ഉയരമേറുമ്പോൾ മധുരമേറുന്നതാണ് ഈ നേട്ടം!

HIGHLIGHTS
  • പെയിന്റിങ്ങിനിടെ വീണു പരുക്കേറ്റതോടെയാണ് സുരക്ഷിതവും സ്ഥിരതയുമുള്ള വരുമാനം ഉറപ്പാക്കുന്ന ജോലിയെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്.
abin
അബിൻ ഗോപി
SHARE

തെങ്ങുകയറ്റ തൊഴിലാളിയുടെ മകൻ സർക്കാർ ജോലിക്കു പഠിക്കുന്നതുകണ്ട് പുച്ഛത്തോടെ ചിലർ പറഞ്ഞു: ‘മകനേ, നീയും അച്ഛനെപ്പോലെ ‘ഉയരത്തിൽ’ എത്തണം’. പക്ഷേ, കുത്തുവാക്കുകളുടെ മുൾമുനകൾ ആ മകനെ തളർത്തിയില്ല. വാശിക്കു പഠിച്ച് സർക്കാർ ജോലി നേടിയെടുത്തു. ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ 28–ാം റാങ്ക് നേടിയ അബിൻ ഗോപി ഇന്നു കോഴിക്കോട് കലക്ടറേറ്റിൽ റവന്യു ഡിപ്പാർട്മെന്റിൽ ജോലിചെയ്യുന്നു.

പെയിന്റിങ് ജോലിയും ഫുഡ് ഡെലിവറിയും

ബിരുദപഠനത്തിനു ചേർന്നെങ്കിലും 2012ൽ അച്ഛന്റെ മരണത്തോടെ അബിനു പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. അമ്മയും അനിയനും മാത്രമുള്ള കുടുംബത്തിന്റെ ഏക അത്താണിയായ അബിൻ പെയിന്റിങ് ഉൾപ്പെടെ പല ജോലികളും ചെയ്തു വരുമാനം കണ്ടെത്തി. പെയിന്റിങ്ങിനിടെ വീണു പരുക്കേറ്റതോടെ സുരക്ഷിതവും സ്ഥിരതയുമുള്ള വരുമാനം ഉറപ്പാക്കുന്ന ജോലിയെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്.

നൈറ്റ് ബാച്ചിൽ പിഎസ്‌സി പരിശീലനത്തിനു ചേർന്നത്. ഈ പഠനംകൊണ്ടു മാത്രം പരീക്ഷ പാസാകാൻ കഴിയില്ലെന്നു തോന്നിയപ്പോൾ ഉച്ചവരെ പഠനം നീട്ടി. ഉച്ചകഴിഞ്ഞ് സ്വിഗ്ഗി ഡെലിവറി ബോയ് ആയി ജോലി ചെയ്തു. പഠനസഹായികൾ വാങ്ങാനും പരിശീലനത്തിനു പോകാനുമുള്ള പണമുണ്ടാക്കുക മാത്രമല്ല, കുടുംബച്ചെലവുകളും ഇങ്ങനെ അബിൻ നടത്തിപ്പോന്നു.

ചെറിയ വരുമാനത്തിലോ ചെറിയ നേട്ടങ്ങളിലോ തൃപ്തിപ്പെടരുത്. പ്രയാസമേറിയ വിഷയങ്ങൾ ആദ്യമേ പഠിച്ച് കീഴ്പ്പെടുത്തുക. അത് ആത്മവിശ്വാസം വർധിപ്പിക്കും. പരിഹസിച്ചവർക്കും സഹതപിച്ചവർക്കും മുന്നിൽ വിജയിച്ചു കാണിച്ചു മറുപടി കൊടുക്കുക

പാഴ്സൽ കടലാസിലെഴുതി, ബൈക്കിലിരുന്ന് പഠനം

ഭക്ഷണവിതരണത്തിന്റെ ഇടവേളകളിൽ ബൈക്കിലിരുന്നു നോട്ടുകൾ വായിച്ചുപഠിച്ചു. ഹോട്ടലുകാർ പാഴ്സൽ പൊതിയാൻ ഉപയോഗിച്ച കടലാസുകളിൽ കണക്കു ചെയ്തു പഠിച്ചു. ഇംഗ്ലിഷും കണക്കും ബാലികേറാമലയായതുകൊണ്ട് ആ വിഷയങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി. തന്റെ ദയനീയാവസ്ഥ കണ്ടു സഹതാപം തോന്നിയ കൂട്ടുകാർ കടലാസും പേനയുമൊക്കെ തന്നു സഹായിച്ചിട്ടുണ്ടെന്ന് അബിൻ. കഷ്ടപ്പെട്ടു ജീവിച്ചു അക്കാലത്ത് പണവും സമയവും സ്വരൂപിച്ചുവച്ച് പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുത്തതുകൊണ്ടാണ് അബിന് ഇപ്പോൾ സർക്കാർ ജോലിക്കാരനാകാൻ കഴിഞ്ഞത്.

തെങ്ങുകയറ്റത്തൊഴിലാളിയുടെ മകന്റെ സർക്കാർ ഉദ്യോഗമോഹം അതിമോഹമെന്നു പുച്ഛിച്ചവർക്കു മുന്നിൽ, എൽജിഎസ് പരീക്ഷയ്ക്കു നേടിയ റാങ്ക് തിളക്കം ഫ്ലക്സ് വച്ച് ആഘോഷിച്ച ദിവസം അബിനു മറക്കാനാകില്ല. ജോലി കിട്ടിയെങ്കിലും പഠനം തുടരുന്ന അബിന്റെ സ്വപ്നങ്ങൾ ഇനിയും ഏറെ ‘ഉയരത്തിലാണ്’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vijaya Rahasyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA