വാക്കുകൾ തിരിഞ്ഞു കൊത്തുന്ന ശാപമാകരുത്

HIGHLIGHTS
  • വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ബന്ധങ്ങൾ തകരും
  • കുട്ടികൾ സ്വയം കണ്ടെത്തുന്നതല്ല മോശപ്പെട്ട വാക്കുകൾ
SHARE

ഒരിക്കൽ ഒരാൾ എന്റെ അടുത്തു വന്നത് വലിയൊരു പരാതി പറയാനാണ്. ഒപ്പം 12 വയസ്സുകാരനായ മകനും അയാളുടെ കൂടെ ഉണ്ടായിരുന്നു. വിശേഷം ഞാൻ തിരക്കി. മകനെ കുറിച്ചുള്ള പരാതി. അതിനാണ് അയാള്‍ വന്നത്. ഇവൻ അനുസരണയില്ലാത്തവന്‍  ആയിട്ടാണു വളരുന്നത്. എന്തു പറഞ്ഞാലും തർക്കുത്തരം പറയും. 

ഇവന്റെ അമ്മ എന്തെങ്കിലും പറഞ്ഞാല്‍ ഇവൻ കേൾക്കുമോ? ഞാൻ ചോദിച്ചു. അവളല്ലേ കുഴപ്പം. അവളാണിവന് വളം വച്ചു കൊടുക്കുന്നത്. കാര്യം അപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അച്ഛനെ കുറെ സമയത്തേക്ക് പുറത്തിരിക്കുവാൻ പറഞ്ഞിട്ട് ഞാൻ അവനോട് സംസാരിച്ചു. എന്റെ മുൻപിലിരുന്ന ആ ബാലൻ വളരെ സൗമ്യമായിട്ടും മാന്യമായിട്ടുമാണ് സംസാരിച്ചത്. ഞാന്‍ ചോദിച്ചതിനൊക്കെ സമാധാനമായി അവൻ ഉത്തരം തന്നു. കുറച്ചു സംസാരിച്ചതിനുശേഷം ചില ഉപദേശങ്ങൾ നൽകി ഞാനവനെ പറഞ്ഞുവിട്ടു. പിന്നെ കുറച്ചുനേരം പിതാവുമായി സംസാരിച്ചു. പ്രശ്നം പയ്യനല്ല രക്ഷകർത്താക്കൾക്കാണെന്ന് എനിക്ക് നേരത്തേ ബോധ്യപ്പെട്ടിരുന്നു. പിതാവിന്റെ മറുപടികൾ എന്റെ ബോധ്യത്തെ ശരിവയ്ക്കുന്നതായിരുന്നു. 

കുട്ടികൾ അടുത്തുള്ളപ്പോൾ മുതിർന്നവർ പ്രത്യേകിച്ചും മാതാപിതാക്കൾ വളരെ ശ്രദ്ധിച്ചുവേണം വാക്കുകള്‍ പ്രയോഗിക്കാൻ. വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല എന്നത് എല്ലാവർക്കും അറിയാവുന്നൊരു പഴഞ്ചൊല്ലാണ്. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അത് പല നല്ല ബന്ധങ്ങളെയും തകർക്കുമെന്നത് വ്യക്തമാണ്. ദമ്പതികൾ പരസ്പരം ദേഷ്യപ്പെടുമ്പോൾ അത് മക്കളുടെ മുന്നിൽ വച്ചാണെങ്കിൽ വളരെ ശ്രദ്ധിച്ചു മാത്രമേ വാക്കുകള്‍ പ്രയോഗിക്കാവൂ. കുട്ടികളുടെ ഗ്രഹിക്കുവാനുള്ള ശേഷി മുതിർന്നവരെക്കാൾ കൂടുതലാണ്. നിങ്ങള്‍ പറയുന്ന ചീത്ത വാക്കുകളും ചീത്ത പ്രയോഗങ്ങളും അവർ കേൾക്കുന്നില്ല എന്നായിരിക്കും നിങ്ങൾ ധരിക്കുന്നത്. എന്നാൽ നിങ്ങളുടെ ധാരണ തെറ്റാണ്. 

അവർ കേൾക്കുന്നുണ്ട്. സ്ഥിരമായി കേൾക്കുമ്പോൾ തങ്ങളുടെ രക്ഷകർത്താക്കളെക്കുറിച്ച് കുട്ടികൾക്ക് മതിപ്പ് കുറയുന്നു. ബഹുമാനം കുറയുന്നു. അതാണ് കുട്ടികൾ രക്ഷിതാക്കളെ അനുസരിക്കാതിരിക്കുവാൻ കാരണം. ചിലപ്പോൾ നിങ്ങൾ നേരത്തേ ഉപയോഗിച്ച അതേ വാക്കുകൾ തന്നെ നിങ്ങൾക്കെതിരെയും പ്രയോഗിക്കുവാൻ സാധ്യതയുണ്ട്. തീർച്ചയായും കുട്ടികൾ സ്വയം കണ്ടെത്തുന്നതല്ല മോശപ്പെട്ട വാക്കുകൾ. സ്വന്തം വീട്ടിൽനിന്നും കൂട്ടുകാരിൽ നിന്നും സ്കൂളിൽ നിന്നുമൊക്കെ ഇത്തരം വാക്കുകൾ കുട്ടിക്ക് ലഭിക്കുന്നു. ഈ വാക്കുകൾ എവിടെനിന്ന് കുട്ടി പഠിച്ചെടുക്കുന്നു എന്നു മനസ്സിലാക്കി അത്തരം സാഹചര്യങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക. 

അരുതാത്ത വാക്കുകൾ വിളിച്ചു പറയുമ്പോൾ, കള്ളം പറയുമ്പോള്‍ അതിന്റെ ഭവിഷ്യത്തും അർഥവും കുട്ടിയെ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കണം. അവയെ മഹാ അപരാധമായി കണ്ട് ശിക്ഷാനടപടികൾക്ക് മുതിരുന്നത് മടയത്തരമാണ്. നിങ്ങളുടെ കുട്ടി തെറ്റായ ഒരു വാക്ക് പറയുന്നുവെന്നിരിക്കട്ടെ അതിനു നിങ്ങൾ താക്കീതു ചെയ്യുമ്പോൾ അവന്റെ മറുപടി പലപ്പോഴും ഇങ്ങനെയാണ്. അവരെല്ലാം അത് ചെയ്യുന്നുണ്ടല്ലോ. ആ ഒരു ഒഴിവുകഴിവ് അവൻ പറഞ്ഞാൽ നിങ്ങളൊരിക്കലും ദേഷ്യപ്പെടരുത്. മറിച്ച് സമയമെടുത്ത് ആ പ്രവൃത്തി കുട്ടികൾ ചെയ്യാൻ പാടില്ലാത്തതിന്റെ കാരണമെന്താണെന്ന് അവനെ ബോധ്യപ്പെടുത്തുക. അതിന്റെ പിന്നിലെ അപ്രായോഗികതയെക്കുറിച്ചും അപകടത്തെക്കുറിച്ചും അവനെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. 

നിങ്ങളുടെ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടുക. ഓർക്കുക ഒരു അടി കൊടുത്താൽ ആ വേദന അൽപ സമയം കൊണ്ട് മാറും പക്ഷേ ഒരു വാക്കിലൂടെ നൽകുന്ന വേദന അത്ര പെട്ടെന്നൊന്നും മാഞ്ഞുപോവുകയില്ല. കുട്ടികളും മനുഷ്യരാണ്. എത്ര ചെറുതാണെങ്കിലും അവരുടെ മനസ്സിന്റെ വേദന ചിലപ്പോൾ നിങ്ങൾക്കുള്ളതിനേക്കാൾ ഇരട്ടിയാകും. ബന്ധങ്ങളെ തളർത്താതെ കൂടുതല്‍ ഊർജസ്വലമായി വളർത്തുവാന്‍ ശ്രമിക്കുക. നിങ്ങൾക്കും കുട്ടികൾക്കും ഒപ്പം കുടുംബത്തിനും മൊത്തമായും അത് ഗുണം ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ