിക്കാൻ സാധിക്കില്ല. അങ്ങനെ മുതലാളിയുടെ ഭാര്യയുടെ ചൊൽപ്പടിക്ക് അയാൾ നിന്നു. സംഗതികൾ മുതലാളി അറിഞ്ഞ ദിവസം, എല്ലാം നഷ്ടമായെന്നു ജേക്കബ് ഉറപ്പിച്ചു.

എന്നാൽ അത്ഭുതപ്പെടുത്തുന്നതായിരുന്നു മുതലാളിയുടെ പെരുമാറ്റം. പതിവിലും കൂടുതൽ സ്നേഹം, സഞ്ചരിക്കാൻ ഒരു കാറും ഡ്രൈവറും മുതലാളി സമ്മാനിച്ചു. പക്ഷേ,അയാളൊരു ബുദ്ധിരാക്ഷസനാണ്. ഏറെ സൂക്ഷിക്കണമെന്നു ജേക്കബ് തീരുമാനിച്ചു. സ്വയം ജോലി സമയം വർധിപ്പിച്ചു. വിദേശരാജ്യങ്ങളിൽനിന്നു കൂടുതൽ ഓർഡറുകൾ സ്വീകരിച്ച് അയാൾ കമ്പനിയെ കൂടുതൽ ലാഭത്തിലാക്കി. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, ജർമൻ ഭാഷകൾ എഴുതാനും വായിക്കാനും അറിയാമെന്നതാണു ജേക്കബിന്റെ കൈമുതൽ.

സമ്പത്തിക പരാധീനതകാരണം ചെറുപ്പകാലത്തു ജേക്കബ് ബന്ധുവായ വൈദികന്റെ സഹായിയായി കുറെക്കാലം കഴിഞ്ഞു.

തമിഴ്നാട്ടിൽ വിദേശ മിഷനറിമാർ നടത്തുന്ന സെമിനാരിയിലാണ് ആ വൈദികൻ സേവനം ചെയ്തിരുന്നത്. ഭാഷകൾ പഠിച്ചത് ഈ സെമിനാരിയിലെ താമസക്കാലത്താണ്. അതാണു ജീവിതത്തിൽ പിന്നീടു മുതൽക്കൂട്ടായത്. മുതലാളിയുടെ കമ്പനിക്ക് ഇംഗ്ലണ്ടിലും ജർമനിയിലും നല്ല ബിസിനസുണ്ടായിരുന്നു. ഈ ഘട്ടത്തിലാണു ജേക്കബിന്റെ രണ്ടാമത്തെ തിരോധാനം.

ഇതറിഞ്ഞ ഉടൻ മുതലാളി അന്വേഷിച്ചതു സ്വന്തം ഭാര്യയെയും മകളെയുമാണ്. ഭാഗ്യം, രണ്ടുപേരും ബംഗ്ലാവിലുണ്ട്. മുതലാളിക്ക് ആശ്വാസമായി.

ജേക്കബിന്റെ അടുത്ത ബന്ധുക്കൾ തിരുവിതാംകൂർ പൊലീസിനും മുതലാളി അന്നത്തെ മദ്രാസിലെ ബ്രിട്ടിഷ് പൊലീസിനും പരാതി നൽകി. ജേക്കബിന്റെ അസാന്നിധ്യം കമ്പനിയുടെ വിദേശകത്തിടപാടുകളെ വല്ലാതെ ബാധിക്കാൻ തുടങ്ങി. മാസങ്ങൾ കൊണ്ടു ബിസിനസ് കുത്തനെ താഴ്ന്നു.

എന്നാലും മകളും ഭാര്യയും നഷ്ടപ്പെടാത്തതിൽ മുതലാളി സന്തോഷവാനായിരുന്നു. അങ്ങനെ ഒരുദിവസം, തിരുവിതാംകൂർ പൊലീസ് ഇൻസ്പെക്ടറായ രാജാരാമനും സംഘവും ചെന്നൈയിലെ ബംഗ്ലാവിലെത്തി മുതലാളിയെ അറസ്റ്റ് ചെയ്തു. ജേക്കബിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. ജേക്കബിനു സമ്മാനിച്ച കാറോടിക്കാൻ അയാൾ ഏർപ്പാടാക്കിയ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മുതലാളിയുടെ സുന്ദരിയായ മകളാണു കേസിലെ മുഖ്യ സാക്ഷി.

∙രാജാരാമന്റെ കേസ് ഡയറി ഒന്നാം ഭാഗം

ജേക്കബിനു തന്റെ ഭാര്യയോടും മകളോടുമുള്ള അടുപ്പം മനസ്സിലാക്കിയ മുതലാളി സൂത്രത്തിൽ അയാളെ ഇല്ലാതാക്കാനുള്ള ഗൂഢ പദ്ധതി തയാറാക്കി. അതിന്റെ ഭാഗമായാണു കാർ സമ്മാനിച്ചത്. അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വിശ്വസ്ഥനായ ഡ്രൈവറെയും നിയോഗിച്ചു.

ജേക്കബിനെ വിവാഹം കഴിക്കണമെന്നു മകൾ നേരിട്ടു പറയുന്നതുവരെ മുതലാളി തക്കം പാർത്തു. ഒരു ദിവസം മകൾ ഇക്കാര്യം അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞു. അതുകേട്ട് അമ്മ തകർന്നുപോയെങ്കിലും അമ്പരപ്പു പുറത്തുകാണിച്ചില്ല. മുതലാളി അതീവ സന്തോഷത്തോടെ വിവാഹത്തിനു സമ്മതിച്ചു, ജേക്കബിനെ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു. അയാളും വിവാഹത്തിനു സമ്മതിച്ചു. ചടങ്ങുകൾക്കു മുന്നോടിയായി രണ്ടു പേരും പരസ്പരം അടുത്തു മനസ്സിലാക്കണമെന്നും അതിനായി തീർഥയാത്ര പോകണമെന്നും മുതലാളി നിർദേശിച്ചു. യാത്രയ്ക്കുള്ള ഏർപ്പാടും അയാൾ ചെയ്തു.

ജേക്കബിനു ആലോചിക്കാനുള്ള സമയം പോലും നൽകാതെ കാറും ഡ്രൈവറും മണവാട്ടിയും റെഡി. ആ യാത്രയിൽ വിജനമായ സ്ഥലത്തു ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങിപ്പോയി. എന്താണു സംഭവിക്കുന്നതെന്നു പോലും തിരിച്ചറിയാൻ കഴിയും മുൻപു മുതലാളിയുടെ വാടകക്കൊലയാളികൾ വണ്ടി വളഞ്ഞു. മരണം ഉറപ്പാക്കിയ ജേക്കബ് പോക്കറ്റിൽ കരുതിയിരുന്ന ഒരു കടലാസെടുത്തു മണവാട്ടിയുടെ വാനിറ്റി ബാഗിൽ തിരുകി. ജേക്കബിനെ അവർ എങ്ങോട്ടോ കൊണ്ടുപോയി. വൈകാതെ ഡ്രൈവർ മടങ്ങിയെത്തി കാറോടിച്ചു ബംഗ്ലാവിലെത്തി മകളെ തിരികെ ഏൽപിച്ചു, മുതലാളി അയാളെ നോക്കി ഒന്നു ചിരിച്ചു.

∙ രാജാരാമന്റെ കേസ് ഡയറി രണ്ടാം ഭാഗം 

രണ്ടാം ലോക മഹായുദ്ധത്തിനു മുന്നോടിയായി തെക്കെ ഇന്ത്യയിലെ ബ്രിട്ടിഷ് പട്ടാളത്തിന്റെ നീക്കങ്ങൾ ജർമനിക്കു ചോർത്തിക്കൊടുക്കുന്ന ചാരപ്പണിയാണു നിന്റെ അച്ഛനും ഞാനും ചേർന്നു ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്നു നമ്മൾ കപ്പൽ കയറ്റിവിടുന്ന ചരക്കുകളിൽ ഒളിപ്പിച്ചു വയ്ക്കുന്ന ജർമൻ ഭാഷയിലുള്ള കത്തുകളിലൂടെയാണു വിവരങ്ങൾ ചോർത്തുന്നത്. വിദേശഭാഷകൾ നിന്റെ അച്ഛനറിയാത്തതിനാലാണ് എന്നെ സഹായിയായി കൂടെക്കൂട്ടിയത്. അതിനുള്ള പ്രതിഫലമാണ് ഈ സമ്പത്തും കാറും  ഒരു പക്ഷേ, നീയും. നമ്മുടെ ഈ യാത്രയിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ കത്തു നീ പൊലീസിനു കൈമാറി സത്യം തുറന്നു പറയണം. തന്നെ ഇരയാക്കി ജേക്കബിനെ സ്വന്തം പിതാവ് ഇല്ലാതാക്കിയ വിവരം മകൾ പൊലീസിനെ അറിയിച്ചു. കത്തും കൈമാറി.

ആ യുവതിയെ പൊലീസ് മാപ്പുസാക്ഷിയാക്കി കേസ് വിചാരണ ചെയ്തു. മുതലാളി, ഡ്രൈവർ, 4 വാടകക്കൊലയാളികൾ... എല്ലാവർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. ചാരപ്പണിയുടെ തെളിവുകൾ രാജാരാമൻ കണ്ടെത്തിയെങ്കിലും കുറ്റപത്രം സമർപ്പിച്ചതും വിചാരണ ചെയ്തതും കൊലപാതകക്കേസിലാണ്.

മുതലാളിയുടെ കയറ്റുമതി സ്ഥാപനത്തിന്റെ തമിഴ്നാട്ടിലെ ഗോഡൗണിനു സമീപമാണു ജേക്കബിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

രണ്ടാം ലോക മഹായുദ്ധം നടന്ന 1939 നും 1945 നും ഇടയിൽ 7.30 കോടിയാളുകൾ ഇതുമായി ബന്ധപ്പെട്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊലചെയ്യപ്പെട്ടു. ജർമൻ ഭാഷ അറിയാവുന്ന പൊടുന്നനെ സമ്പന്നനായ മലയാളിയായ ജേക്കബ് എന്ന സൈക്കിൾകടക്കാരനും അതിൽ ഉൾപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ