കഥ പറയുന്ന വീടുകൾ

100-year-old-padippura
SHARE

വീടുകൾക്ക് ഹൃദയമുണ്ട്, അവിടെ താമസിക്കുന്നവരുടെ സന്താപ സന്തോഷങ്ങൾ ഏറ്റുവാങ്ങി കരുത്താർജ്ജിച്ച ഹൃദയം. കാത്തിരിപ്പുകളുടെ കഥ പറയുന്ന ഹൃദയം.എത്ര ദൂരെയാണെങ്കിലും ആ ഹൃദയമിടിപ്പുകൾ നമുക്ക് കേൾക്കാൻ കഴിയും. എന്നെപ്പോലെയുള്ള പ്രവാസികളുടെ പുലർകാല സ്വപ്നങ്ങളിൽ ആ വീടുകൾ കടന്നു വരും.

നമ്മുടെയൊക്കെ ജീവിതത്തിൽ കരുതലിന്റെ, സുരക്ഷിതത്വത്തിന്റെ, സ്നേഹത്തിന്റെ ഒക്കെ ഇടമായ കുറെ വീടുകൾ ഉണ്ടാവും. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ തണലും താങ്ങും നൽകി, ചേർത്തു പിടിച്ചാശ്വസിപ്പിച്ച തണുത്ത ഭിത്തികളുള്ള വീടുകൾ ! ഈ നന്മ വീടുകൾ നമ്മുടെയോർമ്മകളിൽ പൂത്തുവിടർന്ന് തണലേകി നിൽക്കും.

ഈയൊരു ലോക്ഡൗൺ കാലത്ത് എല്ലാവരേയും പോലെ പ്രിയപ്പെട്ടവരിൽ നിന്നൊക്കെ അകന്ന് വീടിന്റെ സുരക്ഷിതത്വത്തിൽ കഴിയുകയാണ് ഞങ്ങളും. അപ്പോഴാണ് എത്ര നാൾ ലോക് ഡൗണിൽ കഴിയേണ്ടി വന്നാലും മടുപ്പു തോന്നാൻ സാധ്യതയില്ലാത്ത ചില വീടുകളുടെ ഓർമ്മകൾ മനസ്സിലേക്ക് വന്നത്.

വീടിന് പുറത്തൊരു ലോകത്തേക്ക് പോകണമെന്ന് ചിന്തിക്കാതെ, സന്തോഷത്തിൽ നിറച്ച് മാസങ്ങൾ താമസിച്ചാലും മടുപ്പ് തോന്നില്ലെന്ന് ഉറപ്പുള്ള ചില വീടുകൾ. ഋതുഭേദങ്ങളിലൂടെ കുടുംബാംഗങ്ങളോടൊത്ത് പ്രായമാകുന്ന വീടുകൾ.

അതിലാദ്യം തന്നെ ഞാൻ ജനിച്ചു വളർന്ന എന്റെ പ്രിയ വീടാണ്. ഒരു ഗ്രാമത്തിന്റെ നന്മകൾ മുഴുവൻ അനുഭവിച്ച് , അപ്പന്റേയും അമ്മയുടേയും സഹോദരങ്ങളുടേയും സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ച് കഴിഞ്ഞ വീട്. ജീവിതം ലളിതവും സുന്ദരവുമായിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ആ വീട്.

ഒന്ന് കണ്ണടച്ചാൽ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ചീട്ടു കളിക്കുന്ന ഞങ്ങളെ കാണാം. അപ്പച്ചനും അമ്മച്ചിയും ഞങ്ങൾ നാലു മക്കളും. പതിവുപോലെ അപ്പച്ചൻ കള്ളക്കളിയിലൂടെ ജയിക്കുന്നു. ഞങ്ങൾ വഴക്കുണ്ടാക്കുന്നു. പിന്നെ അപ്പച്ചനെ തോൽപിക്കാൻ ഞങ്ങൾ കൂട്ടുപിടിച്ച് തന്ത്രങ്ങൾ മെനയുന്നു. അതിനിടയിൽ കൂടി അമ്മച്ചി കൊണ്ടുവന്നു വയ്ക്കുന്ന പരിപ്പുവടയും ചൂടു ചായയും. ഉയരുന്ന പൊട്ടിച്ചിരികൾ ! ഒരു ഫാമിലി കൊഡാക്ക് നിമിഷം.

ഇന്ന് അപ്പച്ചനില്ല. അമ്മച്ചി മൂത്ത സഹോദരനോടൊത്ത് കൊച്ചിയിൽ. അടഞ്ഞു കിടക്കുകയാണ് ഞങ്ങളുടെ വീട്, ആ വീടിന്റെ ഹൃദയം വീങ്ങുന്നുണ്ടാവും. എല്ലാവരും തിരിച്ചെത്താൻ കൊതിക്കുന്നുണ്ടാകും. വാർദ്ധക്യത്തിന്റെ ശൈത്വത്തിൽ വിറയ്ക്കുന്നുണ്ടാവും !

അതുപോലെ തന്നെ പ്രിയപ്പെട്ടതും, ആഘോഷത്തിമിർപ്പിന്റെ ഓളങ്ങൾ മനസ്സിൽ അലയടിപ്പിക്കുന്നതുമായ വീടാണ്. കുട്ടനാട്ടിൽ പുളിങ്കുന്നിലെ എന്റെ അമ്മ വീട്. വേനലവധിയ്ക്ക് സ്കൂളടച്ചാൽ ഞങ്ങൾ കസിൻസെല്ലാവരും കൂടി തകർത്താഘോഷിക്കുന്ന വീട്.

അമ്മച്ചിയും സഹോദരിമാരും മക്കളുമെല്ലാമായി ഞങ്ങൾ ഒരു വൻപട തന്നെയുണ്ടാവും. അമ്മായിയും മക്കളും, വല്യമ്മച്ചിയുമാണ് ആ വീട്ടിലെ സ്ഥിര താമസക്കാർ. വീടിനു മുമ്പിൽ ബോട്ട് പോകുന്ന വലിയ പുഴയാണ്. പമ്പയുടെ കൈവഴി. ഞങ്ങൾ കുട്ടികൾക്ക് സന്തോഷവും ആവേശവും പകരുന്ന കാഴ്ചകളാണ് ചുറ്റും. ചെറുതും വലുതുമായ വള്ളങ്ങൾ, ബോട്ടുകൾ, തൊടി നിറയെ പലയിനം മാവുകൾ, പാടങ്ങൾ, കൊയ്ത്തുകാർ. ഇതിനെല്ലാം പുറമേ പല പ്രായത്തിലുള്ള കസിൻസ്, പ്രായമനുസരിച്ച് ഗ്രൂപ്പ് തിരിഞ്ഞുള്ള കളികൾ. ഇത്രയും വലിയ ഒരു കുട്ടിപ്പട്ടാളത്തിന് ഭക്ഷണമൊരുക്കാൻ അമ്മായിയും ആന്റിമാരും എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും. ആ വീട് തീർച്ചയായും വേനലാവധിയാവാൻ കാത്തിരുന്നിട്ടുണ്ടാവും. വർഷങ്ങൾക്കു മുമ്പ് ആ വീട് വിറ്റു. ഇങ്ങിനെയൊരു ലോക്ഡൗൺ ചിലവഴിക്കാൻ ആഗ്രഹിക്കുന്ന വീടുകളുടെ ലിസ്റ്റിൽ ഒന്നാമതായി ഞങ്ങൾ കസിൻസ് എല്ലാവരും തിരഞ്ഞെടുക്കുന്നത് ആ തറവാട് വീടു തന്നെയായിരിക്കുമെന്ന് എനിക്കുറപ്പാണ്. ഞങ്ങളുടെയെല്ലാം മനസ്സിൽ ചില്ലിട്ട് സൂക്ഷിക്കുന്ന സന്തോഷ വീട് .

പിന്നെ മനസ്സിലേക്കുവരുന്നത് അയൽപകത്തെ വീടുകളാണ്. സ്വന്തം വീടു പോലെ തന്നെ സ്വീകരിച്ച്, സ്നേഹം വിളമ്പിയ കുറെ അമ്മമാരും, അമ്മൂമ്മാരുമുള്ള വീടുകൾ. ജാതിമത ഭേദങ്ങൾക്കുമപ്പുറം നന്മയും മനുഷ്യത്വവും നിറഞ്ഞു നിന്നിരുന്ന വീടുകൾ.

അതുപോലെ തന്നെയാണ് സുഹൃത്തുക്കളുടെ വീടുകൾ. ആ വീട്ടിലെ ഒരംഗത്തെപ്പോലെ കരുതിയ വീടുകൾ. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നപ്പോൾ സ്വന്തം വീട് പോലെ കരുതി സ്വീകരിച്ച വീടുകൾ.

ഈ വീടുകളെയൊക്കെ പുനഃസൃഷ്ടിക്കാനാണ് നമ്മളോരോരുത്തരും ശ്രമിക്കുന്നത്. പൊട്ടിച്ചിരികൾകൊണ്ട് നിറയ്ക്കാൻ, കരയുമ്പോൾ ചേർത്തു പിടിക്കാൻ, വിജയങ്ങളെ ആഘോഷിക്കുവാൻ, പരാജയങ്ങളിൽ സാന്ത്വനമേകാൻ വലിയ ഹൃദയമുള്ള ചെറിയ വീടുകൾ !

വീടിനുള്ളിലെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ വീടുകൾക്ക് കരുതലിന്റെ വേലി നമുക്ക് കെട്ടാം. എത്ര വലിയ വീട് വച്ചാലും, വില കൂടിയ ഫർണിച്ചറുകളും മറ്റ് ആഡംബര വസ്തുക്കളും കൊണ്ട് അലങ്കരിച്ചാലും വീടിന്റെ ഹൃദയം സന്തോഷിക്കണമെങ്കിൽ, സ്നേഹത്തിന്റെ ശുദ്ധ വായു കയറിയിറങ്ങണം. അങ്ങിനെയുള്ള വീടുകൾ പണിയാൻ നമുക്കാവട്ടെ.

MORE IN ORIKKAL ORIDATHU
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.