ഒരിടത്തൊരു

priest
SHARE

അമിതാബച്ചൻ

പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഒരു മലയോര ഗ്രാമം. സമയം വൈകിട്ട് ഏതാണ്ട് അഞ്ചുമണിയോടടുക്കുന്നു.  ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ മുൻ ഭാഗത്തുള്ള മൈതാനത്ത് ബാസ്കറ്റ് ബോൾ കളിക്കുന്ന ഒരുകൂട്ടം യുവാക്കൾ. അവരുടെയിടയിൽ ചുറുചുറുക്കോടെ കളിക്കുന്ന ആറടി മൂന്നിഞ്ച് ഉയരമുള്ള കോമളനായ ഒരു യുവാവ്. അതാണ് യുവജനങ്ങളുടെ പ്രിയങ്കരനായ അമിതാബച്ചൻ. ഇടവകയിലെ വൈദികനാണ് അദ്ദേഹം. അമിതാബച്ചൻ എന്നത് വിളിപ്പേരാണ്. ശരിക്കുള്ള പേര് ആരും ഓർക്കുന്നു പോലുമില്ല.

അച്ചൻ ഈയിടവകയിലെത്തിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. തികഞ്ഞ കായിക പ്രേമിയായ അച്ചൻ കാടും പടലും  പിടിച്ചു കിടന്ന പള്ളി മൈതാനമൊക്കെ വൃത്തിയാക്കി. ഒരു ബാസ്കറ്റ് ബോൾ കോർട്ട്,  വോളിബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട് ഒക്കെ സജ്ജമാക്കി.ജാതിമതഭേദമെന്യേ ഗ്രാമത്തിലെ ചെറുപ്പക്കാർ അവിടെ ഒത്തുകൂടി. കളിയിലൂടെ കിട്ടുന്ന വ്യായാമത്തിനുമപ്പുറം സൗഹൃദത്തിന്റേയും ഒത്തൊരുമയുടേയും കളിത്തട്ടായി മാറി ആ മൈതാനം. പലവിധമായ സമ്മർദ്ദങ്ങളും മാനസിക പിരിമുറുക്കങ്ങളും നേരിടുന്ന യൗവ്വനത്തെ ആത്മവിശ്വാസത്തിന്റെ വഴിയിലൂടെ നയിക്കാനും ഗ്രാമത്തിലെ തന്നെ തലമുതിർന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ അവർക്കുതകുന്ന കർമ്മ മണ്ഡലങ്ങളിലേക്ക് എത്തിക്കുവാനും അമിതാബച്ചൻ ഒരുപകരണമായി മാറി. താൻ ചെന്നെത്തുന്ന ഇടവകളിലെല്ലാം  തലയെടുപ്പോടെ വ്യക്തമായ ദിശാബോധത്തോടെ അച്ചൻ തന്റെ ദൈവവേല തുടരുന്നു.

ജോസച്ചൻ

ഒരു കുട്ടനാടൻ ഗ്രാമം. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പഴമയുടെ പ്രൗഢിയുള്ള പള്ളി. പള്ളിയുടെ ഉള്ളിൽ നിന്നും ഉയർന്നു കേൾക്കുന്ന സംഗീതം പതിന്നാലിനും ഇരുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന കുറച്ച് ആൺകുട്ടികളും പെൺകുട്ടികളും പാട്ട് പരിശീലിക്കുന്നു. അവരുടെയൊപ്പം കീബോർഡ്  വായിച്ചു കൊണ്ട് ജോസച്ചൻ. ഒരാഴ്ചക്കുള്ളിൽ പള്ളിയിൽ പെരുന്നാളാണ്. പെരുന്നാളിന്റെ രണ്ടാം ദിവസം കുട്ടികളുടെ കലാപരിപാടിയുണ്ട്. അതിനുള്ള പരിശീലനമാണ് നടക്കുന്നത്. ജോസച്ചൻ എത്തിയതിൽ പിന്നെ ഇടവക സംഗീത സാന്ദ്രമാണ്.

സംഗീതത്തിന് ജാതിയും മതവുമൊന്നുമില്ല എന്ന് വിശ്വസിക്കുന്ന ജോസച്ചന്റെ ഗാനമേള ട്രൂപ്പിൽ നാട്ടിലെ പാടാൻ കഴിവുള്ള എല്ലാവരും പെടും. കാലത്തിന്റെ  വേഗതയ്ക്കൊത്ത് സഞ്ചരിക്കുന്ന ജോസച്ചന്റെ നേതൃത്വത്തിൽ സംഗീത ആൽബങ്ങളും ഷോർട്ട് ഫിലിമുകളുമൊക്കെയൊരുക്കുന്നു. ഇവിടത്തെ യുവതലമുറ. അതുവഴി അവർക്ക് വലിയ വാതായനങ്ങൾ തുറന്നു കിട്ടുന്നു.

അതുപോലെ തന്നെ പ്രായമായ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും മകനേപ്പോലെയാണ് ജോസച്ചൻ. അവരുടെ മനസ്സറിഞ്ഞ് വിഷയങ്ങളിൽ ആശ്വസിപ്പിക്കാനും, കൂടെ നിൽക്കാനുമൊക്കെ അച്ചൻ സമയം കണ്ടെത്തുന്നു.

ദുർവ്വാസാവച്ചൻ

മദ്ധ്യതിരുവിതാംകൂറിലെ സമ്പന്നരും ഇടത്തരക്കാരും സാധാരണക്കാരുമൊക്കെയേറെയുള്ള ഒരു വലിയ ഇടവക. മധ്യ വയസ്കനായ തോമസച്ചനാണ് സാരഥി. ദുർവ്വാസാവച്ചൻ എന്നാണ് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത്. മൂക്കിൻ തുമ്പത്താണ് ദേഷ്യം. കർക്കശമാണ് ഭരണശൈലി. സാധാരണക്കാരനാണോ പ്രമാണിയാണോ എന്നൊന്നും നോക്കാതെ മുഖമടച്ചാണ് ഇടപെടൽ. ഇത്രയും വലിയ ഒരു ഇടവകയിലെ കുഞ്ഞാടുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അച്ചന് വ്യക്തമായറിയാം.

സമൂഹത്തിലെ സമ്പന്നരെക്കൊണ്ട് നാടിനും നാട്ടാർക്കും പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യിക്കുന്നതിൽ അച്ചനുള്ള  കഴിവ് വേറെ തന്നെയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ, വിവാഹാവശ്യച്ചിലവുകൾ ഇതിനൊക്കെ അച്ചൻ പണം കണ്ടെത്തുന്നത് തന്റെ ഇടയവകയിലെ പണക്കാരിൽ  നിന്നുതന്നെയായിരുന്നു. നാട്ടിലെ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും ഈ ധനസഹായം ലഭ്യമാക്കാൻ അച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തികഞ്ഞ ഒരു സോഷ്യലിസ്റ്റ് ! ഗ്രാമത്തിന്റെ നല്ലയിടയൻ ; ഇടയാതെ നോക്കണമെന്നും മാത്രം.

ചക്കര

കേരളത്തിലെ പ്രശസ്തമായ ഒരു  കലാലയത്തിന്റെ ആൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ. സമയം രാത്രി ഏതാണ്ട് പന്ത്രണ്ട് മണിയോടടുക്കുന്നു. വാർഡനച്ചന്റെ കണ്ണുവെട്ടിച്ച് സിനിമയ്ക്കു പോയി. തിരിച്ചെത്തി. ഹോസ്റ്റലിന്റെ പുറകുവശത്തെ മതിൽ ചാടിക്കടക്കുകയാണ് റൂം നമ്പർ 112ലെ നാലു യുവകോമളന്മാർ. പതുങ്ങി പതുങ്ങി മുറിക്കകത്തു കയറി വാതിലടയ്ക്കുന്നു. ഹാവൂ ചക്കര കാണാതെ രക്ഷപ്പെട്ടു. ചക്കര എന്നിവർ ഓമനപ്പേരിൽ വിളിക്കുന്നത് വാർഡനച്ചനെയാണ്.

പിറ്റേന്ന് രാവിലെ പുട്ടും കടലയും മൂക്കുമുട്ടെയടിക്കുന്നതിനിടയിൽ മെസ് ഹോളിലേക്ക് ചക്കര രംഗപ്രവേശം ചെയ്യുന്നു. മക്കളെ, ഒരു പ്രത്യേക അറിയിപ്പുണ്ട്. നിങ്ങൾ ഹോസ്റ്റലിന്റെ പരിസരത്തു കൂടി രാത്രി കാലങ്ങളിൽ നടക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ. പ്രത്യേകിച്ച് ഹോസ്റ്റലിന്റെ പിൻഭാഗത്തുള്ള മതിലിനോട് ചേർന്നുള്ള ഭാഗത്ത് ഇഴജന്തുക്കളെ കണ്ടതായി കുശിനിക്കാരൻ പറഞ്ഞു. നൂറ്റിപന്ത്രണ്ടിലെ എന്റെ പുന്നാര കുഞ്ഞനിയന്മാർ കേട്ടല്ലോ അല്ലേ. കൗമാരത്തിന്റെ രക്തത്തിളപ്പും , ഹൃദയമിടിപ്പിന്റെ വേഗതയും മനസ്സിലാക്കുന്ന ചക്കരയ്ക്കറിയാം പക്വതയില്ലാത്ത ഈ വാനരന്മാരെ നേർവ്വഴിക്ക് നടത്തുന്നത് അവരുടെ തോളിൽ കൈയ്യിട്ടുകൊണ്ടു തന്നെയാവണമെന്ന്.

നാനാത്വത്തിൻ ഏകത്വം എന്നത് മുഖമുദ്രയായ നമ്മുടെ രാജ്യത്തിന്റെ പരിച്ഛേദമായ ഗ്രാമങ്ങളിൽ മതേതരമായ ഇടപെടലുകളിലൂടെ ജനങ്ങളെ ചേർത്തുനിർത്തുന്ന ഈ സാമൂഹ്യ പരിഷ്ക്കർത്താക്കൾ തന്നെയാവണം വാർത്തകളിൽ ഇടം പിടിക്കേണ്ടവർ.

MORE IN ORIKKAL ORIDATHU
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.