കടിയുടെ പാടും പല്ലിന്റെ വിടവും

HIGHLIGHTS
  • എന്തുകൊണ്ടാണു മന്ത്രിയുടെ പത്ര സമ്മേളനം ഉപേക്ഷിച്ചത്?
  • ചേർത്തല സർക്കാർ അതിഥി മന്ദിരത്തിൽ അന്നെന്താണു സംഭവിച്ചത്?
perumbavoor-murder-case-and-evidence
SHARE

കുറ്റാന്വേഷണത്തിൽ പല്ലുകൾക്കുള്ള പങ്കു വളരെ മൂർച്ചയുള്ളതാണ്; ഇരുതല മൂർച്ചയുള്ളത്...  കൊലയാളിയുടെയോ കൊല്ലപ്പെടുന്നവരുടെയോ വായിൽ പല്ലുണ്ടെങ്കിൽ പലതുണ്ടു കാര്യം. പല്ലു നോക്കി കുറ്റവാളിയെ കണ്ടെത്തുന്ന കാര്യത്തിൽ കേരള പൊലീസിനെ സഹായിക്കുന്ന ഫൊറൻസിക് വിദഗ്ധരുണ്ട്. കേരളത്തിൽ 10 വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്ത പ്രധാനപ്പെട്ട കേസുകളിൽ ഒന്നാണു പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊന്ന സംഭവം. 2016 ഏപ്രിൽ 28നായിരുന്നു മനഃസാക്ഷിയെ നടുക്കിയ ആ കൊലപാതകം.

ആ മേയ് 16 നു കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു. കൊലയാളിയെ കണ്ടെത്താൻ കഴിയാത്തതു ഭരണമുന്നണിക്കും സംസ്ഥാന സർക്കാരിനും പ്രചാരണ രംഗത്തു വലിയ തിരിച്ചടിയായി. ഉടൻ പ്രതിയെ കണ്ടെത്താനുള്ള സമ്മർദത്തിലായിരുന്നു അന്വേഷണ സംഘം. സംഭവ ദിവസം പെരുമ്പാവൂരിലെ ടെലികമ്യൂണിക്കേഷൻ ടവറുകൾ വഴി കടന്നുപോയ 22 ലക്ഷം ഫോൺ കോളുകൾ പരിശോധിക്കുക, പഞ്ചായത്തിലെ 3 വാർഡുകളിലെ മുഴുവൻ പുരുഷന്മാരുടെയും വിരലടയാളങ്ങൾ ശേഖരിക്കുക, കൊലയാളി ധരിച്ചിരുന്നതായി കരുതുന്ന കറുത്ത ചെരിപ്പു പൊതുജനങ്ങൾ കാണുന്ന ഇടങ്ങളിൽ കെട്ടിത്തൂക്കിയിട്ടു സൂചനകൾ തേടുക, നേരിട്ടു വിവരം നൽകാൻ ഭയമുള്ളവർക്കു സ്വന്തം പേരു വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങൾ കത്തിൽ എഴുതി നിക്ഷേപിക്കാൻ 20 ഇടങ്ങളിൽ എഴുത്തുപെട്ടികൾ സ്ഥാപിക്കുക... അങ്ങനെ കൊലയാളിയെ കണ്ടെത്താൻ സഹായകരമാകുന്ന എല്ലാ വഴികളും പൊലീസ് പയറ്റി. സംസ്ഥാനത്തെ ഏറ്റവും മികച്ച കുറ്റാന്വേഷകരെന്നു പേരെടുത്ത മുഴുവൻ പൊലീസുദ്യോഗസ്ഥരും പെരുമ്പാവൂരിൽ തമ്പടിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ഫൊറൻസിക് ഉദ്യോഗസ്ഥരെയും നേരിൽകണ്ട് അന്വേഷണ സംഘം ഉപദേശം തേടി.

അതിൽ ഒരുപദേശം പൊലീസ് ഗൗരവത്തോടെ പിന്തുടർന്നു. സമുന്നതനായ ഒരുദ്യോഗസ്ഥനാണ് അതു നൽകിയത്.

അതിക്രമത്തിന് ഇരയായ പെരുമ്പാവൂരിലെ വിദ്യാർഥിനിയുടെ കടിയേറ്റ കൊലയാളി, പെട്ടന്നുള്ള പ്രതികരണത്തിൽ ഇരയെ തിരിച്ചു കടിച്ചു. അതായിരുന്നു കൊലയാളിയെ കണ്ടെത്താൻ സഹായിച്ച ‘ദൈവത്തിന്റെ അടയാളം’. കൊലയാളിയുടെ പ്രത്യേകതകൾ വെളിച്ചത്തു വന്ന നിർണായക തുമ്പ്.

കൊല്ലപ്പെട്ട ഇരയുടെ ശരീരത്തിൽ കണ്ടെത്തിയ കടിയുടെ പാട് വിശകലനം ചെയ്തു കൊലയാളിയുടെ പല്ലിന്റെ പ്രത്യേകത കണ്ടെത്തി. കടിയേറ്റ ഭാഗത്തെ ചുരിദാറിന്റെ തുണിയിൽനിന്നു കൊലയാളിയുടെ ഉമിനീരിന്റെ ശകലങ്ങളും ഡിഎൻഎ പരിശോധനയ്ക്കു വേണ്ടി വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. കുറ്റാന്വേഷണത്തിലെ ഏറ്റവും നിർണായക നീക്കമായിരുന്നു അത്. മുൻനിരയിലെ പല്ലുകൾക്കിടയിൽ വിടവുള്ള ഒരാളാണു പൊലീസ് അന്വേഷിക്കുന്ന കൊലയാളി.

പ്രതികളെന്നു സംശയം തോന്നിയ മുഴുവൻപേരുടെയും പല്ലുകളുടെ നിരപ്പും സ്ഥാനവും പൊലീസ് പരിശോധിച്ചു. ഏറെ സംശയം തോന്നിയ ചിലരെ പച്ചമാങ്ങയിൽ കടിപ്പിച്ച് അതിന്റെ അടയാളം ഇരയുടെ ശരീരത്തിലേറ്റ പാടുമായി താരതമ്യം ചെയ്തു.

∙എന്തുകൊണ്ടാണു മന്ത്രിയുടെ പത്ര സമ്മേളനം ഉപേക്ഷിച്ചത്? ചേർത്തല സർക്കാർ അതിഥി മന്ദിരത്തിൽ അന്നെന്താണു സംഭവിച്ചത്?

തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരി കൊണ്ട ഘട്ടം. മേയ് 8. പ്രചാരണകാലത്തെ അവസാന ഞായറാഴ്ച. അതിരാവിലെ സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖൻ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു റോഡ് മാർഗം തിരിച്ചു. സംസ്ഥാന പൊലീസ് മേധാവി ചേർത്തല ഗവ. ഗെസ്റ്റ് ഹൗസിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും ഒരുമിച്ചു പെരുമ്പാവൂരിലേക്കു തിരിക്കും.

ശേഷം കേരളം കാത്തിരുന്ന പത്ര സമ്മേളനം: ‘ പെരുമ്പാവൂരിലെ  വിദ്യാർഥിനിയുടെ കൊലയാളിയെ കേരള പൊലീസ് പിടികൂടി’. പത്രസമ്മേളനം പെരുമ്പാവൂരിൽ നടത്തണോ, അതോ കൊച്ചിയിൽ വേണോ? അതു മാത്രം തീരുമാനിച്ചാൽ മതി.

മാധ്യമപ്രവർത്തകരെല്ലാം ആ വലിയ വാർത്ത റിപ്പോർട്ട് ചെയ്യാൻ ഒരുക്കം തുടങ്ങി. എല്ലാം മുൻകൂട്ടി പദ്ധതിയിട്ടപോലെ സംഭവിച്ചു, ഒന്നൊഴികെ...

ചേർത്തല  ഗെസ്റ്റ് ഹൗസിൽനിന്നു പെരുമ്പാവൂരിലേക്കു വരേണ്ട മന്ത്രി പ്രമുഖൻ തിരുവനന്തപുരത്തേക്കു തിരികെപ്പോയി.

എന്താണു ചേർത്തല ഗെസ്റ്റ് ഹൗസിൽ സംഭവിച്ചത്. സംസ്ഥാന പൊലീസ് മേധാവി എന്തു കാര്യമാണു മന്ത്രിയോടു സംസാരിച്ചത്?

പത്ര സമ്മേളനത്തിൽ അവതരിപ്പിക്കാൻ പൊലീസ് ഒരുക്കിനിർത്തിയ പെരുമ്പാവൂരിലെ ഇതരസംസ്ഥാനത്തൊഴിലാളിയായ ‘പ്രതി’യെ പൊലീസ് രഹസ്യ സങ്കേതത്തിലേക്കു മാറ്റി. അയാൾ അന്വേഷണ സംഘത്തോടു കുറ്റസമ്മതം പോലും നടത്തിയിരുന്നതാണ്. എന്നിട്ടും എന്താണു സംഭവിച്ചത്?

സംസ്ഥാനത്തെ സമുന്നതനായ മുൻ ഫൊറൻസിക് സർജൻ തെളിവുകൾ സഹിതം ചൂണ്ടിക്കാണിച്ച പ്രതിയായിരുന്നു അയാൾ. മുൻഭാഗത്തെ വിടവുള്ള പല്ലുകൾ, അയാൾ കടിച്ച മാങ്ങയിലെ പാടിൽനിന്നു തയാറാക്കിയ കൃത്രിമ മോണയും പല്ലുകളും കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ ശരീരത്തിലേറ്റ പല്ലുകളുടെ അടയാളങ്ങളുമായി 100% ഒത്തു. അതു ചൂണ്ടിക്കാട്ടിയ മുൻ ഫൊറൻസിക് സർജന്റെ ഉപദേശം  മാനിച്ചാണ് അയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനും തിരഞ്ഞെടുപ്പിന്റെ കൊടുമുടിയിൽ പത്ര സമ്മേളനം നടത്തി പ്രചാരണം സർക്കാരിന് അനുകൂലമാക്കാനും തീരുമാനിച്ചത്. ഇതിനിടെ ചേർത്തല ഗെസ്റ്റ് ഹൗസിലെത്തിയ പൊലീസ് മേധാവി ഒറ്റകാര്യം മാത്രമാണു മന്ത്രിയോടു പറഞ്ഞത്:

‘‘സർ തെളിവുകളെല്ലാം പ്രതിക്ക് എതിരാണ്. പക്ഷേ, ഒരു പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. അതു കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ ചുരിദാറിൽ കണ്ടെത്തിയ ഉമിനീരിന്റെ ഡിഎൻഎ ഫലമാണ്. കസ്റ്റഡിയിലുള്ള പ്രതിയുടെ രക്തസാമ്പിളും  ഉമിനീരും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു ഫലങ്ങളും നമുക്കു ലഭിക്കാൻ ഒരാഴ്ചയിലധികം സമയം എടുക്കും. അപ്പോഴേക്കും തിരഞ്ഞെടുപ്പു കഴിയും...  എന്തു ചെയ്യണം?’’

കുറച്ചു സമയം ചിന്തയിലാണ്ട മന്ത്രി തിരികെ ചോദിച്ചു: ‘‘ എന്താണ് താങ്കളുടെ ഉപദേശം? ഞാൻ എന്തു ചെയ്യണം?’’

‘‘സർ നമുക്കു ഡിഎൻഎ ഫലത്തിനു വേണ്ടി കാത്തിരിക്കാം....’’

മറ്റൊന്നും പറയാതെ എഴുന്നേറ്റ മന്ത്രി പത്രസമ്മേളനം ഉപേക്ഷിച്ചു തിരുവനന്തപുരത്തേക്കു മടങ്ങി. വല്ലാത്തൊരു റിസ്കാണ്, പൊലീസ് മേധാവി ഏറ്റെടുത്തത്, ഡിഎൻഎ ഫലം കസ്റ്റഡിയിലുള്ളയാൾക്ക് എതിരായാൽ അയാളാണു പ്രതി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ഭരണമുന്നണിക്കു ലഭിക്കുന്ന ‘സുവർണാവസര’മാണു തന്റെ വാക്കു വിശ്വസിച്ചു മന്ത്രി നഷ്ടപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പു ഫലത്തിനൊപ്പം ഡിഎൻഎ ഫലവും പുറത്തുവന്നു. തിരഞ്ഞെടുപ്പിൽ ഭരണ മുന്നണി പരാജയപ്പെട്ടു.

ഡിഎൻഎ ഫലം,  മാങ്ങ കടിച്ച പാടിൽനിന്നു പൊലീസ് കണ്ടെത്തിയ ‘പ്രതി’ക്ക് അനുകൂലമായി. അയാളുടെ ഡിഎൻഎയല്ല കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ വസ്ത്രത്തിൽ കണ്ടെത്തിയ ഉമിനീരിൽനിന്നു വേർതിരിച്ചെടുത്തത്. ചേർത്തല സർക്കാർ െഗസ്റ്റ് ഹൗസിലെ ആ കൂടിക്കാഴ്ച അന്നു നടന്നിരുന്നില്ലെങ്കിൽ പെരുമ്പാവൂർ കൊലക്കേസിൽ വിചാരണ നേരിട്ട പ്രതി മറ്റൊരാളാകുമായിരുന്നു. ചില കേസുകളിൽ ചില പൊലീസ് ഉദ്യോഗസ്ഥരും അവരെ വിശ്വാസത്തിലെടുക്കുന്ന ഭരണാധികാരികളും ഒരു സല്യൂട്ട് അർഹിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ