sections
MORE

ശർക്കരയിൽ വിളയിച്ച ഓർമ്മകൾ

Payasam Recipe
SHARE

ഒരു പാത്രത്തിൽ മൂന്നുണ്ട ശർക്കരയിട്ട് കുറച്ചു വെള്ളവുമൊഴിച്ച് ഞാൻ അടുപ്പിലേക്ക് വച്ചു. പിന്നെ കുറച്ചരി, ചെറുപയർ പരിപ്പ്, ശർക്കര, തേങ്ങാപ്പാൽ, ജീരകപ്പൊടി, നെയ്യ്, കശുവണ്ടി, ഉണക്ക മുന്തിരിങ്ങ എന്നീ സാധനങ്ങൾ അടുപ്പിച്ചു വച്ചു. എന്റെ മനസ്സിന്റെ വിഷമങ്ങൾ അകറ്റാൻ കെല്പുണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന ഔഷധക്കൂട്ടിന്റെ ചേരുവകളാണിവ. ഇങ്ങുദൂരെ അമേരിക്കയിലിരുന്ന് പ്രിയപ്പെട്ടവരെ എന്റടുത്തെത്തിക്കുന്ന ദിവ്യഔഷധം. വേറാരുടേയും സാന്നിധ്യമില്ലാതെ ഒറ്റയ്ക്കു വേണം ഇതുണ്ടാക്കാൻ,  കഴിക്കുന്നതുപോലെ തന്നെ ആനന്ദകരമാണ് വെച്ചുണ്ടാക്കുന്ന പ്രക്രിയയും.

ഉരുകിത്തുടങ്ങിയ ശർക്കരയുടെ മണം വീടു മുഴുവൻ വ്യാപിക്കുന്നു. ആ മണം മെല്ലെ എന്റെ ആത്മാവിലേക്കെത്തുന്നു. പെട്ടെന്ന് സമയയന്ത്രത്തിൽ ഞാൻ എന്റെയമ്മച്ചിയുടെ അടുക്കളയിലേക്ക് എത്തിച്ചേർന്നു. അവിടെ അരിപ്പെട്ടിയുടെ പുറത്താണ് എന്റെ സ്ഥിര ഇരിപ്പിടം. ഒരു പാത്രത്തിൽ ശർക്കര ഉരുക്കി മാറ്റിവച്ചിട്ട് അമ്മച്ചി തേങ്ങാ ചിരണ്ടി തുടങ്ങുന്നു. പിന്നെ അത് മിക്സിയിലടിച്ച് ഒന്നാം പാലും, രണ്ടാം പാലും, മൂന്നാം പാലുമൊക്കെ  വേർതിരിച്ചു വയ്ക്കുന്നു.

ചെറുപയർ പരിപ്പും അരിയും  വേവുമ്പോഴേയ്ക്കും തേങ്ങാപ്പാലും ശർക്കരപ്പാനിയും തയ്യാർ. പിന്നെ ഒരു  ഓട്ടുതളികയിൽ നെയ്യൊഴിച്ച് വെന്ത അരിയും പരിപ്പും ചേർത്ത് വഴറ്റി, അതിലേക്ക് ശർക്കരപ്പാനിയും ചേർത്ത് ഇളക്കിത്തുടങ്ങുന്നു. പിന്നെ പൊടിച്ച ജീരകം ആ കൂട്ടിലേയ്ക്കു ചേർക്കും.

മൂന്ന്, രണ്ട്, ഒന്ന് എന്ന ക്രമത്തിൽ തേങ്ങാപ്പാലും ഉരുളിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു. ഉരുളി തീയിൽ നിന്ന് മാറ്റി നെയ്യിൽ വറുത്ത് വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും കൂടെ ചേർത്ത് ഒരിളക്കു കൂടി. അതോടെ രൂപത്തിലും രുചിയിലും ഉത്തമനായ ശർക്കരപ്പായസം തയ്യാർ !  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധക്കൂട്ട് ! 

അമ്മച്ചി രണ്ടു മണിക്കൂർ കൊണ്ടുണ്ടാക്കുന്ന പായസം വാങ്ങാൻ കിട്ടുന്ന തേങ്ങാപ്പാലിന്റേയും നേരത്തെ തന്നെ ഉരുക്കി വച്ചിരിക്കുന്ന ശർക്കരയുടേയും ഒക്കെ സഹായത്തിൽ ഏതാണ്ട് അരമണിക്കൂർ കൊണ്ട് ഞാനുണ്ടാക്കും. പറ്റുമെങ്കിൽ എങ്ങിനെയെങ്കിലും വലിച്ചു നീട്ടി ഞാനത് ഒരു മണിക്കൂറാക്കും. കാരണം എന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്ന നിമിഷങ്ങളാണവ. എന്റെയടുക്കളയിൽ തീരുന്നതിനു മുമ്പ് തന്നെ ഞാൻ വാങ്ങിച്ചു വയ്ക്കുന്ന ഒന്നാണ് ശർക്കര.

ശർക്കര ചിരണ്ടിയതും ഉണ്ട ശർക്കരയും പനം ശർക്കരയും എന്നു വേണ്ട ഇവിടെ ഇൻഡ്യൻ കടകളിൽ ലഭ്യമാവുന്ന എല്ലാ രൂപത്തിലുമുള്ള ശർക്കരകൾ ഞാൻ വാങ്ങി വയ്ക്കും. ശർക്കര തീരാറാവുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമാകും. എന്റെ ബാല്യത്തിന്റെ സ്മരണികയായി. എന്റെ അക്ഷയ പാത്രത്തിലിട്ട് ശർക്കരകളെ  ഞാൻ സൂക്ഷിച്ചു വയ്ക്കുന്നു.

ഓരോ ശർക്കരപ്പായസവും എന്നെ നാടുമായും എന്റെ പ്രിയപ്പെട്ടവരുമായും ബന്ധിപ്പിക്കുന്നു. ഞാൻ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന എന്റെ പ്രിയപ്പെട്ട അമ്മമാരുടെ സഹോദരിമാരുടെ, കൂട്ടുകാരികളുടെ ഒക്കെ സ്നേഹം ആ ശർക്കര മധുരത്തിലൂടെ എന്നിലേക്കെത്തുന്നു. ശർക്കരപ്പായസത്തിൽ ചേരുന്ന മധുരത്തിന്റേയോ കൊഴുപ്പിന്റേയോ അളവ് ഞാൻ നോക്കാറില്ല. കാരണം ഇത് എന്റെ ആത്മാവിനുള്ള ഭക്ഷണമാണ്. ശരീരത്തിൽ പിടിക്കില്ല.

നമ്മുക്കെല്ലാവർക്കും ഇതുപോലെ ഗൃഹാതുരത്വമുണർത്തുന്ന പല രുചിക്കൂട്ടുകളും ഉണ്ടാവും. അത് നാവിലുണർത്തുന്ന രുചികളോടൊപ്പം തന്നെ അവയെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ നമ്മളെ ആശ്ലേഷിക്കും. പ്രവാസ മനസ്സുകളെ അവ ശക്തിപ്പെടുത്തും. ഈ രുചിക്കൂട്ടുകളിലൂടെ നമ്മൾ എത്തിച്ചേരുന്ന ഇടങ്ങളിലെല്ലാം നാടിനേയും കൂടെ കൂട്ടും. വരുംതലമുറക്കു വേണ്ടി ഇതിന്റെ രഹസ്യക്കൂട്ടുകൾ നമ്മൾ കുറിച്ചുവക്കും.

ഇന്നത്തെ എന്റെ പായസം ഈദിന്റെ ഓർമ്മകളുടെ ആഘോഷത്തിന്റെ ഭാഗമായാണ്. എല്ലാ മതങ്ങളേയും ബഹുമാനിക്കണമെന്നും മനുഷ്യസ്നേഹമാണ് ഏറ്റവും ശ്രേഷ്ഠമായ വിശ്വാസം എന്നും പഠിപ്പിച്ച മാതാപിതാക്കളുടെ മകളാണ് ഞാൻ. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് ഈ പെരുന്നാൾ മധുരം വഴി ഞാൻ എന്റെ മകൾക്ക് പകർന്ന് കൊടുക്കുന്നത്.

MORE IN ORIKKAL ORIDATHU
SHOW MORE
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA