കണ്ടു (കേട്ടു) പഠിക്കാൻ ഒരു ജീവിതം !

rajesh
രാജേഷ്‌
SHARE

തിരുവനന്തപുരത്തെ ഐഎംജിയിൽ (ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ്‌) വച്ചാണു ഞാൻ രാജേഷിനെ കാണുന്നത്‌. തിരുവനന്തപുരത്തിനടുത്തു തച്ചോട്ടുകാവിൽ, വളരെ പാവപ്പെട്ടൊരു കുടുംബത്തിലാണു രാജേഷിന്റെ ജനനം.

അച്ഛനും അമ്മയും കൂലിപ്പണിക്കു പോകുന്നവരായിരുന്നു. മൂന്നാം വയസ്സിൽ കടുത്ത പനി ബാധിച്ച രാജേഷിന്‌ അതിനു പിറകെ കേൾവി കുറഞ്ഞുതുടങ്ങി. രാജേഷിനെ ബാധിച്ചതു മെനിഞ്ജൈറ്റിസ്‌ ആയിരുന്നെന്നു മനസ്സിലാക്കിയതു വർഷങ്ങൾ കഴിഞ്ഞാണ്‌. അപ്പോഴേക്കു കേൾവി പൂർണമായി നഷ്ടപ്പെട്ടിരുന്നു.

വീടിനടുത്തുള്ള സെന്റ്‌ ഫ്രാൻസിസ്‌ സ്കൂളിലായിരുന്നു ഏഴാം ക്ലാസ്‌ വരെ പഠനം. അതു കഴിഞ്ഞ്‌ പേയാട്‌ സെന്റ്‌ സേവ്യേഴ്സ്‌ സ്കൂളിൽ പത്താം ക്ലാസ്‌ വരെ. സ്വകാര്യമായാണു പിന്നെ ഡിഗ്രി വരെ പഠിച്ചത്‌. ഹിസ്റ്ററിയിലായിരുന്നു ബിരുദം. യൂണിവേഴ്സിറ്റി കോളജിൽനിന്നു പൊളിറ്റിക്സിൽ പിജിയെടുത്തു.

ജോലിയൊന്നും ശരിയാവാതെ രാജേഷ്‌ വട്ടിയൂർക്കാവ്‌ സെൻട്രൽ പോളിടെക്നിക്കിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ നേടി. ആ സമയത്തു കുറേ പിഎസ്‌സി ടെസ്റ്റുകൾ എഴുതിയെങ്കിലും ഒന്നിലും ക്വാളിഫൈ ചെയ്യാൻ ഭാഗ്യമുണ്ടായില്ല.

2002ൽ എംപ്ലോയ്‌മന്റ്‌ റിക്രൂട്‌മെന്റ്‌ വഴി കാട്ടാക്കട പഞ്ചായത്ത്‌ ക്ലാർക്കായി ജോലി കിട്ടി. വൈകാതെ ജൂനിയർ എംപ്ലോയ്‌മെന്റ്‌ ഓഫിസർ പിഎസ്‌സി ടെസ്റ്റ്‌ പാസായി. ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫിസർ പദവി വരെ ഉയർന്നു.

ആനിയെ വിവാഹം കഴിച്ച ശേഷം പരീക്ഷകൾക്കു തയാറെടുക്കാനും രാജേഷിന്‌ ഒരു കൂട്ടുകാരിയെ കിട്ടുകയായിരുന്നു. കെഎഎസ്‌ എന്ന ലക്ഷ്യത്തിലേക്കു രാജേഷ്‌ നടന്നുകയറിയത്‌ അങ്ങനെ അക്ഷീണമായ പ്രയത്നത്തിലൂടെയാണ്‌.

ചെറുപ്പത്തിൽ കേൾവി നഷ്ടപ്പെട്ടതോടെ, രാജേഷിനെ ഏറ്റവും കൂടുതൽ ബാധിച്ചത്‌ ഇംഗ്ലിഷിലെ മികച്ച പഠനസാഹചര്യമാണ്‌. കെഎഎസ്‌ മെയിൻസിലെ മൂന്നു പേപ്പറും മലയാളത്തിലാണു രാജേഷ്‌ എഴുതിയത്‌. ഇക്കാര്യത്തിൽ ഏറ്റവും വലിയ പ്രചോദനമായത്‌, കാഴ്ചക്കുറവുണ്ടായിട്ടും സിവിൽ സർവീസ്‌ നേടിയ ലിപിൻ രാജ്‌ ആണെന്നു രാജേഷ്‌ പറഞ്ഞിട്ടുണ്ട്‌.

രാജേഷ്‌ ഉൾപ്പെടെയുള്ള മൂന്നു സഹോദരന്മാരിൽ മൂത്തയാൾക്കും മൂന്നാമതുള്ള രാജേഷിനുമാണു നന്നായി പഠിക്കാൻ അവസരമുണ്ടായത്‌. ഇടയ്ക്കുള്ളയാൾ ടെയ്‌ലറിങ് ജോലി ചെയ്തും പുസ്തകം വിറ്റുമൊക്കെ സഹോദരന്മാരെ സഹായിച്ചു. മൂത്തയാൾ ഇപ്പോൾ യൂണിവേഴ്സിറ്റി കോളജിൽ അസിസ്റ്റന്റ്‌ പ്രഫസറാണ്‌. രണ്ടാമത്തെ സഹോദരൻ കെഎസ്‌ഇബിയിൽ ജോലി ചെയ്യുന്നു. രാജേഷിന്റെ ഭാര്യ ഐസിഡിഎസ്‌ സൂപ്പർവൈസറാണ്‌. രണ്ടു മക്കൾ. ഇപ്പോൾ വിഴിഞ്ഞത്തിനടുത്തു ചൊവ്വരയിൽ താമസിക്കുന്നു. കുറവുകളൊന്നുമില്ലാതെപോലും പരീക്ഷകൾക്കു മുൻപിൽ പതറുന്നവർ കേൾക്കുക മാത്രമല്ല, മന:പാഠമാക്കുകയും വേണം, കേൾവി ഇല്ലാതെയും കെഎഎസ്‌ വരെ ഉയർന്ന രാജേഷിന്റെ ഈ വിജയജീവിതകഥ.

English Summary: incredible success story of Rajesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIJAYATHEERANGAL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS