വെറുതെയല്ല, ഈ വെറുതെയിരിപ്പ്

Positive Thinking
പ്രതീകാത്മക ചിത്രം
SHARE

ഞാനെന്റെ ഡയറിയിലെ ഓരോ താളും വെട്ടി. എല്ലാ പരിപാടികളും ക്യാൻസൽ. സാധാരണ ഫോണിലൊരാൾ വിളിച്ചാൽ ആദ്യമവർ ചോദിക്കും . ‘ങാ, സ്വാമി തിരക്കാ?’ 

അതവരുടെ മര്യാദ. ചിലരോട് അതെ എന്നു പറയുന്നത് അവരെയൊഴിവാക്കാനാണ്. മറ്റു ചിലരോട്, തിരക്കിലാണെങ്കിൽ ആ സത്യം തന്നെയങ്ങു പറയും. അല്ലാത്തവരോട് സമയമുണ്ടെങ്കിൽ സംസാരിക്കും .ചിലർ വിളിക്കുമ്പോൾ എത്ര തിരക്കാണെങ്കിലും എന്റെ ആവശ്യമാണെങ്കിൽ ഞാൻ അവരോടു സംസാരിച്ചിരിക്കും. പക്ഷേ ഇപ്പോൾ ഫോൺകോളുകൾ തന്നെ കുറഞ്ഞു. വന്നാലേതു കോളുമെടുക്കും. ഫോൺ വിളിക്കുന്നവർ ഇപ്പോൾ പറയും, സ്വാമി വെറുതെയിരിക്കുവല്ലേ എന്ന്. വാട്സാപ്പിൽ അനേകം മെസേജുകൾ വരുന്നുണ്ട്. എല്ലാം കൊറോണ... കൊറോണ..

ഞാൻ പോത്തൻകോട് ആശ്രമത്തിൽ എന്റെ മുറിയിൽത്തന്നെ ഇരിക്കുന്നു. മുടങ്ങിക്കിടന്ന ഒരു പുസ്തകം വീണ്ടുമെഴുതാൻ തുടങ്ങി. ആത്മകഥാംശപരമായ ഒരു നോവൽ. ജന്മനാടായ കരപ്പുറമെന്ന ചേർത്തലയുടെ ചരിത്രം കൂടിയാണ്. റഫറൻസ് പരതി ഇന്റർനെറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. 

കെ.വി. മോഹൻകുമാറിന്റെ ഉഷ്ണരാശി വായിച്ചു തീർത്തു. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം ഒരാവർത്തി കൂടി വായിച്ചു. പിന്നെ കെ.ആർ. ഗൗരിയുടെ ജീവചരിത്രവും. നേരത്തേ പത്രം വരുമ്പോൾ തലക്കെട്ടുകളും പ്രധാനവാർത്തകളുമൊക്കെ വായിച്ചിരുന്നു. ഇപ്പോൾ മിക്ക വാർത്തകളൂം ഒരു പോലെ വായിച്ചു പോകുന്നു. അപ്രസക്തമെന്നു കരുതി മാറ്റിവയ്ക്കുന്നതിൽ എന്തൊക്കെ അറിവാണ് കിട്ടുന്നത്. 

മറ്റുള്ളവർ ആഹാരം പാചകം ചെയ്തു തന്ന ശീലത്തിൽനിന്നു മാറി. മറന്നുപോയ പാചകം ഓർത്തെടുത്ത് ഞാൻ ഭക്ഷണം ഉണ്ടാക്കുന്നു, കഴിക്കുന്നു. എന്താ ഒരു സുഖം. സഹ സന്യാസിമാരുടെ കൂടെ സമയം ചെലവഴിക്കാൻ കഴിയുന്നു. ഈ ഒറ്റപ്പെടൽ ജീവിതത്തിലെന്നെങ്കിലും ഒറ്റപ്പെട്ടുപോയാൽ അതിനെ നേരിടാനുള്ള കരുത്താർജിക്കലാണ്.

സാഹചര്യങ്ങളാണ് നമ്മുടെ ആയുധം. സാഹചര്യങ്ങളില്ലെങ്കിൽ നമ്മളൊന്നുമല്ല. അത് ഭരണാധികാരിയായാലും സന്യാസിയായാലും രാജാവായാലും എഴുത്തുകാരനായാലും ഉദ്യോഗസ്ഥനായാലും സാധാരണ വ്യക്തിയായാലും. എന്നിലാ തിരിച്ചറിവുണ്ടാകുന്നു: ഞാനൊന്നുമല്ല. കൈവിട്ടുപോയാൽ ഒരു നിമിഷം കൊണ്ട് തീർന്നുപോകുന്നതാണെല്ലാം.

നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലുമൊക്കെ ഒരു തരം അനിശ്ചിതത്വം കടന്നുവരാറുണ്ടല്ലോ. ഒരു മടുപ്പ്. അവിടെനിന്നു പിന്നെ മുന്നോട്ടു പോകാൻ ഒരു മാറ്റമാവശ്യമാണ്. ഒരു ചെയ്ഞ്ച്. ഇക്കാലത്തെ ഞാനങ്ങനയേ കാണുന്നുള്ളു. എല്ലാവരും നമ്മളെ അനുസരിക്കുന്ന ലോകത്ത് ആരുടെയെങ്കിലുമൊക്കെ കീഴിൽ നിൽക്കാൻ ഇന്ന് ഞാൻ പഠിക്കുന്നു; ഗവൺമെന്റ്, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അങ്ങനെ.

എന്റെ ഡയറിത്താളൂകൾ ഇനിയും നിറയും, എന്റെ ഫോൺ ഇടതടവില്ലാത്തെ ശബ്ദിക്കും, എന്റെ പ്രസംഗങ്ങൾ നാടു കേൾക്കും, എന്റെ എഴുത്തുകൾ ഇനിയും ആളുകൾ വായിക്കും. പക്ഷേ അതിന് ഞാൻ ഉണ്ടാകണമല്ലോ. അതിനായാണ് ഇപ്പോൾ ഞാൻ വെറുതെയിരിക്കുന്നത്. നിങ്ങളുടെയും സ്ഥിതി വ്യത്യസ്തമാകാതിരിക്കട്ടെ.

ലേഖകൻ 

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, 

ജനറൽ സെക്രട്ടറി, 

ശാന്തിഗിരി ആശ്രമം

English Summary : Positive thoughts by Swami Gururethnam Jnana Thapaswi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.