മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയാറുണ്ട്. അതുപോലെ ഒരു ഉദ്യോഗാർഥിയുടെ എല്ലാമെല്ലാമാണ് തന്റെ സിവി (Curriculum Vitae). കവിത ‘ഉള്ളീന്നു’ വരണമെന്നാണു പറയാറ്. സിവിയിലെ വരികളും ഉള്ളീന്നു വന്നില്ലെങ്കിൽ ‘പോയി’ എന്നാണ് ഇതുവരെ നമ്മൾ കേട്ടത്.
പണ്ടുകാലത്തെ ‘ബയോഡേറ്റ’ സിവിക്കു വഴിമാറിയതും ഈ ‘ഉള്ളീന്നു വരവ്’ മാൻഡേറ്ററി ആയതോടെയാണ്! വ്യക്തിവിവരങ്ങൾ ലിസ്റ്റ് ആക്കിയെഴുതുന്നതായിരുന്നു ബയോഡേറ്റ. എന്നാൽ, ഇപ്പോൾ സിവിയിൽ സ്കില്ലുകൾക്കും അനുഭവപരിചയത്തിനുമാണു പ്രാമുഖ്യം. ഒരാൾക്കു ജോലി കിട്ടുന്നതിൽ സിവിയുടെ പങ്ക് വളരെ വലുതായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കഥയും കവിതയും മുതൽ കംപ്യൂട്ടർ കോഡ് വരെ എഴുതുന്ന കാലത്ത് നമ്മളിതുവരെ കണ്ട സിവിയെഴുത്തിന്റെ ഭാവിയെന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ?
ആള് ജെനുവിനാ!
യുട്യൂബിലൊന്നു തിരഞ്ഞാൽ എഐ ഉപയോഗിച്ചു സിവിയെഴുതാനുള്ള പതിനായിരക്കണക്കിനു വിഡിയോകൾ കാണാം. ടെക് കമ്പനികളുടെ റിക്രൂട്മെന്റിൽ ഇന്നെത്തുന്ന സിവികളിൽ വലിയൊരു പങ്കിലും ഏതെങ്കിലുമൊരു എഐ ടൂളിന്റെ സ്വാധീനം കാണാൻ സാധിച്ചേക്കാം. പലപ്പോഴും മികച്ചതെന്നു കരുതി ഷോർട് ലിസ്റ്റ് ചെയ്യുന്ന സിവികളിലെ ഉടമകളുടെ യഥാർഥ അവസ്ഥ പരിതാപകരമായിരിക്കും. അതേസമയം, ആത്മാർഥമായി സിവി എഴുതിയവർ പലപ്പോഴും പിന്തള്ളപ്പെട്ടും പോകാം.
ചുരുക്കത്തിൽ സിവി കണ്ടിട്ട് ഒരാൾ ‘ജെനുവിൻ’ ആണോയെന്നു പറയാൻ പറ്റാതായിരിക്കുന്നു. എഐ കാലത്തിനു മുൻപ് കൂലിക്കു സിവി എഴുതിക്കൊടുക്കുന്നവരുടെ റിസ്ക് ഉണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ഇത്ര വലുതായിരുന്നില്ല.
സിവിയിൽ എഐ ഉപയോഗിക്കുന്നത് അപരാധമാണോയെന്ന കാര്യത്തിൽ എച്ച്ആർ റിക്രൂട്ടർമാരുടെ ഇടയിൽ രണ്ടഭിപ്രായമുണ്ട്. എഐ വഴി സിവി തയാറാക്കിയാലും ആളുടെ കഴിവ് വിലയിരുത്തിയ ശേഷമല്ലേ ഹയറിങ് നടക്കൂ എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. എന്നാൽ, ഹയറിങ് പ്രോസസിന്റെ ആദ്യ ഘട്ടം താളംതെറ്റിക്കാൻ ഈ ‘മാനിപ്പുലേഷൻ’ മതിയാകുമെന്നാണു മറുഭാഗം ചൂണ്ടിക്കാട്ടുന്നത്.
കീവേഡ് ഒപ്റ്റിമൈസേഷൻ
സാധാരണ ഒരു വ്യക്തി കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനേക്കാൾ പ്രഫഷനലായി ചാറ്റ് ജിപിടി പോലെയുള്ള ടൂളുകൾ ഉപയോഗിച്ചു സിവി തയാറാക്കാം. സമയലാഭം, പ്രഫഷനൽ ലുക്ക് എന്നിവയ്ക്കു പുറമേ ‘കീവേഡ് ഒപ്റ്റിമൈസേഷൻ’ എന്ന സുപ്രധാന കർമംകൂടി ഇത്തരം സിവിയെഴുത്ത് നിർവഹിക്കും.
ഇപ്പോൾ വലിയ കമ്പനികളിലെ ഹയറിങ്ങിൽ എച്ച്ആർ ജീവനക്കാരല്ല പലപ്പോഴും സിവിയുടെ ആദ്യ ഷോർട്‌ലിസ്റ്റിങ് നടത്തുന്നത്. ഇതിനു പ്രത്യേക എഐ സോഫ്റ്റ്‍വെയറുകളുണ്ട്. ജോബ് ഡിസ്ക്രിപ്ഷനുമായി ഏറ്റവും യോജിക്കുന്ന കീവേഡുകൾ ഉള്ള സിവിയാണ് ഇത്തരം സോഫ്റ്റ്‍വെയറുകൾ റാങ്ക് ചെയ്യുക.
നിങ്ങൾ അപേക്ഷിക്കുന്ന ജോലിയുടെ ജോബ് ഡിസ്ക്രിപ്ഷൻ നൽകിയാൽ അതിലെ കീവേഡുകൾ കൃത്യമായി മനസ്സിലാക്കി അവയ്ക്ക് ഊന്നൽ നൽകിയുള്ള സിവി തയാറാക്കും. റിക്രൂട്ടർമാരുടെ ആപ്ലിക്കേഷൻ ട്രാക്കിങ് സോഫ്റ്റ്‍വെയറുകൾ ഇത്തരം കീവേഡുകളാണു പരതാറുള്ളത്. കൃത്യമായ കീവേഡ് ഉപയോഗത്തിലൂടെ ആദ്യ കടമ്പ കടക്കാനായേക്കും.
വൈറ്റ് ഫോണ്ടിങ്
കീവേഡ് പ്രശ്നം മറികടക്കാനായി സിവിയിൽ തട്ടിപ്പു നടത്തുന്നവരുമുണ്ട്. ഉദാഹരണത്തിന്, ജോബ് ഡിസ്ക്രിപ്ഷനിൽ പറയുന്ന പല സ്കില്ലുകളും നിങ്ങൾക്കില്ലെന്നിരിക്കട്ടെ. അതുണ്ടെന്ന തരത്തിൽ സിവിയിൽ എഴുതാനും കഴിയില്ല. സിവി ആപ്ലിക്കേഷൻ ട്രാക്കിങ് സോഫ്റ്റ്‍വെയറിന്റെ പരിശോധനയിൽ പാസാകുകയും വേണം. ഇതിനുള്ള കുറുക്കുവഴിയാണു ‘വൈറ്റ് ഫോണ്ടിങ്’.
ജോബ് ഡിസ്ക്രിപ്ഷൻ അതേപടിയോ അതിലെ കീവേഡുകളോ സിവിയുടെ ഏതെങ്കിലുമൊരു മൂലയിൽ കോപ്പി–പേസ്റ്റ് ചെയ്യുകയാണ് ആദ്യപടി. ഇതിന്റെ ഫോണ്ട് സൈസ് തീർത്തും കുറച്ച് വെള്ള നിറമുള്ള ഫോണ്ടും നൽകും. പിഡിഎഫ് രൂപത്തിലുള്ള സിവിയിൽ ഈ ഭാഗം കാണാനേ ആകില്ല. എന്നാൽ, ആപ്ലിക്കേഷൻ ട്രാക്കിങ് സോഫ്റ്റ്‍വെയറുകൾ പരിശോധിക്കുമ്പോൾ ഇവ സിവിയുടെ ഉള്ളടക്കത്തിലുള്ളതാണെന്നു കരുതി ഷോർട്‌ലിസ്റ്റ് ചെയ്യും. സോഫ്റ്റ്‍വെയറിനെ പറ്റിച്ച് ആദ്യ കടമ്പ കടക്കാനുള്ള തട്ടിപ്പാണിത്.
എഐയ്ക്ക് ബദൽ എഐ?
കഷ്ടപ്പെട്ടുണ്ടാക്കി അയയ്ക്കുന്ന സിവിയുടെ ആദ്യ പരിശോധന നടത്തുന്നത് എഐ സോഫ്റ്റ്‍വെയറാണെങ്കിൽ പിന്നെ അപേക്ഷയിൽ എഐ എന്തുകൊണ്ട് ഉപയോഗിച്ചുകൂടായെന്നാണു പലരുടെയും ചോദ്യം. ‘റെസ്യൂമെ ബിൽഡർ ഡോട് കോം’ നടത്തിയ സർവേയുടെ ഫലങ്ങൾ ഇവിടെ പ്രസക്തമാണ്. ആയിരം പേർക്കിടയിൽ നടത്തിയ സർവേയിൽ 46% പേരും സിവി തയാറാക്കാൻ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തി. അതിൽത്തന്നെ 70% പേർക്ക് റിക്രൂട്ടർമാരിൽനിന്നു മികച്ച പ്രതികരണം ലഭിച്ചു. 59% പേർ ഹയർ ചെയ്യപ്പെട്ടു. സിവി തയാറാക്കിയത് ചാറ്റ് ജിപിടിയാണെന്നു കണ്ടെത്തിയതോടെ പിന്തള്ളപ്പെട്ടവർ 11% മാത്രമാണ്.
എഴുത്തിനു പ്രാധാന്യമില്ലാത്ത സാങ്കേതിക റോളുകളിൽ സിവി തയാറാക്കലിന് പ്രസക്തിയില്ലെന്നു പറയുന്നുവരുണ്ട്. അത്തരക്കാർ സ്വന്തം നിലയിൽ സിവി എഴുതി സമയം കളയരുതെന്നും ഉപദേശിക്കുന്നവരുണ്ട്.
അപേക്ഷകരിൽ ഏറിയ പങ്കും എഐ ടൂളുകൾ ഉപയോഗിക്കുന്ന കാലമാണു വരാനിരിക്കുന്നത്. അങ്ങനെ വന്നാൽ ഭാവിയിൽ സിവി നൽകുകയെന്ന രീതിതന്നെ ഇല്ലാതാകാനും ഇടയുണ്ട്. പിയർ റിവ്യുവിങ് ഉള്ള ലിങ്ക്ഡ്ഇൻ പോലത്തെ പ്ലാറ്റ്ഫോമുകളിലെ പ്രൊഫൈലുകളായിരിക്കും ഇനി റിക്രൂട്ടർമാർ കാര്യമായി ആശ്രയിക്കുക.